കൗതുകക്കാഴ്ചയല്ല, മരടിന്റെ കണ്ണീര്‍ക്കാഴ്ച
കേരള ചരിത്രത്തില്‍ ഇന്നു പുതിയൊരു ഏട് രേഖപ്പെടുത്തുകയാണ്. പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചു നിര്‍മിച്ച പാര്‍പ്പിട സമുച്ചയങ്ങള്‍, സുപ്രീം കോടതിയുടെ വിധി മാനിച്ച് ഇന്നും നാളെയുമായി പൊളിച്ചു കളയുന്നു. കൊച്ചി മുനിസിപ്പല്‍ കോര്പ്പറേഷന് പരിധിക്കുള്ളില്‍ മരടു നഗരസഭയില്‍ നിര്‍മിച്ച ആല്‍ഫ സെറിന്‍ ഇരട്ട ഫ്ലാറ്റുകള്‍, ജയിന് കോറല്‍ കോവ്, ഹോളി ഫെയ്ത്ത് എച്ച് 2 ഒ, കെ.പി. വര്‍ക്കി ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ലാറ്റുകളാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തു കളയുന്നത്.
ഈ അഞ്ചു ഫ്ലാറ്റ് സമുച്ചയങ്ങളിലും കൂടി 343 താമസ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. ഓരോന്നിനും ഒരു കോടിയിലധികം രൂപ മതിപ്പു വില വരും. ചിലതൊക്കെ അത്യാഡംബരമാക്കി രണ്ടു കോടിയിലധികം രൂപയുടെ മൂല്യം വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതെല്ലാം പരിഗണിക്കുമ്പോള്‍ ഏകദേശം നാനൂറു കോടി രൂപ മുദ്ര വില വരുന്ന പാര്‍പ്പിട സമുച്ചയങ്ങളാണ് രണ്ടു കോടി രൂപ ചെലവില്‍ പൊളിച്ചുമാറ്റുന്നത്. ഈ സങ്കടക്കാഴ്ചയ്ക്കിടയില് വേമ്പനാട് കായലോരത്തു നിര്‍മിച്ചിരിക്കുന്ന കാപികോ റിസോർട്ടിനും മരണ വോറണ്ട് പുറപ്പെടുവിച്ചിരിക്കയാണു സുപ്രീം കോടതി ഇന്നലെ.
ഇങ്ങനെയൊരു പൊളിച്ചടുക്കല്‍ നടക്കുമ്പോള്‍, അതിനു പിന്നിലെ നിയമവശങ്ങളെക്കുറിച്ചും അധികാര കേന്ദ്രങ്ങളില്‍ നടന്ന കൊടിയ അഴിമതികളെക്കുറിച്ചുമൊക്കെ വളരെ വിശദമായിത്തന്നെ പരിശോധിക്കേണ്ടതുണ്ട്. നിയമലംഘനങ്ങളെക്കുറിച്ചു വ്യക്തമായ തെളിവുകളുണ്ടെങ്കിലും അതിലേക്കു വഴിതുറക്കുന്നതിന് ഭരണ യന്ത്രത്തിനു സംഭവിക്കുന്ന പിഴവുകളും കാണാതിരുന്നുകൂടാ. 1986ലെ പരിസ്ഥിതി സംരക്ഷണ നിയമം സെക്ഷന്‍(3) പ്രകാരമുള്ള നിയമലംഘനമാണു മരടില്‍ സംഭവിച്ചത്.
ഈ നിയമത്തിന്റെ പരിരക്ഷയില്‍ വരുന്ന കോസ്റ്റല്‍ റെഗുലേറ്ററി ക്യാറ്റഗറി സോണ്‍ 3ല്‍ വരുന്ന സ്ഥലങ്ങളിലാണ് അഞ്ചു ഫ്ലാറ്റുകളും നിര്‍മിച്ചിരിക്കുന്നത്. ഈ മേഖലയിലെ ജലാശയങ്ങളില്‍ നിന്ന് 200 മീറ്റര്‍ അകലെ മാത്രമേ വലിയ നിര്‍മിതികള്‍ അനുവദിക്കുന്നുള്ളൂ. എന്നാല്‍ പൊളിക്കാന്‍ വിധിക്കപ്പെട്ട മുഴുവന്‍ ഫ്ലാറ്റുകളും ശരാശരി അന്‍പതു മീറ്റര്‍ പോലും ദൂരപരിധി പാലിച്ചിട്ടില്ല. ഇത്രയും വലിയ നിയമലംഘനം കണ്ടുപിടിക്കേണ്ട അധികാരികള്‍ ഉറങ്ങുകയായിരുന്നോ എന്ന ചോദ്യം ബാക്കി.
