ഈ ചലഞ്ച് ആരും ചെയ്യല്ലേ, തലയോട്ടി തകരും; മുന്നറിയിപ്പുമായി കേരള പൊലീസും
ഐസ് ബക്കറ്റ് ചലഞ്ച്, കികി ചലഞ്ച്, ബോട്ടിൽ ചലഞ്ച് തുടങ്ങി നിരവധി ചലഞ്ചുകൾ സോഷ്യൽ മീഡിയ കീഴടക്കിയിരുന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ് സ്കൾ ബ്രേക്കർ ചലഞ്ച്. വളരെ അപകടം പിടിച്ച ചലഞ്ചാണിത്. കുട്ടികൾ ഒരു കാരണവശാലും ഇത്തരം ചലഞ്ചുകളിൽ ഏർപ്പെടരുതെന്ന് കേരള പൊലീസും നിർദേശിക്കുന്നുണ്ട്.
മൂന്ന് പേരാണ് ചലഞ്ചിൽ പങ്കെടുക്കുന്നത്. ഒരാൾക്ക് അപ്പുറവും ഇപ്പറഴുമായി രണ്ടു പേർ നിൽക്കും. ശേഷം അവർ മുകളിലോട്ട് ചാടും. ഇതിന് ശേഷം നടുവിൽ നിൽക്കുന്നയാൾ മുകളിലേക്ക് ചാടുമ്പോൾ സൈഡിലുള്ള രണ്ടു പേർ തങ്ങളുടെ കാലുകൾ ഉപയോഗിച്ച് ആ വ്യക്തിയെ നിലത്ത് വീഴ്ത്തുന്നതാണ് ചലഞ്ച്.
പുറവും തലയും ഇടിച്ചാണ് ഇയാൾ നിലത്ത് വീഴുക. തലയ്ക്ക് മാരകമായ പരുക്കേറ്റ് മരണം വരെ സംഭവിക്കാൻ സാധ്യതയുള്ള ഗെയ്മാണിത്.
കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഈ അടുത്തകാലത്തായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സ്കൾ ബ്രേക്കർ പോലുള്ള ഗെയ്മിങ്ങ് ചലഞ്ചുകൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാവും. രസകരമായി തോന്നി, കുട്ടികൾ അനുകരിക്കാൻ ശ്രമിക്കുന്ന ഇത്തരം അപകടകരമായ ഗെയ്മിങ്ങ് ചലഞ്ചുകൾ ടിക് ടോക് പോലുള്ള സാമൂഹിക മാധ്യമങ്ങൾ വഴിയാണ് കൂടുതലും പ്രചരിക്കുന്നത്.
ഇത്തരം ചലഞ്ചുകൾ അനുകരിക്കുന്നത് വഴി നിരവധിപ്പേർക്ക് ഗുരുതരമായി പരുക്കു പറ്റിയിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്. ജീവൻ തന്നെ അപകടത്തിലാകുന്ന ഇത്തരത്തിലുളള ഗെയിമിങ്ങ് ചലഞ്ചുകൾ നമ്മുടെ കുട്ടികളുൾപ്പെടെയുള്ളവർ അനുകരിക്കാതിരിക്കുന്നതിന് മാതാപിതാക്കളും സ്കൂൾ അധികൃതരും സുഹൃത്തുക്കളും അതീവജാഗ്രത പുലർത്തേണ്ടതാണ്.