ഈ വരനെ എല്ലാവർക്കും ആവശ്യമുണ്ട് - മൂവി റിവ്യൂ
മലയാളികൾക്ക് മികച്ച കുടുംബ സിനിമകൾ സമ്മാനിച്ച സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമ പുതുമുഖ സംവിധായകൻ എന്ന ലേബലിന്റെ ഭാരങ്ങളൊന്നും ഇല്ലാതെ ഒരുക്കിയിരിക്കുന്നതാണ്. സത്യൻ അന്തിക്കാടിനെ പോലെ തന്നെ കുടുംബപ്രേക്ഷകരെയും യുവതീ യുവാക്കളെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഒരു ഫീൽഗുഡ് മൂവിയായി ഈ സിനിമ ഒരുക്കാനായി എന്നത് അനൂപിന്റെ മികവായി കാണാം.
ചെന്നൈയിലെ അപ്പാർട്ട്മെന്റിൽ ജീവിക്കുന്ന നീന എന്ന അമ്മയുടെയും മകൾ നികിതയുടെയും ജീവിതകഥയാണ് തന്റെ സംവിധാന സംരംഭത്തിൽ അനൂപ് പ്രമേയമാക്കിയിരിക്കുന്നത്. ഒരു അറേഞ്ച്ഡ് മാര്യേജ് ആഗ്രഹിക്കുന്ന നികിതയുടെ ജീവിതത്തിൽ ഒന്നിനുപിറകെ ഒന്നായി ഉണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് സിനിമയുടെ സഞ്ചാരം.അനൂപിന്റെ ആദ്യ സിനിമാ സംരംഭമായതിനാൽ തന്നെ സിനിമയിലുടനീളം ഒരു സത്യൻ അന്തിക്കാട് ടച്ച് കാണാം. ഗ്രാമപശ്ചാത്തലത്തിൽ ഹൃദയസ്പർശിയായ കഥകൾ പറഞ്ഞാണ് സത്യൻ അന്തിക്കാട് മലയാളികളെ വിസ്മയിപ്പിച്ചതെങ്കിൽ, അനൂപ് നാഗരിക സൗന്ദര്യത്തിൽ നിന്നാണ് തന്റെ നായകനെയും നായികയെയും അവതരിപ്പിക്കുന്നത്. തലമുറവ് വിടവ് എന്നൊരു ഘടകം സിനിമയിലുണ്ടെന്ന് അസന്ദിഗ്ദ്ധമായി വ്യക്തമാക്കുന്നുണ്ട് അനൂപ്.varan2ഫ്രഞ്ച് ഭാഷ അദ്ധ്യാപികയായ നീന, മകൾ നികിത, ഫ്രോഡ്, മേജർ ഉണ്ണികൃഷ്ണൻ എന്നീ നാല് കഥാപാത്രങ്ങളുടെ ജീവിതങ്ങളെ ചങ്ങലക്കണ്ണികൾ പോലെ കോർത്തിട്ട് കഥ പറയുകയാണ് സംവിധായകൻ. ഓരോരുത്തരുടെയും ജീവിതത്തിലേക്ക് പുതിയൊരാൾ വരുന്നതും അവർ എങ്ങനെ പരസ്പരം സ്വാധീനിക്കപ്പെടുന്നുവെന്നതും പ്രണയത്തിന്റെയും യാഥാർത്ഥ്യങ്ങളുടെയും മേമ്പൊടിയോടെ സംവിധായകൻ അവതരിപ്പിക്കുമ്പോൾ അത് പ്രേക്ഷകർക്കും ഹൃദയത്തിൽഅനുഭവവേദ്യമാകുന്നുണ്ട്. ഇതോടൊപ്പം നർമ്മത്തിനും സുപ്രധാന പങ്കുണ്ട്.കുടുംബസദസുകളെ ആകർഷിക്കുന്ന ചേരുവകളെല്ലാം സിനിമയിലുടനീളം കാണാം. വൈകാരികതയുടെ അതിപ്രസരമില്ലാതെയും എന്നാൽ, ആഴത്തിൽ സ്പർശിക്കുന്ന വൈകാരിക രംഗങ്ങളും പ്രേക്ഷകരെ സിനിമയുമായി ചേർത്തുനിർത്തുന്നു. കുടുംബങ്ങളിലെ കൊച്ചുകൊച്ചു പിണക്കങ്ങളും അവ തീർക്കാനെത്തുന്ന അനുഭവസ്ഥരെയും ഇവിടെ കാണാം. ലളിതമായ പ്രമേയവും അതിലേറെ ലളിതമായ അവതരണരീതിയുമാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. നമുക്കിടയിലെ ഒരുകൂട്ടം പേരുടെ ജീവിതമാണ് ഈ സിനിമയെന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കുന്നുവെന്നതാണ് സിനിമയുടെ ഏറ്റവും വലിയ വിജയം. അനൂപ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
