അമ്മയെ കൊന്നു; പിന്നാലെ സുഹൃത്തിനെയും; ക്രൂരകൊലപാതകം ഇങ്ങനെ
കോഴിക്കോട്: ബേപ്പൂർ ചാലിയം ഭാഗത്ത് വിവിധ ഭാഗങ്ങളിൽ നിന്നായി മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ രണ്ട് വർഷത്തിന് ശേഷം പ്രതി പിടിയിൽ. ബിർജു എന്ന ആളാണ് പിടിയിലായത്. കോഴിക്കോട് മുക്കത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നാല് കേസുകളിലെ പ്രതിയായ കരുവാരക്കുണ്ട് സ്വദേശി ഇസ്മയിലാണ് കൊല്ലപ്പെട്ടതെന്ന് ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ തച്ചങ്കരി പറഞ്ഞു.
2017 ല്‍ കോഴിക്കോട്ടെ ചാലിയം, മുക്കം എന്നിവിടങ്ങളില്‍ നിന്നാണ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഡിഎന്‍എ പരിശോധനയിലൂടെയാണ് കൊല്ലപ്പെട്ടത് ഇസ്മയില്‍ തന്നെയാണെന്ന് തിരിച്ചറിഞ്ഞത്. വിരലടയാളവും കൊല്ലപ്പെട്ടയാളുടെ അമ്മയുടെ രക്ത സാമ്പിളുമാണ് കേസന്വേഷണത്തില്‍ നിര്‍ണായകമായതെന്ന് ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ തച്ചങ്കരി മാധ്യമങ്ങളോട് പറഞ്ഞു.
പ്രതി ഇതിന് മുമ്പ് ഒരു കൊലപാതകം നടത്തിയെന്നും അന്വേഷണ സംഘം കണ്ടെത്തി. ബിർജുവും ഇസ്മയിലും ചേർന്ന് ബിർജുവിന്റെ അമ്മ ജയവല്ലിയെ 2014 ല്‍ കൊലപ്പെടുത്തിയിരുന്നു. അമ്മയുടെ സ്വത്ത് ലഭിക്കാൻ വേണ്ടിയായിരുന്നു കൊലപാതകം. ഈ കൊലപാതകത്തിന്റെ ക്വട്ടേഷന്‍ തുക ചോദിച്ചതിനാണ് 2017 ല്‍ ഇസ്മയിലിനെ കൊന്നത്.
കഴുത്ത് മുറുക്കിയാണ് ഇസ്മയിലിനെ ബിർജു കൊന്നത്. കൊലപാതകത്തിനായി എന്‍ഐടി പരിസരത്ത് നിന്ന് സർജിക്കൽ ബ്ലേഡും, ചാക്കും വാങ്ങി. കൊലയ്ക്ക് ശേഷം ശരീര ഭാഗങ്ങൾ മുറിച്ച് വിവിധ ഭാഗങ്ങളിൽ നിക്ഷേപിച്ചു. ഇസ്മയിലിന്റെ ശരീരഭാഗങ്ങളാണ് ബേപ്പൂരിൽ കണ്ടെത്തിയത്. ഇസ്മയിലിനെ ഇയാൾ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ ഉപേക്ഷിക്കുകയായിരുന്നു.
കേസിന്റെ നാൾവഴികൾ...
2017 ജൂൺ 28 ന് ഇസ്മയിലിന്റെ ആദ്യ ശരീരഭാഗം ചാലിയം കടപ്പുറത്ത് നിന്ന് ലഭിച്ചു. ഇടതു കൈയുടെ ഭാഗമാണ് ആദ്യം കിട്ടിയത്. മൂന്ന് ദിവസത്തിന് ശേഷം ഇതേ സ്ഥലത്ത് നിന്ന് വലതു കൈയും ലഭിച്ചു. അന്വേഷണം നടക്കുന്നതിനിടെ മലയോര മേഖലയായ മുക്കം എസ്റ്റേറ്റ് റോഡരികില്‍ നിന്ന് കൈകളും കാലും തലയും വെട്ടിമാറ്റിയ നിലയില്‍ ഉടല് മാത്രം ചാക്കിനുള്ളില്‍ കണ്ടെത്തി.
ഒരാഴ്ച കഴിഞ്ഞ് കൈകള്‍ ലഭിച്ച ചാലിയം തീരത്തു നിന്ന് തലയോട്ടിയും ലഭിച്ചു. വിദഗ്ധ പരിശോധനയില്‍ എല്ലാ ശരീര ഭാഗങ്ങളും ഒരാളുടേതാണെന്ന് കണ്ടെത്തി. എന്നാൽ മരിച്ചത് ആരാണെന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല.
2017 ഒക്ടോബർ നാലിന് പൊലീസിൽ നിന്ന് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞതോടെയാണ് കേസിൽ തുമ്പുണ്ടാകുന്നത്. ഇസ്മയിലിന് ഒരു കൊലപാതകത്തിൽ പങ്കുണ്ടെന്ന് സുഹൃത്തുക്കളിൽ നിന്ന് മനസിലായതോടെയാണ് കേസിൽ വഴിത്തിരിവുണ്ടാകുന്നത്. ഇസ്മയിലിന്റെ അടുപ്പക്കാരെ അന്വേഷിച്ച പൊലീസ് ഇയാൾ ജോലി ചെയ്തിരുന്ന ഭൂ ഉടമയിലേക്ക് എത്തി.
ഭൂ ഉടമയുടെ മകൻ ബിർജുവുമായി ഇസ്മയിലിന് അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി. ബിർജുവിനെ അന്വേഷിച്ച പൊലീസിന് ഇയാൾ ചാലിയത്തു നിന്നും ഭൂമി വിറ്റുപോയെന്നാണ് അറിയാൻ കഴിഞ്ഞത്. ബിർജുവിനെ തമിഴ്നാട്- കേരള അതിർത്തിയിൽ വയനാട് ബക്കിക്കടുത്ത് കണ്ടെത്തിയതോടെ പ്രതിയിലേക്ക് വേഗമെത്താൻ പൊലീസിനായി.