കൊറോണ വൈറസ്: ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
കൊറോണ വൈറസ് ഭീതിയിലാണ് ലോകം. രാജ്യത്ത് ആദ്യമായി കേരളത്തിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുകയാണ്. കൊറോണ വൈറസിനെപ്പറ്റി പൊതുവായ കാര്യങ്ങൾ നോക്കാം.
എന്താണ് കൊറോണ വൈറസ്...
ജലദോഷം മുതൽ സാർസ് വരെ പടർത്തുന്ന ഒരു വലിയ കൂട്ടം വൈറസുകളാണു കൊറോണ വൈറസ്. 1960 കളിലാണ് ഇതു മനുഷ്യരിൽ കണ്ടെത്തിയത്. മനുഷ്യരിൽ പ്രവർത്തിക്കുന്ന ഏഴിനം കൊറോണ വൈറസുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മൃഗങ്ങളിൽ ഒരു ഡസനോളം ഇനങ്ങളെ കണ്ടെത്തി. ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ കിരീടം പോലെ ഒരു ഭാഗം കാണാം എന്നതുകൊണ്ടാണു കൊറോണ വൈറസ് എന്ന പേരുവന്നത്. ലാറ്റിൻ ഭാഷയിൽ കൊറോണ എന്ന വാക്കിനർഥവും കിരീടം എന്നാണ്.
ഒറ്റ ആർഎൻഎ (റീബോന്യൂക്ലിയിക് ആസിഡ്) ജീനോം നാര് മാത്രമുള്ളതാണ് ഈ വൈറസ്. ശ്വാസകോശം, കുടലുകൾ, വൃക്കകൾ തുടങ്ങിയവയെ ബാധിക്കുന്ന വൈറസുകളാണിവ. 2012ൽ പടർന്ന മെർസ് (മിഡിൽ ഈസ്റ്റ് റെസ്പിരേറ്ററി സിൻഡ്രം) കൊറോണ വൈറസ് മൂലമുള്ള മറ്റൊരു രോഗമാണ്. പ്രധാനമായും മൃഗങ്ങളിൽ നിന്നാണു പകരുന്നതെന്നു കണക്കാക്കപ്പെടുന്നുവെങ്കിലും മനുഷ്യനിൽ നിന്നു മനുഷ്യനിലേക്കു പകരാനുള്ള സാധ്യതയെക്കുറിച്ചും ലോകാരോഗ്യ സംഘടന ഓർമിപ്പിക്കുന്നുണ്ട്.
രോഗലക്ഷണങ്ങളും മുൻകരുതലുകളും...
* പനി, കടുത്ത ചുമ, അസാധാരണ ക്ഷീണം, ശ്വാസതടസം, ശരീരവേദന, ജലദോഷം, തൊണ്ടവേദന എന്നിവയാണു മുഖ്യ ലക്ഷണങ്ങൾ.
* ന്യുമോണിയയ്ക്കു പുറമേ, പല രോഗികളിലും ശ്വാസകോശ നീർക്കെട്ടും കാണപ്പെടുന്നു.
* കൃത്യമായ ഇടവേളകളിലെ കൈകഴുകൽ, മാസ്ക് ഉപയോഗം, രോഗികളുമായും രോഗസാധ്യതയുള്ളവരുമായുമുള്ള അടുത്ത സമ്പർക്കം ഒഴിവാക്കൽ തുടങ്ങിയവ ശീലിക്കണം.
* ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും തൂവാലയോ തോർത്തോ ഉപയോഗിച്ച് മൂടുക.
* കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് എങ്കിലും കഴുകണം. സോപ്പും വെള്ളവും ലഭ്യമായില്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ സാനിട്ടൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുക.
* പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് കർശനമായി ഒഴിവാക്കുക.
വൈറസ് പകരുന്നതിങ്ങനെ...
ശ്വാസകോശ ദ്രവങ്ങളിലൂടെയാണ് വൈറസ് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നത്. മൂക്കും വായും മറക്കാതെ രോഗി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്താൽ ശ്വാസകോശ ദ്രവങ്ങൾ വായുവിൽ കലരാനും മറ്റുള്ളവർക്ക് പകരാനും കാരണമാവും. രോഗിയെ തൊടുക, ഹസ്തദാനം ചെയ്യുക തുടങ്ങിയവയിലൂടെ വൈറസ് പകരാം. വൈറസ് ഉള്ള പ്രതലങ്ങളിലോ വസ്തുക്കളിലോ തൊടുന്നതിലൂടെയും പകരാൻ ഇടയുണ്ട്.
പരിശോധന ഇങ്ങനെ...
ശ്വാസകോശ ദ്രവങ്ങൾ, രക്തം മുതലായവയിൽ നിന്നും വൈറസിനെ കണ്ടെത്താം. ഗുരുതരമായ അണുബാധയുണ്ടെങ്കിൽ മാത്രമേ ഇതിന് പ്രാധാന്യമുള്ളൂ.