കോൺഗ്രസിന് തലവേദന കുട്ടനാട്: അവകാശവാദവുമായി ഇരുവിഭാഗം കേരള കോൺഗ്രസുകളും
ആലപ്പുഴ: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കുട്ടനാട് സീറ്റിൽ ഇരു വിഭാഗം കേരള കോൺഗ്രസുകളും അവകാശവാദമുന്നയിച്ചു നിരന്തരം കലഹത്തിലേർപ്പെട്ടതോടെ യുഡിഎഫ് നേതൃത്വത്തിന് തലവേദനയാവുന്നു. സീറ്റിന് വേണ്ടി നിലപാട് കടുപ്പിച്ചും പരസ്പരം പോർവിളികൾ മുഴക്കിയും ജോസഫ്, മാണി വിഭാഗങ്ങൾ രംഗത്തു വന്നതോടെ പാലായ്ക്കു പിന്നാലെ ഒരു മണ്ഡലം കൂടി നഷ്ടമാവാതിരിക്കാനുള്ള അടവുകൾ പയറ്റുകയാണ് യുഡിഎഫ് നേതൃത്വം.
തോമസ് ചാണ്ടി എംഎല്‍എ മരിച്ചതിനെ തുടര്‍ന്നാണ് കുട്ടനാട്ടില്‍ ഉപതെരഞ്ഞെടുപ്പ്. സീറ്റിനു വേണ്ടി ആദ്യം അവകാശവാദവുമായി രംഗത്തു വന്നത് ജോസ് കെ. മാണി എംപിയായിരുന്നു. യുഡിഎഫിൽ പുനലൂർ നിയമസഭാ സീറ്റ് 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യം അനുവദിച്ചത് കേരള കോൺഗ്രസ് എമ്മിനാണ്. അന്നത്തെ കൊല്ലം ജില്ലാ പ്രസിഡന്റ് ബെന്നി കക്കാട് പ്രചരണ പ്രവർത്തനങ്ങൾ ആരംഭിച്ചതുമാണ്. അതിനു ശേഷം നടത്തിയ ചർച്ചകൾക്കൊടുവിൽ പിന്നീട് വരുന്ന ഒരു തെരഞ്ഞെടുപ്പിലേക്ക് പുനലൂരിന് പകരം കുട്ടനാട് സ്വീകരിക്കണമെന്ന യുഡിഎഫ് നേതൃത്വത്തിന്റെ ആവശ്യം പരിഗണിച്ച് കുട്ടനാട് പാർട്ടി സ്ഥാനാർഥി മത്സരിക്കുകയാണുണ്ടായത്. അങ്ങനെ പുനലൂർ വിട്ടുനൽകി പകരമായി ലഭിച്ച സീറ്റാണ് കുട്ടനാട്. അതുകൊണ്ട് കേരള കോൺഗ്രസ് എമ്മിന് അവകാശപ്പെട്ടതാണ് കുട്ടനാട് സീറ്റ്.
പാലാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ തോൽപ്പിക്കാൻ ജോസഫ് വിഭാഗം ശ്രമിച്ചപ്പോഴും യുഡിഎഫിന്റെ നിർദേശപ്രകാരം സൗമ്യമായ സമീപനമാണ് ജോസ് കെ. മാണി സ്വീകരിച്ചത്. അതിനാൽ കുട്ടനാട് സീറ്റിനു വേണ്ടി ഏറ്റവും അവകാശം തങ്ങൾക്കാണെന്നാണ് ജോസ് കെ. മാണി പക്ഷം വാദിക്കുന്നത്. രണ്ടില ചിഹ്നത്തിൽ തങ്ങളുടെ സ്ഥാനാർഥി കുട്ടനാട്ടിൽ മൽസരിക്കുമെന്നും അവർ പറയുന്നു. ഇതിനോടകം രണ്ട് പേരുകള്‍ ഉയര്‍ന്നുവന്നിട്ടുമുണ്ട്. കുട്ടനാട്ടില്‍ നിന്നുള്ള സംസ്ഥാന സമിതിയംഗം ഷാജോ കണ്ടക്കുടി, ബിനു ഐസക്ക് രാജു എന്നിവരാണ് മാണി വിഭാഗത്തിന്റെ പരിഗണനയില്‍ ഉള്ളത്.
