പ്രശ്നം കവിതയുടേതല്ല, കണ്ണടയുടേതാണ്
"കൃഷ്ണാ, നീയെന്നെ അറിയില്ല' എന്ന് ഒരാൾ എഴുതിയാൽ ഭക്തരെ അറിയാത്തയാളാണു കൃഷ്ണൻ എന്നു കവി ആരോപിച്ചു എന്നു പറയരുത്. കവിത ആവശ്യപ്പെടുന്നതു മറ്റൊരു പാരായണ രീതിയാണ്. കവിത ആവശ്യപ്പെടുന്ന പാരായണ രീതിയല്ല നിർഭാഗ്യവശാൽ ചിലരിൽനിന്ന് ശ്യാമമാധവത്തിനു നേർക്കുണ്ടാവുന്നത്. ഇതിനു രണ്ടു കാരണങ്ങളുണ്ടാവാം. ഒന്ന്, കവിത വഴങ്ങായ്ക. മറ്റൊന്ന്, രാഷ്ട്രീയ കണ്ണട വച്ചുള്ള വായന.
ശ്യാമമാധവത്തിന്റെ കാര്യത്തിൽ സംഭവിച്ചത് ആദ്യത്തേതാണെന്നു ഞാൻ കരുതുന്നില്ല. രണ്ടാമത്തേത് തന്നെയാണ്. രാഷ്ട്രീയ കണ്ണട വച്ചുള്ള വായന. ഇത്തരമൊരു വായനയ്ക്ക് ചിലരെ പ്രേരിപ്പിക്കുന്നത് എന്റെ രാഷ്ട്രീയത്തോടുള്ള വിയോജിപ്പു മുതൽ ഞാൻ ചെയ്യുന്ന ജോലിയോടുള്ള മനോഭാവം വരെയാവാം എന്നു തോന്നുന്നുണ്ട്.
ഇപ്പോൾ ചിലർ കണ്ടുപിടിച്ചിരിക്കുന്നത് ശ്യാമമാധവത്തിൽ കൃഷ്ണനിന്ദയുണ്ട് എന്നാണ്. പുസ്തകം ഇറങ്ങിയിട്ട് എട്ടു വർഷമായി. ഇതുവരെ ആരും എന്തുകൊണ്ടിതു പറഞ്ഞില്ല? കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും വയലാർ അവാർഡും വള്ളത്തോൾ അവാർഡും ഒക്കെ ഈ കൃതിക്ക് ലഭിച്ചു. അപ്പോഴും ആർക്കും തോന്നിയില്ല ഇതിൽ കൃഷ്ണനിന്ദയുണ്ടെന്ന്.
ഒ.എൻ.വിയാണ് അവതാരിക എഴുതിയത്. അദ്ദേഹത്തിന് തോന്നിയില്ല കൃഷ്ണനിന്ദയുണ്ടെന്ന്. കൃഷ്ണഭക്തയായ ഡോ. എം ലീലാവതിയായിരുന്നു കേന്ദ്ര സാഹിത്യ അക്കാദമി ജൂറിയിലെ ഒരു അംഗം. ആ ടീച്ചർ ശ്യാമമാധവത്തെക്കുറിച്ച് വലിയ പ്രബന്ധം തന്നെ എഴുതി. പ്രൊഫ. എം.കെ. സാനു, എം.പി. വീരേന്ദ്രകുമാർ, ഡോ. എം.ആർ. രാഘവവാര്യർ, പ്രൊഫ. എം. തോമസ് മാത്യു, പ്രൊഫ. കെ.പി. ശങ്കരൻ, ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കുറിലോസ് മെത്രൊപ്പൊലീത്ത തുടങ്ങി എത്രയോ പ്രമുഖർ ശ്യാമമാധവത്തെക്കുറിച്ച് പ്രബന്ധങ്ങളെഴുതി. അവർക്കാർക്കും തോന്നാത്ത ഈശ്വരനിന്ദയാണ് ഇപ്പോൾ ചിലർ ഇതിൽ ആരോപിക്കുന്നത്.
