കൊച്ചി: ആനക്കൊമ്പ് കൈവശം വച്ചതിന് നടൻ മോഹൻലാലിനെതിരെ രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കാൻ നീക്കം. വന്യജീവി സംരക്ഷണ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കുന്നതിൽ എതിർപ്പില്ലെന്ന് ചൂണ്ടിക്കാണിച്ച് സർക്കാർ എൻ.ഒ.സി നൽകിയതായി ദ ഹിന്ദു പത്രം റിപ്പോർട്ട് ചെയ്യുന്നു. കേസിൽ ഒന്നാം പ്രതിയാണ് മോഹൻലാൽ. തൃശൂർ സ്വദേശി പി.എൻ.കൃഷ്ണകുമാർ, തൃപ്പൂണിത്തുറ സ്വദേശി കെ.കൃഷ്ണകുമാർ, നളിനി രാധാകൃഷ്ണൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് താരത്തിലെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് അപേക്ഷകൾ ഇതിനോടകം തന്നെ താരം സമർപ്പിച്ചിരുന്നു. 2016 ജനുവരി 31നാണ് ആദ്യം അപേക്ഷ നൽകിയത്. തുടർന്ന് കഴിഞ്ഞ സെപ്റ്റംബർ 20ന് മറ്റൊരു അപേക്ഷയും നൽകി. കൂടാതെ കേസ് സംബന്ധിച്ച് കഴിഞ്ഞ ആഗസ്റ്റിൽ ചീഫ് വൈൽഡ് ലൈഫ് വാർഡനും ഡിസംബറിൽ ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷനും സർക്കാരിന് രണ്ട് കത്ത് സമർപ്പിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് കേസ് പിൻവലിക്കാൻ സർക്കാർ ഇപ്പോൾ എൻ.ഒ.സി നൽകിയത്.
അതേസമയം, മോഹൻലാലിന് എതിരായ കേസ് പിൻവലിക്കുന്നതിൽ സംസ്ഥാന സർക്കാരിന് എതിർപ്പില്ലെന്ന് ചൂണ്ടിക്കാണിച്ച് അഡിഷണൽ ചീഫ് സെക്രട്ടറി എറണാകുളം ജില്ലാ കളക്ടർക്ക് ഫെബ്രുവരി 7ന് കത്തെഴുതുകയും ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പബ്ലിക്ക് പ്രോസിക്യൂട്ടർക്കോ അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടർക്കോ നിർദ്ദേശം നൽകാൻ ചീഫ് സെക്രട്ടറി കളക്ടറോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
2012ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മോഹൻലാലിന്റെ തേവരയിലുള്ള വീട്ടിൽ നിന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ നാല് ആനക്കൊമ്പുകൾ കണ്ടെടുക്കുകയായിരുന്നു. മറ്റ് രണ്ട് പേരുടെ ലൈസൻസിലാണ് മോഹൻലാൽ ആനക്കൊമ്പുകൾ സൂക്ഷിച്ചതെന്നും പിന്നീട് വ്യക്തമായി. കെ. കൃഷ്ണകുമാർ എന്നയാളിൽ നിന്നും 65,000 രൂപയ്ക്കാണ് ആനക്കൊമ്പുകൾ വാങ്ങിയെന്നായിരുന്നു മോഹൻലാലിന്റെ വിശദീകരണം.
വനം വകുപ്പ് ആദ്യം കേസെടുത്തെങ്കിലും പിന്നീട് അതു റദ്ദാക്കി. പിന്നാലെ നിലവിലെ നിയമം പരിഷ്കരിച്ച് മോഹൻലാലിന് ആനക്കൊമ്പുകൾ കൈവശം വെയ്ക്കാൻ സർക്കാർ അനുമതി നൽകുകയും ചെയ്തു. എന്നാൽ ആനക്കൊമ്പുകളുടെ ഉടമസ്ഥതാ സർട്ടിഫിക്കറ്റ് മോഹൻലാലിനു നൽകിയ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശി എ.എ. പൗലോസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.