അധികൃതരില്‍ നിന്ന് എല്ലാവിധ അനുമതി പത്രങ്ങളും വൈദ്യുതി കണക്ഷനും കുടിവെള്ള കണക്ഷനും എല്ലാം ലഭിച്ച ശേഷം എന്തിനാണു തങ്ങളെ നിഷ്കരുണം ഇറക്കിവിട്ടതെന്ന ഫ്ലാറ്റ് ഉടമകളുടെ ചോദ്യത്തിനും ഉത്തരമില്ലായിരുന്നു. കേരള കോസ്റ്റല്‍ സോണ്‍ മാനെജ്മെന്റ് അഥോറിറ്റിയുടെ ഹര്‍ജിയിലാണു ഫ്ലാറ്റുകള്‍ പൊളിക്കാന്‍ സുപ്രീം കോടതി വിധിച്ചത്. എന്നാല്‍ വിവാദ ഫ്ലാറ്റുകള്‍ക്ക് അനുമതി ലഭിച്ചപ്പോള്‍ ഈ അഥോറിറ്റി നിലവില്‍ ഇല്ലായിരുന്നു എന്ന നിര്‍മാതാക്കളുടെ വാദം ശരിയല്ല. 1986 മുതല്‍ ഈ അഥോറിറ്റിക്കു നിയമ സാധുതയുണ്ട്. 2006ല്‍ അന്നത്തെ മരട് ഗ്രാമ പഞ്ചായത്ത് ആണ് ഫ്ലാറ്റുകള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയത്.
സിആര്‍എസ് 3 ക്യാറ്റഗറിയില്പ്പെട്ട സ്ഥലമായിരുന്നില്ല അന്ന് ഈ പ്രദേശമെന്ന വാദത്തിനു പ്രസക്തിയുണ്ട്. എന്നാല്‍, ഗ്രാമ പഞ്ചായത്ത് നഗരസഭയായി മാറിയപ്പോള്‍, അതുവരെയുണ്ടായിരുന്ന നിയമ ലംഘനങ്ങള്‍ക്ക് അനുമതി തേടാന്‍ തദ്ദേശ വകുപ്പിലെ അധികൃതര്‍ തയാറായതുമില്ല. നിയമവിരുദ്ധമായി നിര്‍മിച്ചതെന്നു തീരസംരക്ഷണ മേഖലാ മാനെജ്മെന്റ് അധികൃതര്‍ പറയുന്ന ഫ്ലാറ്റുകള്‍ വലിയ വിലയ്ക്കു വിറ്റഴിക്കുന്നതു വരെ എന്തുകൊണ്ടു കണ്ണടച്ചു എന്ന ചോദ്യത്തിന് ഉത്തരം, നിയമങ്ങള്‍ വിലയ്ക്കെടുക്കാമെന്ന എല്ലാവരുടെയും അതിരുവിട്ട ആത്മവിശ്വാസമായിരുന്നു എന്നു സമ്മതിക്കേണ്ടി വരും.
മരട് ഫ്ലാറ്റ് കേസില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ കൈകോര്‍ത്തതും ഈ പ്രതീക്ഷയിലായിരുന്നു. എന്നാല്‍, കേരളത്തിലടക്കമുണ്ടായിട്ടുള്ള പ്രകൃതി ദുരന്തങ്ങള്‍ ചൂണ്ടിക്കാട്ടി, സുപ്രീം കോടതി എല്ലാ എതിര്മുഖങ്ങളെയും ഖണ്ഡിച്ചു. ഇനിയാണ് ഇതിലെല്ലാം വലിയ ഒരു ചോദ്യം ഉയരുന്നത്. പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചു നിര്‍മിച്ച ഫ്ലാറ്റുകള്‍ പൊളിക്കുമ്പോഴുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് എന്താണു പ്രതിവിധിയെന്ന് ആരും പറയുന്നില്ല.
