സ്വാശ്രയ ചര്‍ച്ച പരാജയം: ഹൈബി ഈഡനെയും ഷാഫി പറമ്പിലിനെയും ആശുപത്രിയിലേക്ക് മാറ്റി; ബല്‍റാമും, റോജിയും സമരം ഏറ്റെടുത്തു
തിരുവനന്തപുരം: സ്വാശ്രയ പ്രശ്നം പരിഹരിക്കുന്നതിനായി മുഖ്യമന്ത്രിയും സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന് പ്രതിനിധികളും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. മെഡിക്കല്‍ ഫീസ് കുറക്കുകയോ സ്കോളര്‍ഷിപ്പ് നല്‍കുകയോ ചെയ്യില്ലെന്നും ഈ വിഷയം അടഞ്ഞ അധ്യായമാണെന്നും അസോസിയേഷന് പ്രസിഡന്റ് കൃഷ്ണകുമാര്‍ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാറുമായി ഇനി ചര്‍ച്ചയില്ല. രാവിലെ ചേര്‍ന്ന അസോസിയേഷന് ഭാരവാഹികളുടെ യോഗത്തില്‍ ഫീസ് കുറക്കുന്നതിനോ സ്കോളര്‍ഷിപ്പ് നല്‍കുന്നതിനോ അംഗങ്ങള്‍ അനുകൂലിച്ചിട്ടില്ല. കോളജുകള്‍ നടത്തി കൊണ്ടു പോകുന്നതിന്റെ ബുദ്ധിമുട്ടുകളാണ് ചര്‍ച്ച ചെയ്തതെന്നും കൃഷ്ണകുമാര്‍ അറിയിച്ചു.
രാവിലെ ആരോഗ്യ മന്ത്രി കെ.കെ ശൈലജയുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് മാനേജ്മെന്റ് പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്. ഈ ചര്‍ച്ചയാണ് പരാജയപ്പെട്ടത്. ആരോഗ്യ വകുപ്പ് സെക്രട്ടറിയുമായും അസോസിയേഷന് ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മെറിറ്റ് സീറ്റില്‍ പ്രവേശം നേടുന്ന പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഫീസിളവ് നല്‍കാമെന്നാണ് എം.ഇ.എസ് അടക്കമുള്ള മാനേജുമെന്റുകള്‍ നിലപാട് സ്വീകരിച്ചിരുന്നത്.
സ്വാശ്രയ പ്രശ്നത്തില്‍ വരും ദിവസങ്ങളില്‍ സമരം ശക്തമാക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിഷയത്തില്‍ നിഷേധാത്മക സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. നേരത്തെ പ്രഖ്യാപിച്ച സമര പരിപാടികളുമായി യു.ഡി.എഫ് മുന്നോട്ടു പോകുമെന്നും ചെന്നിത്തല മാധ്യമങ്ങളെ അറിയിച്ചു. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്കാന് മാനേജ്മെന്റ് തയാറായാല്‍ സമരം അവസാനിപ്പിക്കാമെന്നാണ് യു.ഡി.എഫ് നേരത്തെ തീരുമാനിച്ചിരുന്നത്.
മുഖ്യമന്ത്രിയുടെ മര്‍ക്കടമുഷ്ടിയാണ് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കിയതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ഫീസ് കുറയ്ക്കാന്‍ മാനേജ് മെന്റുകള്‍ സ്വയം സന്നദ്ധരായി മുന്നോട്ടുവന്നു. എന്നാല്‍ മുഖ്യമന്ത്രി ഇത് അനുവദിച്ചില്ല. മുഖ്യമന്ത്രി മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റിനെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. വളരെ നിഷേധാത്മകമായ സമീപനമാണ് മുഖ്യമന്ത്രിയുടേത്. മുഖ്യമന്ത്രിയാണ് ഇന്ന് നടന്ന ചര്‍ച്ചകളെല്ലാം പരാജയപ്പെടുത്തിയത്. ഇത്രയും ധിക്കാരപരമായ സമീപനം ഒരു മുഖ്യമന്ത്രിയും സ്വീകരിച്ചിട്ടില്ലെന്നും സമരവുമായി ശക്തമായി മുന്നോട്ടുപോകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
അതേസമയം, ഏഴു ദിവസമായി നിരാഹാര സമരം നടത്തുന്ന യു.ഡി.എഫ് എം.എല്‍.എമാരായ ഷാഫി പറമ്പിലിനെയും ഹൈബി ഈഡനെയും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി വളരെ മോശമാണെന്നും ആശുപത്രിയിലേക്ക് മാറ്റണമെന്നുമുള്ള ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് നേതൃത്വം ഇടപെട്ട് ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാലു മണിയോടെ പ്രത്യേക ആംബുലന്‍സിലാണ് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത്.
ഇവര്‍ക്ക് പകരം യു.ഡി.എഫ് എം.എല്‍.എമാരായ വി.ടി.ബല്‍റാം, റോജി എം. ജോണ്‍ എന്നിവര്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. മുസ്ലിം ലീഗ് എംഎല്‍എമാരായ ടി.വി.ഇബ്രാഹിം, പി. ഉബൈദുള്ള എന്നിവര്‍ അനുഭാവ സത്യാഗ്രഹം നടത്തുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.