കവിത മനസ്സിലാവാത്ത ആരോ ഒരാൾ വികലമായി എന്തോ എഴുതി. അത് സോഷ്യൽ മീഡിയയിൽ കാറ്റുപോലെ പടർന്നു. വർഗീയ രാഷ്ട്രീയമാണ് ആ കാറ്റ് ഏറ്റെടുത്ത് പടർത്തിയത്. പലരും ആ കാറ്റിൽപ്പെട്ടു. അതാണു സത്യം. ശ്യാമമാധവം വായിച്ചിട്ടുള്ളവർ അതിൽ കൃഷ്ണനിന്ദയുണ്ടെന്നു പറയില്ല.
ശ്യാമമാധവത്തിൽ ഞാൻ ആകെ ചെയ്തത്, ഡോ. എം. ലീലാവതി ടീച്ചർ ശരിയായി വിലയിരുത്തിയപോലെ ആനന്ദചിന്മയ സങ്കൽപത്തെ വിഷാദചിന്മയ ബിംബം കൊണ്ടു പകരംവച്ചു എന്നതാണ്. അതിനാകട്ടെ എനിക്ക് എന്റേതായ ന്യായീകരണങ്ങളുണ്ടുതാനും.
ഗർഭാവസ്ഥയിൽ തടങ്കലിൽ. ജനനം തടങ്കലിൽ. ജനിച്ചയുടൻ അച്ഛനമ്മമാരിൽനിന്നു പറിച്ചുമാറ്റപ്പെടുന്നു. അർധരാത്രിയിൽ പെരുമഴയത്ത് കൈമാറ്റം ചെയ്യപ്പെടുന്നു. അച്ഛനമ്മമാരെ ഒരുനോക്കു കാണാൻ പോലും അവസരമില്ലാതാവുന്നു. കുടിക്കുന്ന മുലപ്പാലിൽ വിഷം. കളിക്കുന്ന കളിപ്പാട്ടത്തിൽ വരെ മരണം പതിയിരിക്കുന്നു. ശൈശവത്തിലേ വധഭീഷണി. മോഷ്ടാവ് എന്ന പേരു കേൾക്കേണ്ടി വരുന്നു. പിതൃതുല്യരെയും ഗുരുതുല്യരെയും സഹോദരസമാനരെയും കൊല്ലിച്ചവൻ എന്ന ആക്ഷേപം കേൾക്കേണ്ടിവരുന്നു. ദൂതുപോയി നാണം കെടേണ്ടിവരുന്നു. ഒരു വൻ യുദ്ധത്തിലൂടെ നേടിക്കൊടുത്ത രാജ്യം പാണ്ഡവർക്കാവശ്യമില്ല എന്നു വരുന്നു. എല്ലാ വ്യർഥമാവുന്നു. ഗാന്ധാരിയാൽ ശപിക്കപ്പെടുന്നു. വ്യാധന്റെ കൂരമ്പേറ്റ് അന്ത്യത്തിലേക്കെത്തുന്നു.
കുലത്തോടെ ഒടുങ്ങിപ്പോവുന്നു. ഇതല്ലേ കൃഷ്ണകഥ? ഇതിൽ ആനന്ദചിന്മയത്വമല്ല, വിഷാദ ചിന്മയത്വമാണ് എനിക്കു കാണാൻ കഴിയുന്നത്. കൃഷ്ണൻ എന്നാൽ ഇതൊക്കെ കൂടിയാണ്. വെണ്ണ കവർന്നു തിന്നുന്നവനും ഗോപികമാരുടെ വസ്ത്രം കവരുന്നവനും മാത്രമല്ല. അതിൽ കൃഷ്ണന്റെ അംശമുണ്ടാവാം. എന്നാൽ ഇതിൽ കൃഷ്ണന്റെ പൂർണതയുണ്ട്. അതാണു ഞാൻ എഴുതിയത്. തന്റെ യഥാർഥ ഭാവം ആരെങ്കിലും ആവിഷ്കരിച്ചെങ്കിൽ എന്ന് കൃഷ്ണൻ തന്നെയും ചിന്തിച്ചുപോയിട്ടുണ്ടാവും. ആ ചിന്തയാവും ഒരുപക്ഷെ എന്നിലൂടെ സഫലമായത്.