അതേസമയം, കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് എബ്രഹാമിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് പി.ജെ. ജോസഫ് വിഭാഗം മുന്നോട്ടുപോവുകയാണ്. ജോസ് വിഭാഗം പ്രഖ്യാപിക്കുന്ന സ്ഥാനാർഥി യുഡിഎഫ് സ്ഥാനാർഥിയാകില്ലെന്നാണു ജോസഫ് പറയുന്നത്. കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കില്ലെന്നും ജോസഫ് പറയുന്നു. തുടർച്ചയായി തങ്ങൾ മത്സരിച്ചുകൊണ്ടിരിക്കുന്ന കുട്ടനാട് സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്ന് ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫ് എംഎൽഎയും ചൂണ്ടിക്കാട്ടിയിരുന്നു. പാർട്ടി ലയനത്തിനുശേഷം 2011ൽ നടന്ന തെരഞ്ഞെടുപ്പിൽ ചെയർമാൻ കെ.എം. മാണി പ്രഖ്യാപിച്ച ഡോ. കെ.സി. ജോസഫാണ് കുട്ടനാട്ടിൽ സ്ഥാനാർഥിയായത്. 2016 ൽ ജേക്കബ് എബ്രഹാം സ്ഥാനാർഥിയായതും അങ്ങനെതന്നെ.
അതേ സമയം കേരള കോണ്‍ഗ്രസിലെ ജോസഫ്, ജോസ് വിഭാഗങ്ങള്‍ തമ്മിലുള്ള ഉടക്ക് രൂക്ഷമായതോടെ കുട്ടനാട് സീറ്റില്‍ യുഡിഎഫിന്റെ പൊതുസ്ഥാനാര്‍ഥിയായി കേരള കോൺഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂരിന്റെ പേരും പരിഗണനയിലുണ്ട്. നെല്ലൂരിനെ പിന്തുണയ്ക്കുന്ന നിര്‍ദേശമാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും മുന്നോട്ടുവയ്ക്കുന്നത്. മണ്ഡലത്തില്‍ ക്രിസ്തീയ വിഭാഗങ്ങളില്‍ ഭൂരിപക്ഷമുള്ള കത്തോലിക്കാ വിഭാഗത്തില്‍പ്പെട്ട വ്യക്തിയെന്നതും സഭയുടെ പിന്തുണയും ജോണി നെല്ലൂരിനെ പരിഗണിക്കാന്‍ കോണ്‍ഗ്രസിനെ നിര്‍ബന്ധിക്കുന്നു. ജോണി നെല്ലൂരാണെങ്കില് കേരള കോണ്‍ഗ്രസിന്റെ ഇരുവിഭാഗങ്ങളുടെയും പിന്തുണ ലഭിക്കുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.
അതേസമയം, തര്‍ക്കം രൂക്ഷമായി തുടർന്നാൽ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്നും ഡിസിസി പ്രസിഡന്റ് എം. ലിജുവിനെ രംഗത്തിറക്കണമെന്നുമാണ് യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ളവരുടെ നിലപാട്. ഇരുവിഭാഗം കേരള കോൺഗ്രസുകളും ചേരിതിരിഞ്ഞ് പരസ്യ ഏറ്റുമുട്ടലുമായി രംഗത്തെത്തിയതോടെ കുട്ടനാട് സീറ്റിന്റെ കാര്യത്തില്‍ വൻ പ്രതിസന്ധിയാണ് കോൺഗ്രസിൽ രൂപപ്പെട്ടിരിക്കുന്നത്.