രണ്ട് വര്‍ഷത്തിനുള്ളില്‍ കാലിത്തീറ്റ വിപണിയുടെ പകുതി കേരള ഫീഡ്സിനു സ്വന്തമാകും: മുഖ്യമന്ത്രി
തൊടുപുഴഅടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ കാലിത്തീറ്റ വിപണിയുടെ പകുതിയും കേരള ഫീഡ്സിന്റെ വിഹിതമായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
തൊടുപുഴയിലെ അരിക്കുഴയില്‍ പൊതു മേഖലാ കാലിത്തീറ്റ ഉത്പാദന സ്ഥാപനമായ കേരള ഫീഡ്സിന്റെ 500 മെട്രിക് ടണ്‍ ഉത്പാദന ശേഷിയുള്ള പുതിയ ഫാക്ടറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെങ്കിലും വികസന സംരംഭങ്ങള്‍ ആരംഭിക്കുന്നതിലും പൂര്‍ത്തീകരിക്കുന്നതിലും സര്‍ക്കാര്‍ മികച്ച ശ്രമം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള ഫീഡ്സിന്റെ തൊടുപുഴ യൂണിറ്റിന്റെ നിര്‍മ്മാണം നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനായത് നേട്ടമാണ്. പ്രളയ സമയത്ത് ക്ഷീരകര്‍ഷകര്‍ക്ക് വില കുറച്ച് കാലിത്തീറ്റ നല്കാന് തയ്യാറായി സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന കേരള ഫീഡ്സിനെ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. മായം ചേര്‍ന്ന ഉത്പന്നങ്ങളില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കുന്നതിനു വേണ്ടി നാല് തട്ടിലുള്ള ഗുണമേൻമാ പരിശോധന പൂർത്തിയാക്കിയാണ് കേരള ഫീഡ്സ് ഉത്പന്നങ്ങൾ വിപണിയിലെത്തുന്നത്. ഇതു വഴി വിഷരഹിതമായ പാലും മുട്ടയും ജനങ്ങളിലേക്കെത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാല് അടിസ്ഥാനമാക്കിയുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ സംസ്ഥാനത്തുണ്ടാകണം. ഇത് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും വിദേശത്തും വിപണനം നടത്താനും നമുക്ക് സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫെബ്രുവരിയില്‍ സംസ്ഥാനം പാലിന്റെ കാര്യത്തില്‍ സ്വയംപര്യാപ്ത കൈവരിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന സംസ്ഥാന വനം-മൃഗസംരക്ഷണം-ക്ഷീരവികസനം വകുപ്പ് മന്ത്രി അഡ്വ. കെ രാജു പറഞ്ഞു. കര്‍ഷകര്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് കാലിത്തീറ്റ നല്‍കണമെന്ന നിര്‍ബന്ധം സര്‍ക്കാരിനുള്ളതു കൊണ്ടാണ് വില കൂട്ടാന്‍ അനുമതി നല്‍കാത്തതെന്ന് മന്ത്രി പറഞ്ഞു. ഈ അധിക ഭാരം കാരണം നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള ഫീഡ്സിന്റെ സദുദ്ദേശം കര്‍ഷകര്‍ മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു. വീടുകള്‍ കേന്ദ്രീകരിച്ച് ചെറുകിട കോഴിവളര്‍ത്തല്‍ നടത്തുന്ന കര്‍ഷകര്‍ക്ക് വേണ്ടിയാണ് പുതിയ കോഴിത്തീറ്റ വിപണിയിലിറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അത്യുല്പാദന ശേഷിയുള്ള കറവപ്പശുക്കള്‍ക്കായി കേരള ഫീഡ്സ് പുറത്തിറക്കുന്ന ഡയറി റിച്ച് പ്ലസ് കാലിത്തീറ്റയുടെ വിപണനോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. കേരള ഫീഡ്സ് പുറത്തിറക്കുന്ന കൈരളി, അതുല്യം എന്നീ കോഴിത്തീറ്റകളുടെ വിപണനോദ്ഘാടനം മന്ത്രി കെ.രാജു നിര്‍വഹിച്ചു.
പാലിന്റെ കൃത്യമായ വിലനിര്‍ണയം നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ പി.ജെ ജോസഫ് എംഎല്‍എ ചൂണ്ടിക്കാട്ടി. നാടന്‍ പശുക്കളെ വളര്‍ത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ അദ്ദേഹം അഭിനന്ദിച്ചു.
