രാഷ്ട്രീയം നോക്കിയല്ല തീരുമാനമെന്ന് അമിത് ഷാ; എസ്പിജി ഭേദഗതി ബിൽ ലോക്സഭ പാസാക്കി
ന്യൂഡൽഹി: എസ്പിജി (സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്) ഭേദഗതി ബിൽ ലോക്സഭ പാസാക്കി. പുതിയ ബില്‍ അനുസരിച്ച് പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞാല്‍ അഞ്ചു വര്‍ഷത്തിന് ശേഷം എസ്പിജി സുരക്ഷ ലഭിക്കില്ല. പ്രധാനമന്ത്രിക്കും അടുത്ത കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് എസ്പിജി സുരക്ഷ നല്‍കുക. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് നിയമ ഭേദഗതി ലോക്സഭയില്‍ അവതരിപ്പിച്ചത്. അതേസമയം, നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംപിമാർ സഭയില്‍ നിന്നിറങ്ങിപ്പോയി.
നെഹ്റു കുടുംബത്തിനുള്ള എസ്പിജി സുരക്ഷ പിൻവലിച്ചത് കൃത്യമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്. നെഹ്റു കുടുംബത്തിന്റെ സുരക്ഷ പിൻവലിക്കുകയല്ല, പരിഷ്കരിക്കുകയാണ് ചെയ്തത്. രാഷ്ട്രീയം നോക്കിയല്ല നരേന്ദ്ര മോദി സർക്കാരിന്റെ തീരുമാനങ്ങളെന്നും ലോക്സഭയിൽ എസ്പിജി ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയിൽ അമിത് ഷാ വ്യക്തമാക്കി.
മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിന് എസ്പി ജി സുരക്ഷ ഒഴിവാക്കിയപ്പോൾ പ്രതിഷേധമുണ്ടായില്ല. മൻമോഹൻ സിങ്ങിന് എസ്പിജി സുരക്ഷ ഇല്ലാതായപ്പോഴും ആരും ശബ്ദം ഉയർത്തിയില്ല. ഒരു കുടുംബത്തിന് വേണ്ടി മാത്രമാണ് മുമ്പ് എസ്പിജി നിയമത്തിൽ ഭേദഗതി വരുത്തിയിട്ടുള്ളതെന്നു പറയാൻ തനിക്ക് യാതൊരു മടിയുമില്ല. പ്രധാനമന്ത്രിയുടെ സുരക്ഷ കണക്കിലെടുത്താണിതെന്നും അമിത് ഷാ പറഞ്ഞു.
നെഹ്റു കുടുംബത്തിന്റെ കുടുംബത്തിന്റെ സുരക്ഷയിൽ സർക്കാരിന് ആശങ്കയില്ലെന്ന് വരുത്തിതീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എസ്പിജി സുരക്ഷ എന്നാല്‍ ബാഹ്യമായ സുരക്ഷ മാത്രമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എസ്പിജി സുരക്ഷ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനുമുള്ള സുരക്ഷ മാത്രമല്ല, പ്രധാനമന്ത്രിയുടെ ആരോഗ്യം, കമ്മ്യൂണിക്കേഷന്‍സ് എന്നിവയുടെ കൂടി സുരക്ഷയില്‍ ഉള്‍പ്പെട്ടിരിക്കുന്നുവെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
എസ്പിജിയെ അറിയിക്കാതെ നെഹ്റു കുടുംബം അറുന്നൂറിലേറെ യാത്രകൾ നടത്തി. സൂപ്പർ ബൈക്കുകളിൽ അമിതവേഗതയിൽ നെഹ്റു കുടുംബാംഗങ്ങൾ സഞ്ചരിച്ചു. സുരക്ഷാ ജീവനക്കാരെ അവര്‍ എന്തുകൊണ്ട് കൂടെ കൊണ്ടുപോകുന്നില്ലെന്നും അമിത് ഷാ ചോദിച്ചു. നെഹ്റു കുടുംബത്തിന്റെ സിആർപിഎഫ് സുരക്ഷ നിലനിർത്തിയിട്ടുണ്ട്. എസ്പിജി സുരക്ഷ അധികാര അടയാളമാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രി മോദിയുടെ സുരക്ഷയ്ക്കായി സ്വീകരിക്കുന്ന എല്ലാ നടപടികളെയും ഞങ്ങൾ പിന്തുണയ്ക്കുന്നതായി കോൺഗ്രസ് സഭാ നേതാവ് അധിർ രഞ്ജൻ ചൗധരി പറഞ്ഞു. എന്നാൽ എസ്പിജി സുരക്ഷ പിൻവലിച്ചത് രാഷ്ട്രീയ പകപോക്കലാണെന്ന് താങ്കളുടെ (അമിത് ഷാ) പ്രസംഗത്തിലൂടെ വ്യക്തമായി. രാജ്യത്തിനായി രണ്ട് ജീവൻ ബലിയർപ്പിച്ച ഒരു കുടുംബത്തെയാണ് നിങ്ങൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംപിമാർ സഭയില്‍ നിന്നിറങ്ങിപ്പോയി.