രാഷ്ട്രീയപ്പോരിൽ കേരളം കലുഷിതം
തിരുവനന്തപുരം: പുതുവത്സരത്തുടക്കം മുതൽ രാഷ്ട്രീയപ്പോരിൽ കേരളം കലുഷിതമാവുകയാണ്. നിയമസഭയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രമേയം പാസാക്കിയതിനെ തള്ളിപ്പറഞ്ഞ ഗവർണർക്കെതിരേ ബിജെപി ഒഴികെയുള്ള ഭരണ- പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായാണു നിലയുറപ്പിച്ചിരിക്കുന്നത്. അപ്പോഴും ആഭ്യന്തര വൈരുധ്യങ്ങളാണു രാഷ്ട്രീയ രംഗത്തെ സംഘർഷഭരിതമാക്കുന്നത്.
പൗരത്വ നിയമത്തിൽ ഒറ്റക്കെട്ടായി നിയമസഭയിലും സർവകക്ഷി യോഗത്തിലും സത്യഗ്രഹത്തിലും ഉണ്ടായ എൽഡിഎഫ് - യുഡിഎഫ് ഐക്യത്തിന്റെ പേരിൽ കോൺഗ്രസിൽ കലാപമുയർത്തിയത് കെപിസിസി പ്രസിഡന്റ് തന്നെയാണ്. പാർട്ടിയുടെ ഏക എംഎൽഎയായ ഒ. രാജഗോപാൽ കേന്ദ്രത്തിനെതിരായ പ്രമേയം ഐകകണ്ഠ്യേന പാസാക്കാൻ അവസരമൊരുക്കിയതിനെ ബിജെപിയിൽ ഒരു വിഭാഗം വിമർശിക്കുന്നു. ഇതിനിടെ, ഭൂപരിഷ്കരണം നടപ്പായതിന്റെ അമ്പതാം വാർഷികത്തിന്റെ പേരിൽ സിപിഎം - സിപിഐ പോര് കടുത്തു.
പൗരത്വ നിയമത്തിന്റെ പേരിൽ മുസ്ലിം ന്യൂനപക്ഷത്തെ അപ്പാടെ മുഖ്യമന്ത്രിയുടെ കൈയിൽ കൊണ്ടുകൊടുക്കാൻ യുഡിഎഫ് എന്തിനു തയാറാവണം എന്ന ചോദ്യമുയർത്തിയാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സംയുക്ത സമരത്തിനെതിരേ കർശനനിലപാടെടുത്തത്. എന്നാൽ, പൗരത്വ നിയമം നിലനിൽപ്പിന്റെ പ്രശ്നമായി കണ്ട് യോജിക്കാവുന്നവരുമായൊക്കെ യോജിക്കണമെന്ന ലീഗിന്റെ താത്പര്യമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എൽഡിഎഫിനൊപ്പം സത്യഗ്രഹത്തിനു മുൻകൈയെടുക്കാൻ കാരണം.
ലോക കേരള സഭ ബഹിഷ്കരിച്ച യുഡിഎഫ് തീരുമാനത്തിലും ലീഗ് തൃപ്തരല്ല. അതിൽ പങ്കെടുത്തു പ്രശ്നങ്ങൾ ഉന്നയിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നാണു പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പരസ്യ പ്രതികരണം. രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, വി.ഡി. സതീശൻ എന്നിവർ പൗരത്വ നിയമത്തിനെതിരേ ഇടതുപക്ഷവുമായി സഹകരിക്കാമെന്ന നിലപാട് ആവർത്തിക്കുമ്പോൾ പാർട്ടിയിലെ ചേരിതിരിവ് കൂടുതൽ രൂക്ഷമാവുകയാണ്.
യുഎപിഎ വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരേ പോർമുഖം തുറന്ന സിപിഐ, ഭൂപരിഷ്കരണ നിയമം നടപ്പായതിന്റെ അമ്പതാം വാർഷികാഘോഷത്തിന്റെ പേരിലാണ് വീണ്ടും ഇടഞ്ഞത്. ഇഎംഎസ് മന്ത്രിസഭയുടെയും കെ.ആർ. ഗൗരിയമ്മയുടെയും പേരു പറയാൻ തയാറായ മുഖ്യമന്ത്രി പിണറായി, ഭൂപരിഷ്കരണം നടപ്പാക്കാൻ മുന്നിട്ടിറങ്ങിയ മുൻ മുഖ്യമന്ത്രി സി. അച്യുതമേനോനെ തമസ്കരിക്കുന്നതിനെതിരേ സിപിഐ പരസ്യമായി രംഗത്തുവരികയായിരുന്നു. പാർട്ടി മുഖപത്രത്തിൽ പിണറായിയെ പേരെടുത്തു പറഞ്ഞ് കുറ്റപ്പെടുത്തിയതിന്റെ അനുരണനങ്ങൾ അടുത്ത ദിവസങ്ങളിലുണ്ടാകാനാണ് സാധ്യത.
ബിജെപിയിലെ പ്രബല വിഭാഗങ്ങൾ തമ്മിലുള്ള ഭിന്നതയാണു സംസ്ഥാന അധ്യക്ഷന്റെ നിയമനം നീട്ടിക്കൊണ്ടുപോവുന്നത്. അതിനു പുറമെയാണ് ഒ. രാജഗോപാലിന്റെ നിയമസഭാ നിലപാടിനെച്ചൊല്ലിയുള്ള ചേരിതിരിവ്. കോൺഗ്രസിൽ ഭാരവാഹികളെ നിശ്ചയിക്കാനാവാത്ത വിധം ഗ്രൂപ്പു പോരും ശക്തമാണ്.