ജില്ലയില്‍ കേരള ഫീഡ്സ് ഉത്പന്നങ്ങള്‍ ഏറ്റവുമധികം വില്പന നടത്തിയ സ്വകാര്യ ഡീലര്‍മാര്‍ക്കും സൊസൈറ്റികള്ക്കുമുള്ള ഉപഹാരങ്ങളും ചടങ്ങില്‍ സമര്‍പ്പിച്ചു.
കര്‍ഷകരെ സഹായിക്കുന്നതിനായി കൈക്കൊണ്ട നടപടികളും കാലിത്തീറ്റ ഉത്പാദന അസംസ്കൃത വസ്തുക്കളുടെ അനിയന്ത്രിതമായ വിലവര്‍ധനയുമാണ് കേരള ഫീഡ്സിന്റെ നഷ്ടത്തിനു കാരണമെന്ന് കെഫ്എല് ചെയര്മാന് കെ എസ് ഇന്ദുശേഖരന്‍ നായര്‍ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. ഇക്കാരണം പറഞ്ഞ് കര്‍ഷകരോടുള്ള പ്രതിബദ്ധതയില്‍ നിന്ന് കേരള ഫീഡ്സ് പുറകോട്ടു പോയിട്ടില്ല. തൊടുപുഴയിലെ ആധുനിക ഫാക്ടറി അതിന്റെ ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന് പുറത്തു നിന്നെത്തുന്ന അസംസ്കൃത വസ്തുക്കളുടെ വില കൂടുന്നത് കര്ഷകരിലേക്കെത്തിക്കാതെ നോക്കുന്നത് കേരള ഫീഡ്സാണെന്ന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു കൊണ്ട് എംഡി ഡോ. ബി ശ്രീകുമാര്‍ പറഞ്ഞു. കമ്പനിയുടെ പ്രധാന കര്‍ത്തവ്യം ക്ഷീരകര്‍ഷകരെ സഹായിക്കുകയാണ്. മികച്ച കറവയുള്ള പശുക്കള്‍ ഏറ്റവുമധികമുള്ള ജില്ലകളിലൊന്നാണ് ഇടുക്കി. കേരള ഫീഡ്സ് ഡയറി റിച്ച് പ്ലസ് കാലിത്തീറ്റ ഇത്തരം അത്യുല്പാദന ശേഷിയുള്ള പശുക്കള്‍ക്ക് വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഉഷ പത്മനാഭന് നന്ദി പ്രകാശിപ്പിച്ചു.
മില്‍മ ചെയര്മാന് പി എ ബാലന് മാസ്റ്റര്‍, തൊടുപുഴ നഗരസഭ അധ്യക്ഷ പ്രൊഫ. ജെസ്സി ആന്റണി, മണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സ ജോണ്‍, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന-ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അരിക്കുഴ ഫാക്ടറി
ഇടുക്കി പാക്കേജിന്റെ ഭാഗമായി ഡോ.എംഎസ് സ്വാമിനാഥന് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അരിക്കുഴ കൃഷിഫാമില്‍നിന്ന് സര്‍ക്കാര്‍ പാട്ടമായി അനുവദിച്ച പത്ത് ഏക്കറിലാണ് പുതിയ ഫാക്ടറി സ്ഥാപിച്ചിരിക്കുന്നത്. 75.75 കോടി രൂപ ചെലവില്‍ പുതിയ പ്ലാന്റ് പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാകുന്നതോടെ കേരള ഫീഡ്സിന്റെ മൊത്തം ഉല്പാദന ശേഷി പ്രതിദിനം 1750 ടണ്‍ ആകും. 1350 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഫിനിഷ്ഡ് പ്രോഡക്ട് ഗോഡൗണ്‍, 3300 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള അസംസ്കൃത വസ്തു സംഭരണ ഗോഡൗണ്‍ എന്നിവയടങ്ങിയതാണ് പ്ലാന്റ്. സ്വിറ്റ്സര്‍ലാന്റിലെ ബ്യൂളര്‍ കമ്പനിയുടെ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഈ പ്ലാന്റിലെ ഉത്പാദനം പൂര്‍ണമായും ഓട്ടോമേറ്റഡ് ആയിരിക്കും.