ഇതള്‍ കൊഴിക്കുന്നത് ഹര്‍ത്താല്‍വിരുദ്ധ വര്‍ഷം
ചരിത്രത്തിലേക്ക് ഒരു കലണ്ടര്‍ വര്‍ഷം കൂടി ചിറകൊതുക്കുന്നു. വലിയ പ്രതീക്ഷകളും സ്വപ്നങ്ങളുമൊക്കെയാണ് പതിവുപോലെ ഈ വര്‍ഷത്തെയും വരവേറ്റത്. പലതും നിറവേറിയില്ല. അതിന്റെ നിരാശ അവിടെ നില്ക്കട്ടെ. ചിലതൊക്കെ സാധ്യമായതിന്റെ സന്തോഷത്തിലും ചാരിതാര്ഥ്യത്തിലുമാണ് രണ്ടാം സഹസ്രാബ്ദത്തിലെ രണ്ടാമത്തെ ദശാബ്ദം കടന്നുപോകുന്നത്. ഈ വര്‍ഷത്തെ കണക്കെടുപ്പു പുസ്തകത്തില്‍ ഏറ്റവും കുറച്ചു ഹര്‍ത്താലുകള്‍ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന വ്യാപകമായി ഈ വര്‍ഷം നടന്നത് കേവലം അഞ്ചു ഹര്‍ത്താലുകള്‍ മാത്രം. അതു തന്നെയും പലേടത്തും ഭാഗികമായിരുന്നു. ഏറ്റവുമൊടുവില്‍ ഡിസംബര്‍ 17ന് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി അടക്കമുള്ള സര്‍വീസുകള്‍ ഒരു മുടക്കവും കൂടാതെ നടത്തി. പലേടത്തും സ്കൂളുകളും കോളെജുകളും പ്രവര്‍ത്തിച്ചു. പിഎസ്സി പരീക്ഷകളെയും ബാധിച്ചില്ല. മിക്ക സ്ഥലങ്ങളിലും കടകമ്പോളങ്ങളും തുറന്നു.
പക്ഷേ, ഈ ഹര്‍ത്താലില്‍ വ്യാപകമായ നഷ്ടങ്ങളുണ്ടായി. കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തതു മൂലം കൊല്ലം ജില്ലയില്‍ മാത്രം 31 ലക്ഷം രൂപയുടെ നഷ്ടമാണു സംഭവിച്ചത്. അതുപോലെ സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലും. പൊതുമുതല്‍ നശിപ്പിച്ചാല്‍ അതിന്റെ നഷ്ടം അതിനുത്തരവാദികളായവരില്‍ നിന്ന് ഈടാക്കമെന്ന് കേരള ഹൈക്കോടതിയുടെ ഉത്തരവുണ്ട്. സ്വകാര്യ വ്യക്തികളുടെ സ്വത്തുവകകള്‍ നശിപ്പിക്കുന്നവര്‍ക്കു ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിക്കുന്ന ഓര്‍ഡിനന്‍സും സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയിട്ടുണ്ട്.
ഡിസംബര്‍ 17ലെ നാശനഷ്ടങ്ങള്‍ക്ക് അതിന് ഉത്തരവാദികളായവര്‍ സമാധാനം പറയേണ്ടിവരുമെന്നു ചുരുക്കം. കേരളം വെറുത്തു മടുത്തുപോയ ഹര്‍ത്താല്‍ എന്ന സമരാഭാസത്തിന് ആഹ്വാനം ചെയ്യുന്നവരും അതിന്റെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവരും സ്വകാര്യ സ്ഥാപനങ്ങള്‍ തകര്‍ക്കുന്നവരും ദയയുടെ കണിക പോലും അര്‍ഹിക്കുന്നില്ല. ഒരു വര്‍ഷത്തിന്റെ നാലിലൊന്നു സമയം കേരളത്തെ നിശ്ചലമാക്കി കോടിക്കണക്കിനു രൂപയുടെ ഉത്പാദന നഷ്ടം വരുത്തിയിട്ടുണ്ട്, വിവിധ രാഷ്ട്രീയ സംഘടനകളും സാമുദായിക സംഘടനകളും.