varan3കഥാപാത്രങ്ങൾക്കായുള്ള അഭിനേതാക്കളുടെ തിരഞ്ഞെടുപ്പാണ് സിനിമയുടെ മറ്റൊരു ഹൈലൈറ്റ്. ഏഴ് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിൽ മടങ്ങിയെത്തുന്ന ശോഭനയും ഒരിടവേളയ്ക്ക് ശേഷമെത്തുന്ന സുരേഷ് ഗോപിയും കാണികളെ അത്ഭുതപ്പെടുത്തുന്നുണ്ട്. സുരേഷ് ഗോപി അവതരിപ്പിക്കുന്ന മേജർ ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രം ശാരീരകമായി ഉറച്ചയാളാണെങ്കിലും മനസുകൊണ്ട് പാവവും വികാരങ്ങൾക്ക് അടിപ്പെടുന്നയാളുമാണ്. സുരേഷ് ഗോപിയ്ക്കൊപ്പം ശോഭനയുടെ കഥാപാത്രം കൂടിച്ചേരുമ്പോൾ മണിചിത്രത്താഴ് എന്ന സിനിമയിലെ നകുലൻ - ഗംഗ കോമ്പിനേഷൻ പ്രേക്ഷകരുടെ മനസിൽ മിന്നിമറയും. മുഴുനീള കഥാപാത്രമായ ശോഭന, താൻ ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാകുന്നത് എന്തുകൊണ്ടെന്ന് തെളിയിക്കുന്നുണ്ട്. ശോഭനയുടെ നൃത്തവും പ്രേക്ഷകർക്ക് ആസ്വദിക്കാം.varan4ദുൽഖർ സൽമാനും സംവിധായകൻ പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശനുമാണ് നായികാ- നായകന്മാരെ അവതരിപ്പിക്കുന്നത്. ദുൽഖറിന്റെ ഫ്രോഡ് എന്ന കഥാപാത്രവും കല്യാണി അവതരിപ്പിക്കുന്ന നികിതയും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ കുറവാണെന്ന് തോന്നിയേക്കാം. എന്നാൽ, സിനിമയുടെ ആകെയുള്ള സമീപനം പരിഗണിക്കുമ്പോൾ ഈ പരാതി അസ്ഥാനത്താണെന്ന് മനസിലാകും. തന്റെ ഭൂതകാലം വിവരിക്കുന്ന സീനുകളിൽ വികാരങ്ങൾക്ക് അടിപ്പെട്ട് സംസാരിക്കന്ന ദുൽഖർ, നടനെന്ന നിലയിലെ തന്റെ മികവ് പ്രകടമാക്കുന്നുണ്ട്. പുതുമുഖ നായികയുടെ ഭയമോ ആശങ്കയോ ഇല്ലാതെ മലയാളത്തിൽ അരങ്ങേറാൻ കഴിഞ്ഞത് കല്യാണിയ്ക്ക് ഭാവിയിൽ മുതൽക്കൂട്ടാകുക തന്നെ ചെയ്യും. ചെറിയൊരു സമയത്തേക്ക് അമ്മ വേഷത്തിലെത്തുന്ന ഉർവശി, സീരിയൽ നടിയായെത്തുന്ന, സത്യന്റെ സിനിമകളിലെ സ്ഥിരം സാന്നിദ്ധ്യമായ കെ.പി.എ.സി ലളിത എന്നിവരും മികച്ചുനിൽക്കുന്നു. സംവിധായകരായ മേജർ രവി, ലാൽ ജോസ്, ജോണി ആന്റണി എന്നിവരെ കൂടാതെ സന്ദീപ് രാജ്, വഫാ ഖദീജ, ദിവ്യ മേനോൻ,മീര കൃഷ്ണൻ എന്നിവരും അഭിനയിക്കുന്നു.മദ്രാസിന്റെ മനംമയക്കുന്ന സൗന്ദര്യം ഛായാഗ്രാഹകനായ മുകേഷ് മുരളീധരൻ ചോരാതെ പകർത്തിയിട്ടുണ്ട്. ഗാനങ്ങളും പശ്ചാത്തല സംഗീതവും സിനിമയ്ക്ക് ചേരുന്നതായി. ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ കമ്പനിയായ വേഫെയ്റർ ഫിലിംസും എം സ്റ്റാർ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.