ഏതാണ്ട് 6.8 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി വരുന്ന കൂറ്റന്‍ കെട്ടിട സമുച്ചയങ്ങള്‍ ഇടിച്ചു നിരത്തുമ്പോള്‍ ഉണ്ടാകുന്ന 76,350 മെട്രിക് ടണ്‍ മാലിന്യങ്ങള്‍ എവിടെക്കൊണ്ടു തള്ളും? നിയന്ത്രിത സ്ഫോടനത്തിലൂടെ പൊട്ടിപ്പൊളിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനത്തില്‍ സമീപത്തുള്ള മറ്റു ഫ്ലാറ്റുകള്‍ക്കും പാലങ്ങള്‍ക്കും മറ്റു നിര്മിതികള്ക്കുമുണ്ടാകുന്ന ബലക്ഷയം കണ്ടില്ലെന്നു നടിക്കാനാവുമോ? ഇത്തരത്തിലുള്ള നാശനഷ്ടങ്ങളുടെ ശരിയായ കണക്കു കിട്ടാന്‍ കാലങ്ങള്‍ കാത്തിരിക്കേണ്ടി വരും. വര്‍ഷങ്ങള്‍ക്കു ശേഷം സംഭവിക്കാവുന്ന ഇത്തരം നഷ്ടങ്ങള്‍ക്ക് ആരു സമാധാനം പറയും?
സിആര്‍സെഡ് 3 മേഖലയിലെ വാട്ടര്‍ ഫ്രണ്ട് കെട്ടിട സമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത് നീരൊഴുക്കു തടസപ്പെടുന്നതടക്കമുള്ള പരിസ്ഥിതി പ്രശ്നങ്ങള്‍ പരിഗണിച്ചാണ്. ഇങ്ങനെ നീരൊഴുക്കു തടയുന്നതു മുകളിലേക്കുള്ള നിര്‍മിതികള്‍ മാത്രമല്ല. ഭൂമിക്കടിയില്‍ പൈലില്‍ ഉറപ്പിച്ചിരിക്കുന്ന പടുകൂറ്റന്‍ പില്ലറുകള്‍ക്കും അതില്‍ പങ്കുണ്ട്. ഭൂമിക്കടിയിലേക്ക് മുപ്പതു മീറ്റര്‍ വരെ ആഴത്തില്‍ പൈലുകള്‍ താഴ്ത്തിയിട്ടുണ്ട് മരടില്‍. ഇവയൊന്നും നീക്കം ചെയ്യാന്‍ കോടതി ഉത്തരവിട്ടില്ല.
ഈ അനാഥ പൈലുകള്‍ ഭൂമിക്കടിയില്‍ അതേപടി നിലനിന്നാല്‍ ഫ്ലാറ്റുകള്‍ പൊളിച്ചുകളയുന്നതു മൂലമുണ്ടാകുമെന്നു കരുതുന്ന പരിസ്ഥിതി സുരക്ഷ ഉറപ്പില്ല. ഭൂമിക്കടിയില്‍ നിന്ന് ഈ പില്ലറുകള്‍ പിഴുതെടുത്താല്‍ സമീപ പ്രദേശത്തുള്ള ഒട്ടുമിക്ക നിര്‍മിതികളും അതീവ ഗുരുതരമായ ബലക്ഷയം നേരിടേണ്ടി വരും. ഇത്തരം സങ്കീര്‍ണതകളെല്ലാം ബാക്കിവച്ചാണു മരടിലെ അഞ്ചു ഫ്ലാറ്റുകള്‍ ഇന്നു മണ്ണടിയുന്നത്.
കേരളം മുഴുവന്‍ കാത്തിരിക്കുന്ന ഒരു കൗതുകക്കാഴ്ചയല്ല അതെന്ന് ഉറപ്പ്. പലരുടെയും വിയര്‍പ്പില്‍ കുരുത്തുപൊന്തിയ നാനൂറു കോടി രൂപയും അനേകരുടെ ജീവിത സ്വപ്നങ്ങളും കഷ്ടിച്ച് ഒരു മിനിറ്റില്‍ താഴെ സമയം കൊണ്ടു മണ്ണടിയുന്ന ദുരന്തക്കാഴ്ചയാണ് ഇന്നു മരടിനെ കാത്തിരിക്കുന്നത്. കേരളത്തില്‍ ഒരിടത്തും ഇനി ആവര്‍ത്തിക്കാതിരിക്കട്ടെ, ഈ കണ്ണീര്‍ക്കാഴ്ച.