സി.എ.ജിയെ തള്ളി ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട്: പൊലീസിന് ക്ളീൻ ചിറ്റ്
തിരുവനന്തപുരം: സംസ്ഥാന പൊലീസിനെ വെള്ളപൂശിയും ഇടപാടുകളിൽ ക്രമക്കേടുകൾ കണ്ടെത്തിയ സി.എ.ജിയുടെ റിപ്പോർട്ട് തള്ളിയും ആഭ്യന്തര സെക്രട്ടറി വിശ്വാസ് മേത്ത, തന്റെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.
പൊലീസ് വകുപ്പിലെ പർച്ചേസുകളിൽ ക്രമക്കേടും ഒത്തുകളിയും നടത്തിയെന്നും, അതീവ പ്രഹരശേഷിയുള്ള 25 റൈഫിളുകളും പന്ത്രണ്ടായിരത്തിലേറെ ഉണ്ടകളും നഷ്ടമായെന്നുമുള്ള സി.എ.ജി റിപ്പോർട്ടിലെ ഗുരുതരമായ ആരോപണങ്ങളാണ് അന്വേഷിച്ചത്. പൊലീസിനെതിരായ സി.എ.ജിയുടെ കണ്ടെത്തലുകളൊന്നും ശരിയല്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്.
പൊലീസിന്റെ 25 ഇൻസാസ് റൈഫിളുകൾ കാണാതായിട്ടില്ലെന്ന ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിയും ശരിവച്ചു. 25 തോക്കുകളും എസ്.എ.പി ക്യാമ്പിൽ നിന്ന് തിരുവനന്തപുരം എ.ആർ ക്യാമ്പിലേക്ക് നൽകിയിട്ടുണ്ട്. രജിസ്റ്ററിൽ സ്റ്റോക്ക് രേഖപ്പെടുത്തുന്നതിലെ പിഴവാണുണ്ടായത്. 1994മുതൽ വെടിക്കോപ്പുകളുടെ സ്റ്റോക്ക് കൃത്യമായി രേഖപ്പെടുത്തുന്നില്ല. പൊലീസ് ചീഫ്സ്റ്റോറിലെയും വിവിധ യൂണിറ്റുകളിലെയും രജിസ്റ്ററുകളിൽ കടന്നുകൂടിയ തെറ്റുകളാണ് സി.എ.ജിയുടെ പരാമർശത്തിനിടയാക്കിയത്. കണക്കു സൂക്ഷിക്കുന്നതിലെ തെറ്റുകൾ ഉത്തരവാദിത്വ രാഹിത്യമാണെങ്കിലും ആയുധങ്ങളും വെടിക്കോപ്പുകളും കാണുന്നില്ലെന്ന പ്രചാരണമുണ്ടാക്കി സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന് പറയുന്നത് ശരിയല്ല. പൊലീസിന്റെ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കണക്കുകൾ കമ്പ്യൂട്ടറൈസ് ചെയ്യുമെന്നും റിപ്പോർട്ടിലുണ്ട്.
വാങ്ങിയത് ആഡംബര വാഹനങ്ങളല്ല
പൊലീസ് സ്റ്റേഷനുകളുടെ ആവശ്യങ്ങൾ പരിഗണിക്കാതെ ഉന്നത ഉദ്യോഗസ്ഥർക്കായി ആഡംബര വാഹനങ്ങൾ വാങ്ങിക്കൂട്ടിയെന്ന സി.എ.ജിയുടെ കണ്ടെത്തലും ആഭ്യന്തര സെക്രട്ടറി തള്ളിക്കളഞ്ഞു. പൊലീസ് വാങ്ങിയ വാഹനങ്ങളെല്ലാം ഓപ്പറേഷണൽ വിഭാഗത്തിൽപ്പെടുന്നവയാണ്. ഹൈവേ പട്രോളിംഗ് ഉൾപ്പെടെയുള്ളവയ്ക്ക് ഉപയോഗിക്കുന്നു. പൊലീസ് മേധാവി ഉൾപ്പെടെയുള്ള ഉയർന്ന ഉദ്യോഗസ്ഥർക്കും ഇതാവശ്യമാണ്. പൊലീസ് സ്റ്റേഷനുകളിൽ വാഹന ദൗർലഭ്യമില്ലെന്നാണ് പൊലീസ് ആസ്ഥാനത്തെ അഡി.ഡി.ജി.പി അറിയിച്ചത്.
