സ്വാശ്രയ സമരം ശക്തമാക്കാന്‍ യു.ഡി.എഫ് തീരുമാനം; വ്യാഴാഴ്ച സെക്രട്ടേറിയേറ്റ് മാര്‍ച്ച്
തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാരിനെതിരായ സമരവുമായി മുന്നോട്ടുപോകാന്‍ യു.ഡി.എഫ് തീരുമാനം. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച യു.ഡി.എഫിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടക്കും. ഇതിന് മുന്നോടിയായി ബുധനാഴ്ച യുവജന സംഘടനകളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് ബുധനാഴ്ച നടത്താനും യു.ഡി.എഫ് തീരുമാനിച്ചു. നിയമസഭക്കുള്ളില്‍ നിരാഹാരമിരിക്കുന്ന ഷാഫി പറമ്പിലും ഹൈബി ഈഡനും അവശരാണെങ്കിലും സമരം തുടരുമെന്ന് യോഗ തീരുമാനങ്ങള്‍ വിവരിച്ച കണ്‍വീനര്‍ പി.പി തങ്കച്ചന് അറിയിച്ചു.
പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ സ്വാശ്രയ ഫീസ് വര്‍ധനവിന്റെ പേരിലുള്ള പിടിവാശിയില്‍ അയവ് വരുത്തിയിട്ടുണ്ടെന്നായിരുന്നു യോഗത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ അനുകൂല തീരുമാനമുണ്ടാകുന്നത് വരെ സര്‍ക്കാരിനെ സമ്മര്ദ്ദത്തിലാക്കാണമെന്ന് തന്നെയാണ് അഭിപ്രായം ഉയര്‍ന്നത്. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചാല്‍ സഹകരിക്കാനും യോഗം തീരുമാനിച്ചു.
വ്യാഴാഴ്ചത്തെ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് ശേഷം വീണ്ടും യുഡിഎഫ് ഏകോപന സമിതി യോഗം ചേരും. ഈ യോഗത്തില്‍ വ്യാഴാഴ്ചയ്ക്ക് ശേഷമുള്ള സമര പരിപാടികള്‍ തീരുമാനിക്കും.
പ്രതിപക്ഷ സമരം തീര്‍ക്കാനായി മുഖ്യമന്ത്രി മുന്നോട്ടു വെച്ച നിര്‍ദേശങ്ങളും ഫീസ് കുറക്കാമെന്ന ചില സ്വാശ്രയ മാനേജ് മെന്റുകളുടെ വാഗ്ദാനവും യു.ഡി.എഫ് ചര്‍ച്ച ചെയ്തു.പ്രതിപക്ഷ നേതാവിന്റെ ഒദ്യോഗിക വസതിയായ കന്റോണ്‍മെന്റ്് ഹൗസിലായിരുന്നു യോഗം.
സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഫീസ് വര്‍ധനയ്ക്കെതിരെ നിയമസഭാ കവാടത്തില്‍ യുഡിഎഫ് എംഎല്‍എമാര്‍ നടത്തുന്ന നിരാഹാര സമരം ആറ് ദിവസം പിന്നിട്ടിക്കുകയാണ്. സമരം ഒത്തുതീര്‍പ്പാക്കുന്നതിന് സ്പീക്കറുടെ മധ്യസ്ഥതയില്‍ നടന്ന യോഗം സമവായമാകാതെ പിരിഞ്ഞിരുന്നു.
യുഡിഎഫ് എംഎല്‍എമാരായ ഷാഫി പറമ്പില്‍, ഹൈബി ഈഡന്, അനൂപ് ജേക്കബ് എന്നിവരാണ് നിയമസഭാ കവാടത്തില്‍ നിരാഹാര സമരം തുടങ്ങിയത്. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് അനൂപ് ജേക്കബിനെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രക്തത്തില്‍ ബിലി റൂബിന്റെ അളവ് ക്രമാതീതമായതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നിരാഹാരം തുടരണമെന്ന് അനൂപ് ആവശ്യപ്പെട്ടെങ്കിലും നേതാക്കള്‍ സമ്മതിച്ചില്ല. മറ്റു രണ്ട് പേരും ഇപ്പോഴും സമരം തുടരുകയാണ്. നിരാഹാരത്തിന് ഐക്യദാര്‍ഢ്യവുമായി ലീഗ് എംഎല്‍എമാരായ ആബിദ് ഹുസൈന് തങ്ങളും എന്‍.എ. നെല്ലിക്കുന്നും ഉപവാസ സമരം നടത്തുന്നുണ്ട്.