വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ വെടിവച്ച് കൊന്നു
ഹൈദരാബാദ്: ഹൈദരാബാദിൽ വനിതാ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് വെടിവച്ചുകൊന്നു. വ്യാഴാഴ്ച രാത്രി ദേശീയപാത 44-ൽ ഉണ്ടായ ഏറ്റുമുട്ടലിൽ നാലു പ്രതികളും കൊല്ലപ്പെട്ടു എന്നാണു പൊലീസിന്റെ ഔദ്യോഗിക വിശദീകരണം. തെളിവെടുപ്പിനായി കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ചപ്പോൾ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെന്നും തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ പ്രതികൾ നാലു പേരും കൊല്ലപ്പെട്ടു എന്നുമാണ് പൊലീസ് നൽകുന്ന വിവരം.
മുഖ്യപ്രതിയായ ലോറി ഡ്രൈവർ മുഹമ്മദ് പാഷ എന്ന ആരിഫ്, ജോളു നവീൻ, ചിന്നകേശവുലു, ജോളു ശിവ എന്നിവരാണ് കൊല്ലപ്പെട്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കഴിഞ്ഞ മാസം 28-നാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. സർക്കാർ മൃഗാശുപത്രിയിലെ ഡോക്ടറായ ഇരുപത്തിയാറുകാരി ബുധനാഴ്ച വൈകിട്ടു ജോലികഴിഞ്ഞു മടങ്ങുമ്പോഴാണു സംഭവം.
ഷംഷാബാദിലെ ടോൾ പ്ലാസയിൽനിന്ന് 100 മീറ്റർ അകലെ വൈകിട്ട് ആറോടെ സ്കൂട്ടർ നിർത്തിയ ഇവർ ഗച്ചിബൗളിയിലേക്കു പോയി. ഈ സമയം പ്രതികൾ സമീപത്തുണ്ടായിരുന്നു. നാലു പേരും ഇവിടെയിരുന്നു മദ്യപിക്കുകയായിരുന്നു. പ്രതികളിലൊരാളായ ജോളു ശിവ യുവതിയുടെ സ്കൂട്ടറിന്റെ ടയറുകൾ പഞ്ചറാക്കി. യുവതി തിരിച്ചുവന്നപ്പോൾ സഹായം വാഗ്ദാനം ചെയ്തു. തുടർന്ന് ജോളു ശിവ സ്കൂട്ടർ നന്നാക്കാനായി തള്ളിക്കൊണ്ടുപോയി. ഇതിനിടെ, സംശയം തോന്നിയ യുവതി തന്റെ ഇളയ സഹോദരിയെ വിളിച്ചു. തന്റെ സ്കൂട്ടർ പഞ്ചറായെന്നും സഹായിക്കാനെത്തിയവരെ സംശയമുണ്ടെന്നും അറിയിച്ചു.
സ്ഥലത്തു നിന്നു വേഗം പോരാൻ നിർദേശിച്ച സഹോദരി പിന്നീടു തിരികെ ഫോണ് വിളിച്ചപ്പോൾ ഓഫായിരുന്നു. ഫോണ് വിളിച്ചതിനു പിന്നാലെ മറ്റു മൂന്നു പേരും ചേർന്നു യുവതിയെ ബലമായി പിടിച്ച് അടുത്ത വളപ്പിൽ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. സ്കൂട്ടറുമായി തിരിച്ചെത്തിയ ജോളു ശിവയും യുവതിയെ ഉപദ്രവിച്ചു. പിന്നീടു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയും മൃതദേഹം ലോറിയുടെ കാബിനിൽ ഒളിപ്പിക്കുകയും ചെയ്തു.
പിന്നീട് സംഭവ സ്ഥലത്തു നിന്ന് 20 കിലോമീറ്റർ അകലെ മൃതദേഹം എത്തിച്ചു കത്തിച്ചു. രണ്ടു പേർ ലോറിയിലും മറ്റുള്ളവർ ഡോക്ടറുടെ സ്കൂട്ടറിലുമാണു പോയത്. പെട്രോളും ഡീസലും ഉപയോഗിച്ചാണ് മൃതദേഹം കത്തിച്ചത്. സംഭവത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ അരങ്ങേറി. സമൂഹമാധ്യമങ്ങളിലും പ്രതിഷേധ സന്ദേശങ്ങൾ നിറഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ അറസ്റ്റിലായ പ്രതികൾ പിന്നീട് പൊലീസ് കസ്റ്റഡിയിലായിരുന്നു