കൈനിറയെ കാശുമായി കെഎസ്ആർടിസി
തിരുവനന്തപുരം: സമരങ്ങൾക്കും പ്രതിസന്ധികൾക്കുമിടെ കെഎസ്ആർടിസിയുടെ വരുമാനത്തിൽ വീണ്ടും റെക്കോഡ്. 213 കോടി 23 ലക്ഷം രൂപയാണ് ഡിസംബർ മാസത്തെ വരുമാനം. കഴിഞ്ഞ 2018 മെയിലെ 207 കോടിയെന്ന റെക്കോഡാണ് ഇത്തവണ കോർപ്പറേഷൻ തിരുത്തിയത്. മുൻ വർഷത്തെ അപേക്ഷിച്ച് ശബരിമല തീർത്ഥാടകരുടെ എണ്ണം കൂടിയതും കലക്ഷൻ വർധനയ്ക്കു കാരണമായി. അതേസമയം, ജീവനക്കാരുടെ ശമ്പളവിതരണം ഇത്തവണയും മുടങ്ങി.
സമരങ്ങളും ജീവനക്കാരുടെ കുറവും തുടങ്ങിയ പ്രതികൂല സാഹചര്യങ്ങൾ മറികടന്നാണ് ഇത്തവണ റെക്കോഡ് കലക്ഷൻ നേടിയത്. സാധാരണയായി 165-175 കോടിയായിരുന്ന കെഎസ്ആർടിസിയുടെ പ്രതിമാസ കലക്ഷൻ കഴിഞ്ഞ ഒൻപത് മാസങ്ങളിലും 180 കോടിക്കു മുകളിലായിരുന്നുവെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ മാസം എട്ടു കോടി 86 ലക്ഷത്തിനു മുകളിൽ യാത്രക്കാരാണ് കോർപ്പറേഷൻ ബസുകളെ ആശ്രയിച്ചത്.
ഡിസംബറിൽ ഒരു ഹർത്താലും ക്രിസ്മസ് അവധികളുമുണ്ടായ സാഹചര്യങ്ങളെല്ലാം മറികടന്നാണ് റെക്കോഡ് കലക്ഷനിലേക്ക് കെഎസ്ആർടിസി എത്തിയത്. കഴിഞ്ഞ മാസത്തിൽ കൂടുതൽ കലക്ഷൻ നേടിയ ദിവസം ഡിസംബർ പതിനാറാണ്- ഏഴു കോടി 91 ലക്ഷം രൂപ. ക്രിസ്മസിനോടടുത്ത ദിവസമായ 23ന് ഏഴു കോടി 86 ലക്ഷം രൂപയും, ഒമ്പതിന് ഏഴു കോടി 72 ലക്ഷം രൂപയും കലക്ഷൻ ലഭിച്ചു. പൗരത്വ നിയമത്തിനെതിരേ ഹർത്താൽ നടത്തിയ 17നാണ് കഴിഞ്ഞ മാസത്തിൽ ഏറ്റവും കുറവു വരുമാനം- നാലു കോടി 91 ലക്ഷം രൂപ.
ഭരണ- പ്രതിപക്ഷമടക്കം എല്ലാ ട്രേഡ് യൂണിയനുകളും കഴിഞ്ഞ മാസം ആദ്യവാരം മുതൽ സമരത്തിലായിരുന്നിട്ടും കെഎസ്ആർടിസിയെ യാത്രക്കാർ കൈയൊഴിഞ്ഞില്ലെന്നു കണക്കുകൾ വ്യക്തമാക്കുന്നു. സ്പെയർപാർട്സ് ഇല്ലാത്തതിനാൽ 1500ഓളം ബസുകൾ കട്ടപ്പുറത്താണ്. ജീവനക്കാരുടെ കുറവു മൂലം 50ഓളം സർവീസുകൾ ദിനംപ്രതി മുടങ്ങുന്നു. എന്നിട്ടും കെഎസ്ആർടിസിയിൽ യാത്രക്കാർ കൂടുന്നതല്ലാതെ യാതൊരു കുറവുമില്ലെന്ന് ജീവനക്കാർ പറയുന്നു.
കഴിഞ്ഞ മേയ് മാസത്തിലും വരുമാനം 200 കോടി കടന്നിരുന്നു. ജനുവരി, ഏപ്രിൽ മാസങ്ങളിൽ 189 കോടിയും, ജൂണിൽ 191 കോടിയും വരുമാനം നേടി. ശബരിമലയിലെ മകരവിളക്ക് മഹോത്സവം കൂടി കഴിയുന്നതോടെ ഈ ജനുവരിയിലെ വരുമാനത്തിലും വർധനയുണ്ടാകുമെന്നാണ് കോർപ്പറേഷന്റെ പ്രതീക്ഷ. അതേസമയം, ശമ്പളവിതരണം ഈ മാസവും മുടങ്ങിയതിൽ ജീവനക്കാർക്ക് കടുത്ത അതൃപ്തിയുണ്ട്.
കലക്ഷൻ റെക്കോഡിലെത്തിയിട്ടും തങ്ങൾക്ക് തരാൻ മാത്രം കോർപ്പറേഷനിൽ പണമില്ലാത്തതെന്താണെന്നാണ് അവരുടെ ചോദ്യം. എന്നാൽ കഴിഞ്ഞ ദിവസം ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ച പ്രകാരം ജനുവരി മാസത്തെ ശമ്പള വിതരണം കൃത്യമായിരിക്കുമെന്ന് അറിയിച്ചതായി യൂണിയനുകൾ വ്യക്തമാക്കി. ഡിസംബറിലെ ശമ്പള വിതരണത്തിനുള്ള നടപടികൾ പൂർത്തിയായി വരുന്നതായി കോർപ്പറേഷനും പറയുന്നു.