സ്വാശ്രയ പ്രവേശനം: കരുണ, കണ്ണൂര്‍ കോളേജുകളുടെ പ്രവേശന നടപടികള്‍ റദ്ദാക്കി
സര്‍ക്കാറുമായി കരാര്‍ ഒപ്പിടാത്ത പാലക്കാട് കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകള്‍ നടത്തിയ പ്രവേശനം ജസ്റ്റിസ് ജെയിംസ് കമ്മിറ്റി റദ്ദാക്കി. എന്‍ട്രന്‍സ് കമ്മിഷണര്‍ കേന്ദ്രീകൃത അലോട്ട്മെന്റിലൂടെ ഈ കോളേജുകളിലെ പ്രവേശനം നടത്തണമെന്ന് കമ്മിറ്റി സര്‍ക്കാറിന് നിര്‍ദേശം നല്കി.
ഈ കോളേജുകളില്‍ പ്രവേശനത്തിന് അപേക്ഷ നല്‍കിയവര്‍ക്കെല്ലാം കേന്ദ്രീകൃത കൗണ്‍സലിങ്ങില്‍ പങ്കെടുക്കാനാകും. കോളേജുകള്‍ അപേക്ഷ തള്ളിയ കുട്ടികള്‍ക്കും അവസരം കിട്ടും. എന്‍ട്രന്‍സ് കമ്മിഷണര്‍ അലോട്ട്മെന്റ് നല്കിയ കുട്ടികള്‍ക്കുമാത്രമേ ഈ കോളേജുകളില്‍നിന്ന് രജിസ്ട്രേഷന് നല്‍കാവൂയെന്ന് ആരോഗ്യസര്‍വകലാശാലാ രജിസ്ട്രാര്‍ക്ക് ജസ്റ്റിസ് ജെയിംസ് കമ്മിറ്റി നിര്‍ദേശം നല്കി.
കരുണ മെഡിക്കല്‍ കോളേജില്‍ ആദ്യംമുതല്‍തന്നെ ഓണ്‍ലൈനില്‍ അപേക്ഷിക്കാന്‍ അവസരമുണ്ടാക്കിയിരുന്നില്ല. കമ്മിറ്റി ഇടപെട്ടതിനെത്തുടര്‍ന്നാണ് പരിമിതമായെങ്കിലും ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിച്ചത്. ഫീസ് നിശ്ചയിക്കുന്നതിന് ആവശ്യപ്പെട്ട രേഖകള്‍ കോളേജ് സമര്‍പ്പിച്ചില്ല.പ്രവേശനനടപടികളെക്കുറിച്ച് 75 പരാതികള്‍ ഈ കോളേജുമായി ബന്ധപ്പെട്ട് ലഭിച്ചു. പലരുടെയും അപേക്ഷകള്‍ അകാരണമായി തള്ളി. ഇങ്ങനെ പരാതിപ്പെട്ടവര്‍ക്ക് അപേക്ഷാഫീസായ 1750 രൂപ തിരികെനല്‍കാമെന്നാണ് കോളേജിന്റെ നിലപാട്. ഇതംഗീകരിക്കാന്‍ കഴിയില്ല.
അപേക്ഷ സമര്‍പ്പിച്ച മുഴുവന്‍പേരുടെയും തിരഞ്ഞെടുക്കപ്പെട്ടവരുടെയും വിശദാംശങ്ങള്‍ കമ്മിറ്റിചോദിച്ചെങ്കിലും ലഭ്യമാക്കിയിട്ടില്ല. ഇവിടെ നീറ്റ് മെറിറ്റ് പാലിച്ചാണോ പ്രവേശനം നടത്തിയിരിക്കുന്നതെന്ന് അറിയാന്‍കഴിയാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തില്‍ കോളേജ് നടത്തിയ എല്ലാവരുടെയും പ്രവേശനം റദ്ദാക്കുകയാണെന്ന് കമ്മിറ്റി ഉത്തരവില്പറയുന്നു.
കണ്ണൂര്‍ മെഡിക്കല്‍ കോളേജാകട്ടെ ഓണ്‍ലൈനില്‍ അപേക്ഷിക്കാനായി ഒരു സംവിധാനംപോലും ഏര്‍പ്പെടുത്തിയിരുന്നില്ല. യോഗ്യരായ പലര്‍ക്കും അപേക്ഷിക്കാനുള്ള അവസരംപോലും നല്‍കാതെയാണ് ഈ കോളേജില്‍ പ്രവേശനം നടത്തിയത്. ഫീസ് നിശ്ചയിക്കുന്നതിനുള്ള വിശദാംശങ്ങളും നല്‍കിയിട്ടില്ല. 102 പരാതികള്‍ ഈ കോളേജിലെ പ്രവേശനവുമായി ബന്ധപ്പെട്ട് കമ്മിറ്റിക്ക് ലഭിച്ചു.
പ്രവേശനം സംബന്ധിച്ചുള്ള എല്ലാ നടപടിരേഖകളും സമര്‍പ്പിക്കണമെന്ന നിര്‍ദേശവും കോളേജ് അവഗണിച്ചു. ഈ സാഹചര്യത്തിലാണ് കോളേജ് നടത്തിയ പ്രവേശനം റദ്ദാക്കുന്നതെന്ന് ഉത്തരവില്പറയുന്നു.