കൊറോണ: മരണം 700 കടന്നു, ചൈനയിൽ മരിച്ചവരിൽ യു.എസ് പൗരനും
ബെയ്ജിംഗ്: കൊറോണ ബാധയെ തുടർന്ന് ചൈനയിൽ മരിച്ചവരുടെ എണ്ണം 700 കടന്നു. സാർസ് ബാധിച്ച് ചൈനയിലും ഹോങ്കോംഗിലും മരിച്ചവരുടെ എണ്ണത്തേക്കാൾ കൂടുതലാണിത്. ചൈനയിൽ രോഗം ബാധിച്ച് മരിച്ചവരിൽ അറുപതുകാരനായ ഒരു യു.എസ് പൗരനുമുണ്ട്. യു.എസ് എംബസി ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെ കൊറോണയെ പ്രതിരോധിക്കാൻ ലോകരാജ്യങ്ങളിൽ നിന്ന് 67 കോടി ഡോളർ സഹായം ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന രംഗത്തെത്തി.
രണ്ട് പതിറ്റാണ്ട് മുമ്പ് ചൈനയേയും ഹോങ്കോംഗിനേയും ഭീതിയിലാഴ്ത്തിയ സാർസിനേക്കാൾ കൂടുതൽ പേരെ കൊന്നൊടുക്കിയ റെക്കാഡ് ഇനി കൊറോണയ്ക്കാണ്. ഇപ്പോഴും നിയന്ത്രണാതീതമായി തുടരുന്ന കൊറോണ, ചൈനയിൽ മാത്രം ഇതുവരെ കൊന്നൊടുക്കിയത് 717 പേരെയാണ്. ഒരു ജപ്പാൻ പൗരൻ ന്യുമോണിയ ബാധിച്ച് മരിച്ചിട്ടുണ്ട്. ഇയാൾക്ക് കൊറോണ ബാധയുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മുപ്പത്തിനാലായിരം കടന്നത് മരണസംഖ്യ ഇനിയും ഉയരാൻ ഇടയാക്കുമോ എന്ന ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഹുബേയിൽ മാത്രം ഇന്നലെ മരിച്ചത് 81 പേരാണ്.ചൈനക്ക് പുറത്ത് ഹോങ്കോംഗിലും ഫിലിപ്പീൻസിലുമായി രണ്ടുപേരും കൊറോണ ബാധിച്ച് മരിച്ചു. ഇതിനിടെ ചൈനയിൽ നിന്നെത്തുന്നവരെ നിരീക്ഷിക്കാൻ ഹോങ്കോംഗ് കൂടുതൽ നടപടികൾ പ്രഖ്യാപിച്ചു. ചൈനയിൽ നിന്നെത്തുന്നവരോട് രണ്ടാഴ്ചക്കാലം പൊതുവേദികളിൽ പ്രത്യക്ഷപ്പെടരുതെന്ന് ആവശ്യപ്പെട്ട ഹോങ്കോംഗ് നിയമം ലംഘിച്ചാൽ കടുത്ത നടപടി എടുക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഇതിനിടെ, കൊറോണയെ ചെറുക്കാൻ ലോകരാജ്യങ്ങളുടെ സഹായം അഭ്യർത്ഥിച്ച് ലോകാരോഗ്യ സംഘടന രംഗത്തെത്തി. 6,750 ലക്ഷം ഡോളറിന്റെ ധനസഹായം വേണമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ അഭ്യർത്ഥിച്ചു. വൈറസ് ബാധ നേരിടാൻ ചൈനയ്ക്ക് 1,000 ലക്ഷം ഡോളർ സഹായം അമേരിക്ക വാഗ്ദാനം ചെയ്തു.
വിദ്യാർത്ഥികൾ വീടുകളിലേക്ക് മടങ്ങി ; 15 പേർ നിരീക്ഷണത്തിൽകൊറോണ ഭീതിക്കിടെ ചൈനയിൽ നിന്ന് കൊച്ചിയിലെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾ പുലർച്ചെ വീടുകളിലേക്ക് മടങ്ങി. ഇന്നലെ രാത്രി എത്തിയ ഇവരെ കളമശേരി മെഡിക്കൽ കോളജിലെ ഐസലേഷൻ വാർഡിലേക്കാണ് ആദ്യം മാറ്റിയത്. വൈദ്യപരിശോധനയിൽ ആരോഗ്യനില തൃപ്തികരമായതിനാൽ വീടുകളിലേക്ക് മടങ്ങാൻ അനുവദിച്ചു. എല്ലാവരും ഇനി വീടുകളിൽ നിരീക്ഷണത്തിൽ തുടരും.
24 മണിക്കൂറിലേറെ നീണ്ട ആശങ്കകൾക്ക് വിരാമമിട്ടാണ് വിദ്യാർത്ഥികൾ നാട്ടിലെത്തിയത്. 15 മലയാളി വിദ്യാർത്ഥികൾക്കൊപ്പം തമിഴ്നാട്ടിൽ നിന്നുള്ള 2 പേരും ഉണ്ട്. ബാങ്കോക്ക് വഴിയുള്ള എയർ ഏഷ്യ വിമാനം 11 മണിക്ക് നെടുമ്പാശേരിയിൽ ഇറങ്ങി. ഇമിഗ്രേഷൻ പരിശോധനയും വിമാനത്താവളത്തിനുള്ളിലെ പ്രാഥമിക മെഡിക്കൽ പരിശോധനയും ഒരു മണിക്കൂറിൽ പൂർത്തിയായി. വിദ്യാർത്ഥികളുമായി വിമാനത്താവളത്തിലെ പ്രത്യേക വഴിയിലൂടെ പുറത്തുവന്ന ആംബുലൻസുകൾ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് തിരിച്ചു.സിംഗപ്പൂർ വഴിയുള്ള വിമാനടിക്കറ്റുകൾ സ്കൂട്ട് എയർലൈൻസ് അസാധുവാക്കുകയും മറ്റ് വിമാനക്കമ്പനികൾ യാത്രാ അനുമതി നിഷേധിക്കുകയും ചെയ്തതോടെയാണ് വിദ്യാർത്ഥികൾ വിമാനത്താവളത്തിൽ കുടുങ്ങിയത്. കേന്ദ്രമന്ത്രി വി.മുരളീധരൻ ഇടപെട്ടാണ് ഇവർക്ക് നാട്ടിലെത്താൻ വഴിയൊരുങ്ങിയത്.
ഇനി 80 പേർകൊറോണ രോഗം പടർന്നുപിടിച്ച ചൈനയിലെ വുഹാനിൽ ഇനിയും 80 ഇന്ത്യക്കാർ ബാക്കിയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവരിൽ 10 പേർക്ക് രോഗ ലക്ഷണങ്ങളുണ്ടെന്നാണ് വിവരം.
3014 പേർ നിരീക്ഷണത്തിൽകൊറോണ ബാധിച്ച വിവിധ രാജ്യങ്ങളിൽ നിന്നായി 3014 പേരാണ് സംസ്ഥാനത്ത് എത്തിയിട്ടുള്ളത്. അതിൽ 2953 പേർ വീടുകളിലും 61 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യം സംസ്ഥാനത്ത് ഇല്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.