ഗവർണറുമായി പോര്: ആകാംക്ഷയിൽ നയപ്രഖ്യാപനം
തിരുവനന്തപുരം: ഗവർണർ ഒരു ഭാഗത്തും ഭരണ - പ്രതിപക്ഷങ്ങൾ മറുഭാഗത്തും പോരടിച്ചു നിൽക്കവേ സംസ്ഥാന സർക്കാരിന്റെ അടുത്ത നയപ്രഖ്യാപനം ആകാംക്ഷയുടെ മുൾമുനയിലായി. ഇനി വരുന്ന മന്ത്രിസഭാ യോഗമാണു നയപ്രഖ്യാപന പ്രസംഗത്തിനുള്ള തീയതി നിശ്ചയിക്കുക. ഈ മാസം 24 ആണ് നയപ്രഖ്യാപനത്തിനു പരിഗണിക്കുന്നതെന്നാണ് സൂചന.
സർക്കാരിനുവേണ്ടി നയപ്രഖ്യാപന പ്രസംഗം നടത്തേണ്ടത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ്. നിലവിലുള്ള സാഹചര്യത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള പരാമർശം അതിൽ ഉണ്ടാവുമെന്നുറപ്പാണ്. എന്നാൽ ആ ഭാഗം ഗവർണർ വായിക്കുമോ അതോ വിട്ടുകളയുമോ എന്നാണറിയേണ്ടത്. മന്ത്രിസഭ അംഗീകരിക്കാത്ത ഭാഗങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിൽ അച്ചടിക്കാറില്ല. മന്ത്രിസഭ അംഗീകരിച്ചു നൽകുന്നതിനപ്പുറമുള്ള പ്രസംഗം ഗവർണർമാർ നടത്തിയ കീഴ്വഴക്കം സംസ്ഥാനങ്ങളിലില്ല.
അതേസമയം, ഗവർണർമാർ മന്ത്രിസഭ അംഗീകരിച്ച പ്രസംഗം മുഴുവൻ വായിക്കാത്ത സംഭവങ്ങൾ കേരള നിയമസഭയിൽ തന്നെ ഉണ്ടായിട്ടുണ്ട്. ഖുർഷിദ് ആലംഖാൻ, എച്ച്.ആർ. ഭരദ്വാജ്, ഷീല ദീക്ഷിത് എന്നിവർ നയപ്രഖ്യാപന പ്രസംഗം മുഴുവൻ വായിക്കാത്തവരാണ്. ആ സമയങ്ങളിൽ അധികാരത്തിലിരുന്ന എൽഡിഎഫ് സർക്കാരുകളുടെ കേന്ദ്ര സർക്കാർ വിരുദ്ധ പരാമർശങ്ങളാണ് അവർ അന്നു വിട്ടുകളഞ്ഞത്.
ഗവർണർ പ്രസംഗിക്കവേ പ്രതിപക്ഷ നേതാവ് സമാന്തരമായി പ്രസംഗിക്കുക, പ്ലക്കാർഡുകൾ ഉയർത്തുക, മുദ്രാവാക്യം മുഴക്കുക എന്നിവയാണു കേരള നിയമസഭയിൽ ഇതുവരെ പുലർത്തിയ പ്രതിഷേധങ്ങൾ. ജസ്റ്റിസ് പി. സദാശിവം ഗവർണറായിരിക്കേ യുഡിഎഫിന്റെ അവസാനത്തെ നയപ്രഖ്യാപന വേളയിൽ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ സമാന്തര പ്രസംഗം നടത്തി. തൊട്ടടുത്ത വർഷം പിണറായി സർക്കാരിന്റെ നയപ്രഖ്യാപന വേളയിൽ ബഹളം വച്ച പ്രതിപക്ഷത്തെ ശാസിച്ച ജസ്റ്റിസ് സദാശിവം, താത്പര്യമില്ലെങ്കിൽ ഇറങ്ങിപ്പോകണമെന്ന് അവരോട് ആവശ്യപ്പെട്ടു. പ്രതിപക്ഷ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ രണ്ടു ഗവർണർമാർക്കു നയപ്രഖ്യാപനത്തിനായി മുൻ വാതിലിലൂടെ സഭയിൽ കടക്കാനാവാതെ വന്നു.
രണ്ടുതവണയും പ്രതിഷേധത്തിന് നേതൃത്വം നൽകിയതു സിപിഎമ്മായിരുന്നു. സെക്രട്ടേറിയറ്റിലെ പഴയ നിയമസഭയിൽ വച്ചായിരുന്നു അത്.ഇപ്പോൾ സംസ്ഥാനത്തുള്ളത് ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് ഗവർണറെ എതിർക്കുന്ന അസാധാരണ സ്ഥിതിവിശേഷമാണ്. സഭയിൽ ഗവർണറെ പിന്തുണയ്ക്കാനുള്ളത് ബിജെപിയുടെ ഏക അംഗമായ ഒ. രാജഗോപാൽ മാത്രം.
ബംഗാൾ ഗവർണർക്കെതിരേയും കേരളത്തിൽ പ്രമേയം
ബംഗാൾ നിയമസഭയിൽ ഗവർണർ നയപ്രഖ്യാപനം മുഴുവൻ വായിക്കാതെ വിട്ടതിൽ പ്രതിഷേധിച്ചു പ്രമേയം പാസാക്കിയ ചരിത്രം കേരള നിയമസഭയ്ക്കുണ്ട്. ഇ.എം.എസ്. നമ്പൂതിരിപ്പാട് രണ്ടാമത് മുഖ്യമന്ത്രിയായിരിക്കേയായിരുന്നു അത്. അദ്ദേഹം തന്നെയായിരുന്നു പ്രമേയത്തിന്റെ അവതാരകൻ. ബംഗാൾ മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം വായിക്കാത്ത ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു ആ പ്രമേയത്തിലെ കുറ്റപ്പെടുത്തൽ. പിന്നീട്, അതേ അവസ്ഥ കേരളത്തിലും പലവട്ടം ഉണ്ടായി.