റിപ്പോർട്ടിലെ മറ്റ് കണ്ടെത്തലുകൾ
ഉപകരണങ്ങൾ വാങ്ങിയതിൽ കേന്ദ്ര വിജിലൻസ് കമ്മിഷന്റെ നിർദ്ദേശങ്ങളും സ്റ്റോക്ക് പർച്ചേസ് മാന്വലും ലംഘിച്ചിട്ടില്ല.
കെൽട്രോൺ പൊലീസിന് പുറമേ മറ്റു വകുപ്പുകളുടെയും ടോട്ടൽ സർവീസ് പ്രൊവൈഡറാണ്. കെൽട്രോണിന്റെ വീഴ്ച കാരണം നഷ്ടമുണ്ടായിട്ടുണ്ടെങ്കിൽ അത് അവരിൽ നിന്നീടാക്കാൻ കഴിഞ്ഞ മേയിൽ സർക്കാർ തീരുമാനമെടുത്തതാണ്.
. കെൽട്രോണിനെ സി.എ.ജി കുറ്റപ്പെടുത്തുന്നത് നീതിപൂർവകമല്ല.
ജി.പി.എസ് ടാബ്ലറ്റ് പാനസോണിക്കിൽ നിന്ന് വാങ്ങിയത്, മറ്റ് കമ്പനികൾക്ക് സർവീസ് കേന്ദ്രങ്ങൾ ഇല്ലാത്തതിനാൽ.
കേരളത്തിൽ ബുള്ളറ്റ് പ്രൂഫ് കാറുകൾ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുളള ഗവർണറും മുഖ്യമന്ത്റിയും ഉപയോഗിക്കുന്നില്ല. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്റി എന്നിവർ സംസ്ഥാനം സന്ദർശിക്കുമ്പോഴാണ് ഉപയോഗിക്കുന്നത്. ഓപ്പൺ ടെൻഡർ ക്ഷണിച്ചാൽ ബുള്ളറ്റ് പ്രൂഫ് കാറുകളുടെ ബ്ലൂപ്രിന്റ് പുറത്താവുന്നത് സുരക്ഷാ ഭീഷണിക്കിടയാക്കും. ലിമിറ്റഡ് ടെൻഡർ വഴി വാങ്ങിയതിൽ തെറ്റില്ല.
എസ്.ഐ, എ.എസ്.ഐ തസ്തികകളിലുള്ളർക്ക് ക്വാർട്ടേഴ്സ് പണിയാനുള്ള കാലതാമസവും നിർമ്മാണച്ചെലവിലെ വർദ്ധനയും കാരണം കേന്ദ്രസഹായം ലാപ്സാവാതിരിക്കാനാണ് ഔദ്യോഗിക വസതിയില്ലാത്ത പൊലീസ് മേധാവി, എ.ഡി.ജി.പി തുടങ്ങിയവർക്ക് ക്വാർട്ടേഴ്സ് നിർമ്മിച്ചത്-
തോക്കുകളുടെ കണക്ക്
എസ്.എ.പി ക്യാമ്പിലേക്ക് ചീഫ് സ്റ്റോറിൽ നിന്ന് നൽകിയത്- 660
എസ്.എ.പിയിൽ നിന്ന് മറ്റ് ബറ്റാലിയനുകളിലേക്ക് നൽകിയത്-616
എസ്.എ.പിയിലുള്ളത് - 44
തെറ്റിയത്
ഇവിടെ
തൃശൂർ എ.ആർ ബറ്റാലിയനിലേക്ക് നൽകിയ തോക്കുകൾ മൂന്നാം സായുധ ബറ്റാലിയനിൽ
ചീഫ് സ്റ്റോറിൽ നിന്ന് മൂന്നാം ബറ്റാലിയനിലേക്ക് നൽകിയ തോക്കുകൾ എസ്.എ.പിയിലെന്ന് രേഖകൾ
ഈ തെറ്റുകൾ 2005ൽ സംഭവിച്ചത്