ഈ വസ്തുക്കൾക്ക് ആയുസ് ഇനി മൂന്ന് ദിവസം കൂടി
കൊച്ചി: ജനുവരി ഒന്നു മുതൽ സംസ്ഥാനത്ത് സമ്പൂർണ പ്ലാസ്റ്റിക് നിരോധനം. പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ഉൾപ്പെടെ 11 പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കാണ് പ്രധാനമായും നിരോധനം. നിയമം ലംഘിച്ചാൽ 10,000 രൂപ മുതൽ 50,000 രൂപ വരെയാണ് പിഴ. ഒറ്റത്തവണ ഉപയോഗത്തിനുള്ള എല്ലാ പ്ലാസ്റ്റിക് വസ്തുക്കൾക്കും ഉത്തരവ് ബാധകമാണ്.
നിരോധനമേർപ്പെടുത്തിയിരിക്കുന്ന പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ...
* പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, വാഹനങ്ങളിൽ ഒട്ടിക്കുന്ന ഫിലിം
* ഷീറ്റുകൾ, ഗാർബേജ് ബാഗുകൾ, ജ്യൂസ് പാക്കറ്റുകൾ,
* പിവിസി ഫ്ലക്സ്, തെർമോക്കോൾ
* കപ്പുകൾ, പ്ലേറ്റുകൾ, സ്പൂൺ, ഫോർക്ക്, സ്ട്രോ, ബൗൾ
* പ്ലാസ്റ്റിക് തോരണം, പതാക
കയറ്റുമതി ചെയ്യാനായി നിർമിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ, ആരോഗ്യ രംഗത്ത് ഉപയോഗിക്കുന്നവ, കമ്പോസ്റ്റ് പ്ലാസ്റ്റിക്കിൽ നിർമിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങൾ എന്നിവയ്ക്ക് നിരോധനമില്ല. നിരോധനം സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ ബോധവൽക്കരണം ഇനിയുള്ള മൂന്ന് ദിവസങ്ങളിൽ ഉണ്ടാകും.
പിഴ ഇങ്ങനെ...
നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിർമിച്ചാലും വിൽപന നടത്തിയാലും, സൂക്ഷിച്ചാലും കുറ്റകരമാണ്. നിയമലംഘനങ്ങൾക്ക് കനത്ത പിഴയാകും ചുമത്തുക. ആദ്യ നിയമലംഘനങ്ങൾക്ക് 10,000 രൂപയും, രണ്ടാമത് ആവർത്തിച്ചാൽ 25,000 രൂപയും, തുടർന്നുള്ള നിയമലംഘനങ്ങൾക്ക് 50,000 രൂപയുമാണ് പിഴ ഈടാക്കുന്നത്.