അവതാരപുരുഷന്മാരെ വികാരവിചാരങ്ങളുള്ളവരായി തെറ്റിദ്ധരിക്കരുത് എന്നാണ് ചിലർ എന്നോടു പറയുന്നത്. വനത്തിലേക്ക് ഭരതൻ എത്തുമ്പോൾ രാമന്റെ മനസ്സിൽ തോന്നിയ വികാരവിചാരങ്ങൾ വാല്മീകി എഴുതിയിട്ടില്ലേ? രാമനു കൈകേയിയോട്, ഭരതനോട്, ദശരഥനോടു തന്നെയും തോന്നിയതെന്തൊക്കെയെന്ന് രാമായണം സാക്ഷ്യപ്പെടുത്തുന്നില്ലേ? വാല്മീകിക്കാകാം.
മറ്റാർക്കും പാടില്ല എന്നാണോ? വ്യാസനും വാല്മീകിയും എടുത്ത സ്വാതന്ത്ര്യത്തിന്റെ പതിനായിരത്തിലൊരംശം സ്വാതന്ത്ര്യം എടുക്കാൻ എനിക്ക് ആരുടെയും അനുവാദം വേണ്ട. ശ്യാമമാധവം എഴുതുമ്പോൾ ഭക്തകവി പറയുമ്പോലെയുള്ള മനസ്സിന്റെ ഓടൽ എനിക്കുണ്ടായിട്ടില്ല. മഹാകവി കാളിദാസനാണ് മദാലസ എന്ന് സരസ്വതിയെ വിശേഷിപ്പിച്ചത്. ഞാൻ അതു ചെയ്തിട്ടില്ല. ആശാനാണ് ശ്രീരാമനെ പ്രതിക്കൂട്ടിൽ നിർത്തി വിസ്തരിച്ചത്. ആ സ്വാതന്ത്ര്യവും ഞാൻ എടുത്തിട്ടില്ല.
ഭാരതപര്യടനത്തിലും വാല്മീകിയുടെ രാമനിലും കുട്ടികൃഷ്ണമാരാർ എടുത്ത സ്വാതന്ത്ര്യവും ഞാൻ എടുത്തിട്ടില്ല. എന്തിനധികം? എഴുത്തച്ഛൻ തന്നെയും കൃഷ്ണനെ മുൻനിർത്തി ഇങ്ങനെ പറഞ്ഞല്ലോ. കൊല്ലിക്കയത്രേ നിനക്കു രസമെടോ. ഞാൻ ആ വഴിക്കും പോയിട്ടില്ല.
അതുകൊണ്ട് വിനയപൂർവം പറയട്ടെ. പ്രശ്നം കവിതയുടേതല്ല, കവിത വായിക്കാനുപയോഗിച്ച കണ്ണടയുടേതാണ്. കവിത ആവശ്യപ്പെടുന്നത് മറ്റൊരു പാരായണ രീതിയാണ്. രാഷ്ട്രീയത്തിന്റെ കാവിക്കണ്ണട മാറ്റിവെച്ചാലേ ആ പാരായണരീതി ഉരുത്തിരിഞ്ഞു കിട്ടൂ. മറിച്ചാണെങ്കിൽ സർഗാത്മക സാഹിത്യത്തിന്റെ അന്ത്യമാവുമുണ്ടാവുക.