ക്യാൻസറിനെ ചിരിച്ച് തോൽപ്പിച്ച താരങ്ങൾ...
ഇന്ന് ലോക ക്യാൻസർ ദിനമാണ്. ഐ ആം ആൻഡ് ഐ വിൽ എന്നാണ് ഈ വർഷത്തെ ക്യാൻസർ ദിനത്തിന്റെ ആപ്തവാക്യം. ക്യാൻസറിനെതിരെ പോരാടുകയും അതിജീവിക്കുകയും ചെയ്ത് മറ്റുള്ളവർക്ക് പ്രചോദനമായ ചില താരങ്ങളെ പരിചയപ്പെടാം.
ദിൽ സേ, മാൻ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക മനം കവർന്ന നടിയാണ് മനീഷ കൊയ്രാള. ക്യാൻസറിനെ അതിജീവിച്ചതിൽ ശ്രദ്ധേയയാണ് മനീഷ. അണ്ഡാശയ അർബുദമായിരുന്നു മനീഷയ്ക്ക്. ഏറെ നാളത്തെ യുഎസിലെ ചികിത്സകൾക്ക് ശേഷം അവർ ജീവിതത്തിലേക്ക് തിരികെയെത്തി.
മലയാളികൾക്ക് എക്കാലവും പ്രിയങ്കരനായ നടനാണ് ഇന്നസെന്റ്. 2013 ൽ തൊണ്ടയ്ക്ക് അർബുദ രോഗം ബാധിച്ചതിനെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. പിന്നീട് സുഖം പ്രാപിക്കുകയും അഭിനയരംഗത്തേക്ക് മടങ്ങിയെത്തുകയും രാഷ്ട്രീയ രംഗത്തേക്ക് ചുവടുവയ്ക്കുകയും ചെയ്തു.
തെന്നിന്ത്യയിൽ തന്നെ മികച്ച അഭിനേത്രികളിലൊരാളാണ് മംമ്ത മോഹൻദാസ്. കൈ നിറയെ സിനിമകളുമായി സജീവമാണിപ്പോൾ താരം. ദൃഢനിശ്ചയം കൊണ്ട് രണ്ടു തവണ ക്യാൻസറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെയെത്തി മംമ്ത. രോഗം പൂർണമായും ഭേദപ്പെട്ടു എന്ന് കരുതിയിരിക്കുമ്പോഴായിരുന്നു രണ്ടാം തവണ മംമ്ത ക്യാൻസർ പിടിയിലാകുന്നത്. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തി മംമ്ത ശക്തമായൊരു തിരിച്ചുവരവ് തന്നെ നടത്തി.
അർബുദത്തെ ഒരു ചിരിയോടു കൂടി നേരിട്ട് ആരാധകരുടെ ഹീറോയായി മാറിയ നടനാണ് ഇർഫാൻ ഖാൻ. 2018 മാർച്ചിലാണ് തനിക്ക് അർബുദമാണെന്ന് ഇർഫാൻ ഖാൻ ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. പിന്നീട് ഇദ്ദേഹത്തിന് ന്യൂറോ എൻഡോക്രൈൻ ട്യൂമർ ബാധിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. രോഗത്തെ മറികടന്ന് സിനിമ രംഗത്ത് സജീവമാണദ്ദേഹമിപ്പോൾ.
നടി സൊണാലി ബാന്ദ്രയ്ക്ക് ക്യാൻസറാണെന്ന വിവരം ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ദീർഘനാളത്തെ ന്യൂയോർക്കിലെ ചികിത്സകൾക്ക് ശേഷം അസുഖം പൂർണമായും ഭേദമായി താരം തിരികെയെത്തിയിരുന്നു. സ്തനാർബുദം ബാധിച്ച ശേഷം രോഗാവസ്ഥയേക്കുറിച്ചും ചികിത്സക്കിടെ അനുഭവപ്പെട്ട മാനസികവും ശാരീരികവുമായ പ്രയാസങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവച്ചിരുന്നു.