കേരളത്തിന്റെ പദ്മ പുരസ്കാര പട്ടികയിൽ ഒന്നു പോലും പരിഗണിക്കാതെ കേന്ദ്രം
തിരുവനന്തപുരം: പദ്മ പുരസ്കാരങ്ങള്‍ക്കായി കേരളം നല്കിയ ശുപാര്‍ശകളെല്ലാം കേന്ദ്ര സര്‍ക്കാര്‍ തള്ളി. കേരളത്തിന്റെ ശുപാര്‍ശകള്‍ ഒന്നുപോലും പരിഗണിക്കാതെയാണ് ഇക്കുറി പദ്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. കേരളം 56 പേരുടെ പട്ടികയാണ് പദ്മ പുരസ്കാരങ്ങളുടെ പരിഗണനയ്ക്കായി നല്‍കിയത്. എന്നാല്‍ ഇതിലൊന്നുപോലും പരിഗണിക്കപ്പെട്ടില്ല.
പദ്മവിഭൂഷണ് വേണ്ടി ഇത്തവണ എഴുത്തുകാരനും ചലച്ചിത്രകാരനുമായ എം.ടി വാസുദേവന്‍ നായരെ മാത്രമാണ് കേരളം ശുപാര്‍ശ ചെയ്തിരുന്നത്. പദ്മഭൂഷണു വേണ്ടി എട്ടു പേരെ ശുപാര്‍ശ ചെയ്തിരുന്നു. കലാമണ്ഡലം ഗോപി (കഥകളി), മമ്മൂട്ടി (സിനിമ), സുഗതകുമാരി (സാഹിത്യം), മട്ടന്നൂര്‍ ശങ്കരന്‍കുട്ടി (കല), റസൂല്‍ പൂക്കുട്ടി (സിനിമ), മധു (സിനിമ), ശോഭന (സിനിമ), പെരുവനം കുട്ടന് മാരാര്‍ (കല) എന്നിവരാണ് പദ്മഭൂഷണു വേണ്ടി കേരളം ശുപാര്‍ശ ചെയ്ത പട്ടികയില്‍ ഉണ്ടായിരുന്നവര്‍.
പദ്മശ്രീക്കായി സൂര്യകൃഷ്ണമൂര്‍ത്തി (കല), കാനായി കുഞ്ഞിരാമന് (ശില്പി), ആര്‍ട്ടിസ്റ്റ് നമ്പൂതിരി (പെയിന്റിംഗ്), കെപിഎസി ലളിത (സിനിമ), ബിഷപ് സൂസപാക്യം (സാമൂഹിക പ്രവര്‍ത്തനം), നെടുമുടി വേണു (സിനിമ), പി.ജയചന്ദ്രന് (സംഗീതം), ഐ.എം വിജയന് (കായികം) തുടങ്ങിയവരടക്കം 47 പേരെ ശുപാര്‍ശ ചെയ്തു.
ആത്മീയാചാര്യന് ശ്രീ എം, അന്തരിച്ച നിയമപണ്ഡിതന് പ്രഫ. എന്‍.ആര് മാധവമേനോന് എന്നിവര്‍ക്കാണ് കേരളത്തില്‍നിന്നും ഇത്തവണ പദ്മഭൂഷണ്‍ ലഭിച്ചത്. സാമൂഹിക പ്രവര്ത്തകന് എം.കെ കുഞ്ഞോള്, ശാസ്ത്രജ്ഞന് കെ.എസ് മണിലാല്‍, എഴുത്തുകാരന് എന്‍. ചന്ദ്രശേഖരന് നായര്‍, നോക്കുവിദ്യ പാവകളി കലാകാരി എം.എസ് പങ്കജാക്ഷി എന്നിവര്‍ക്ക് പദ്മശ്രീയും ലഭിച്ചു.