കുട്ടനാട് സീറ്റ്ജോസഫിന്റെ മോഹത്തിന് ആയുസ്സില്ല : ജോസ് കെ.മാണി
ഇടുക്കി : പാലായില്‍ രാഷ്ട്രീയ വഞ്ചനകാട്ടിയ പി.ജെ ജോസഫിന്റെ കുട്ടനാട് സീറ്റില്‍ മേലുള്ള അവകാശവാദങ്ങള്‍ക്ക് ആയുസ്സില്ലെന്ന് കേരളാ കോണ്‍ഗ്രസ്സ്(എം) ചെയര്മാന് ജോസ്.കെ.മാണി എം.പി. കേരള കോണ്‍ഗ്രസ്സ്(എം)ന്റെ സ്ഥാനാര്‍ത്ഥിതന്നെ കുട്ടനാട് സീറ്റില്‍ മത്സരിക്കും. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല.
കര്‍ഷകരക്ഷ എന്ന ലക്ഷ്യത്തോടെ പിറവിയെടുത്ത പ്രസ്ഥാനമാണ് കേരളാ കോണ്‍ഗ്രസ്സ്. പിളര്‍ന്ന് പോയിട്ടും രാഷ്ട്രീയ അഭയം തേടിവന്നപ്പോള്‍ കെ.എം.മാണി ജോസഫ് വിഭാഗത്തെ രാഷ്ട്രീയ മാന്യതയോടെ സ്വീകരിച്ചത് ഇടുക്കിയിലേത് ഉള്‍പ്പടെയുള്ള കര്‍ഷക സമൂഹത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങളും ശബ്ദങ്ങളും ഭിന്നിക്കപ്പെടരുത് എന്ന ലക്ഷ്യത്തോടെയാണ്. എന്നാല്‍ ഒരു ജനകീയ സമരങ്ങളിലും ജോസഫ് വിഭാഗത്തിന്റെ പങ്കാളിത്തം കഴിഞ്ഞ 10 വര്‍ഷവും ഉണ്ടായില്ല. റബര്‍ കര്‍ഷകര്‍ക്ക് വേണ്ടി കോട്ടയത്ത് നടത്തിയ നിരാഹാരസമരത്തെയും, കര്‍ഷകരക്ഷ എന്ന മുദ്രാവാക്യം ഉയര്‍ത്തി നടത്തിയ കേരളയാത്രയേയും, കോട്ടയത്ത് നടത്തിയ മഹാസമ്മേളനത്തെയും അനാവശ്യ വിവാദങ്ങളില്‍ മുക്കിക്കൊല്ലാനാണ് ജോസഫ് വിഭാഗം ശ്രമിച്ചത്.
പട്ടയം ഉള്‍പ്പടെയുള്ള കാര്‍ഷിക പ്രശ്നങ്ങളില്‍ ആത്മാര്‍ത്ഥമായ സമീപനം എക്കാലവും സ്വീകരിച്ചിട്ടുള്ളത് കെ.എം മാണിയാണ്. ആ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ടുതന്നെ ഇടുക്കിയിലെ കാര്‍ഷിക വിഷയങ്ങളില്‍ കേരളാ കോണ്‍ഗ്രസ്സ് സമരരംഗത്താണ്. ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിന് 1964 ലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യണമെന്നും നിര്‍മ്മാണ നിരോധനവുമായി ബന്ധപ്പെട്ട ഉത്തരവ് പൂര്‍ണ്ണമായി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് റോഷി അഗസ്റ്റിന് എം.എല്‍.എ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും, കട്ടപ്പനയിലും നിരാഹാരം അനുഷ്ടിക്കുകയും ഉണ്ടായി. കഴിഞ്ഞ ബജറ്റില്‍ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച ഇടുക്കി പാക്കേജ് വെറും പ്രഖ്യാപനം മാത്രമായി. സര്‍ക്കാരിന്റെ കര്ഷകവഞ്ചനക്കെതിരായിസമരം തുടരുമെന്നും ജോസ്.കെ.മാണി പറഞ്ഞു.
ഏപ്രില്‍ 29 ന് കോട്ടയം നെഹ്രുസ്റ്റേഡിയത്തില്‍ ലക്ഷംപേര്‍ അണിനിരക്കുന്ന കെ.എം.മാണി സ്മൃതി സംഗമത്തിത്തില് കേരളാ കോണ്‍ഗ്രസ്സിന്റെ മുഴുവന്‍ പ്രവര്‍ത്തകരെയും അവരുടെ കുടുംബാംഗങ്ങളെയും കോട്ടയത്ത് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കണ്വന്ഷന് നടന്നത്. കേരളരാഷ്ട്രീയത്തിലെ സമുന്നതനേതാവായിരുന്ന കെ.എം.മാണിയോടുള്ള സ്മരണാഞ്ജലിയായി സ്മൃതിസംഗമം മാറിത്തീരും.കേരള കോണ്‍ഗ്രസ്(എം) ഇടുക്കി ജില്ലാ കമ്മിറ്റി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പാര്‍ട്ടി ചെയര്മാന് ജോസ്.കെ.മാണി എം.പി. ജില്ലയില്‍ നിന്നും 15000 പ്രവര്‍ത്തകര്‍ സ്മൃതി സംഗമത്തില്‍ പങ്കെടുക്കും.
ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍ അദ്യക്ഷത വഹിച്ച യോഗത്തില്‍ റോഷി അഗസ്റ്റിന് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി പി.എം.മാത്യു എക്സ്.എം.എല്‍.എ, തോമസ് ജോസഫ് എക്സ്.എം.എല്‍.എ, അഡ്വ.അലക്സ് കോഴിമല, കെ.ഐ. ആന്റണി, രാരിച്ചന്‍ നീറണാംകുന്നേല്‍, അഗസ്റ്റിന് വട്ടക്കുന്നേല്‍, റെജി കുന്നംകോട്ട്, കുര്യാക്കോസ് കുമ്പളക്കുഴി, എ.ഒ.അഗസ്റ്റിന്, അഡ്വ.പ്രിന്‍സ് ലൂക്കോസ്, ഷാജി കാഞ്ഞമല, ജിമ്മി മാറ്റത്തിപ്പാറ, ജിന്സണ് വര്‍ക്കി, അഡ്വ.എം.എം മാത്യു, സണ്‍സി മാത്യു, ജോയി കിഴക്കേപ്പറമ്പില്‍, റോയിച്ചന് കുന്നേല്‍, സെലിന് കുഴിഞ്ഞാലില്‍, ഷിജോ തടത്തില്‍, തങ്കച്ചന് വാലുമ്മേല്‍, ജോര്‍ജ് അമ്പഴം, ജോഷി മണിമല, ആല്ബിന് വറപോളക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.