കൊച്ചി ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ (സിസിസിഐ) അവസാന കണക്കനുസരിച്ച് ഒരു സമ്പൂര്‍ണ ഹര്‍ത്താല്‍ കേരളത്തിന് 2,000 കോടി രൂപയുടെ ഉത്പാദന നഷ്ടമാണു വരുത്തുന്നത്. 2017ല്‍ സംസ്ഥാനത്ത് 120 ഹര്‍ത്താലുകളാണ് നടന്നതെന്നു മനസിലാക്കുമ്പോള്‍ മൊത്തം നഷ്ടത്തിന്റെ കണക്ക് ലഭ്യമാകും. കഷ്ടിച്ച് ഒരു ലക്ഷം കോടി രൂപ റവന്യൂ വരുമാനമുള്ള കേരളത്തില്‍ ഒരൊറ്റ വര്‍ഷം ഹര്‍ത്താലുകള്‍ മൂലമുണ്ടായ ഉത്പാദന നഷ്ടം 2,40,000 കോടി രൂപ..! ഇത്രയും വരുമാനം ലഭ്യമാക്കാന്‍ ഇനി എത്ര വര്‍ഷം വേണ്ടിവരും? 2017ലെ കണക്കു മാത്രമാണ് ഇത്. കഴിഞ്ഞ വര്‍ഷം 98 ഹര്‍ത്താലുകളാണ് കേരളത്തില്‍ നടന്നത്. നഷ്ടം 1,96,000 കോടി രൂപ. ഈ സാഹചര്യത്തിലാണ് നടപ്പു വര്‍ഷത്തെ ഹര്‍ത്താലിന്റെ കണക്ക് നല്കുന്ന ആശ്വാസം. ആകെയുള്ള അഞ്ചു ഹര്‍ത്താലുകള്‍ മുഖേന ഉണ്ടായ പരമാവധി നഷ്ടം പതിനായിരം കോടി രൂപ മാത്രം. അതുപോലും കേരളം പോലെ ദരിദ്രമായ ഒരു സാമ്പത്തിക സമൂഹത്തിന് ഒട്ടും സഹിക്കാന്‍ കഴിയുന്നതല്ല.
കേരളം കണ്ട എക്കാലത്തെയും വലിയ പ്രളയത്തിന്റെ വര്‍ഷമായിരുന്നു 2018. ആ വർഷമാണ് നൂറോളം ഹര്‍ത്താലുകള്‍ എന്നത് നമ്മുടെ പൊതുബോധത്തിന്റെ വലിയ പാപ്പരത്തമാണു കാണിക്കുന്നത്. കേരളം പ്രളയത്തില്‍ മുങ്ങിത്താഴ്ന്ന ദിവസങ്ങളില്‍പ്പോലും തുടര്‍ച്ചയായി ഹര്‍ത്താലുകള്‍ നടത്താന്‍ മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ പോലും തയാറായി. അവർക്കു മാത്രമല്ല, പേരും മേല്‍വിലാസവും പോലുമില്ലാത്തവര്‍ക്കും കേരളത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു വിജയിപ്പിക്കാന്‍ കഴിയും. 2018 ഏപ്രില്‍ 15നു നടത്തിയ ഹര്‍ത്താല്‍ ഉദാഹരണം. മതതീവ്രവാദികള്‍ പ്രഖ്യാപിച്ച ആ ഹര്‍ത്താല്‍ ഇന്നും അവ്യക്തമായ ഏതോ ഒരു അജന്‍ഡയുടെ ഭാഗമായിരുന്നു. ഇക്കഴിഞ്ഞ 17നു പ്രഖ്യാപിച്ച ഹര്‍ത്താലിനും സമാനമായ മുഖമായിരുന്നു. ഹൈക്കോടതിയും സര്‍ക്കാരും ഉണര്‍ന്നു പ്രവര്‍ത്തിച്ചതു കൊണ്ട് ഭാഗികമായെങ്കിലും ഈ ഹര്‍ത്താല്‍ തടയാനായി.
കേരളത്തില്‍ നിന്ന് ഹര്‍ത്താലുകള്‍ പടിയിറങ്ങുന്നതിന്റെ സൂചനകള്‍ വളരെ വ്യക്തമാണ്. പൊതുമുതലുകള്‍ നശിപ്പിക്കുന്നതിനെതിരേ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തി. മിന്നല്‍ ഹര്‍ത്താലുകള്‍ക്കു ഹൈക്കോടതി തടയിട്ടു. അനാവശ്യവും ഒരാഴ്ച മുൻകൂട്ടി പ്രഖ്യാപിക്കാത്തതുമായ ഹര്‍ത്താലുകളുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി, സ്വകാര്യ ബസ് ഓപ്പററ്റേഴ്സ് അസോസിയേഷന്, ഓട്ടോ ആന്‍ഡ് ടാക്സി ഓണേഴ്സ് അസോസിയേഷന്, ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ്സ് അസോസിയേഷന്, ടൂര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന് തുടങ്ങിയവര്‍ തീരുമാനിച്ചിട്ടുണ്ട്. ശക്തമായ നടപടികളുമായി കേരള പൊലീസും രംഗത്തുണ്ട്.