മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ദേവേന്ദ്ര ഫട്നാവിസ്
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ദേവേന്ദ്ര ഫട്നാവിസ് രാജിവെച്ചു. ഉപമുഖ്യമന്ത്രി പദം അജിത് പവാർ രാജിവച്ചതിന് പിന്നാലെയാണ് ഫട്നാവിസും രാജി സമർപ്പിച്ചത്. മുംബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് രാജിപ്രഖ്യാപനം നടത്തിയത്.
നിയമസഭ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ബിജെപിക്ക് അനുകൂലമായി വിധിയെഴുതിയെന്ന് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം അനാവശ്യ ഉപാധിയാണ് ശിവസേന മുന്നോട്ട് വച്ചത്. മുഖ്യമന്ത്രി പദം ബിജെപിയ്ക്കാണെന്ന് ചർച്ചകളിൽ ആവർത്തിച്ച് പറഞ്ഞതാണ്. മുഖ്യമന്ത്രിപദം നൽകിയില്ലെങ്കിൽ അതു നൽകുന്നവർക്കൊപ്പം പോകുമെന്ന് ശിവസേന ഭീഷണിപ്പെടുത്തി. ശിവസേന വിലപേശലിന് ശ്രമിച്ചു.
അധികാരക്കൊതി മൂലം ശിവസേന നേതാക്കൾ സോണിയ ഗാന്ധിയുമായി പോലും സഖ്യത്തിനു തയാറാണ്. മൂന്നു ചക്രങ്ങളിൽ പ്രവർത്തിക്കാൻ പോകുന്ന സർക്കാരിന് സ്ഥിരത കാണുമോയെന്ന് സംശയമുണ്ടെന്നും ഫട്നാവിസ് പറഞ്ഞു. ബിജെപി പ്രതിപക്ഷമായി പ്രവർത്തിക്കും. ജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിക്കും. സർക്കാർ രൂപീകരിക്കുന്നതിന് ദിവസങ്ങളോളം ശിവസേനയ്ക്ക് വേണ്ടി കാത്തിരുന്നു. എന്നാൽ അവർ കോൺഗ്രസ്, എൻസിപി സഖ്യവുമായി ചർച്ച നടത്തുകയാണ് ചെയ്തത്.
സർക്കാരുണ്ടാക്കാൻ പോകുന്ന സഖ്യത്തിന് എല്ലാ ആശംസകളും അറിയിക്കുന്നു. എന്നാൽ അഭിപ്രായങ്ങളിൽ വലിയ അന്തരം ഈ രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ളതിനാൽ സർക്കാർ അസ്ഥിരമായിരിക്കുമെന്നും ഫട്നാവിസ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി വർക്കിങ് പ്രസിഡന്റ് ജെ.പി നദ്ദ, സഹപ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങി എല്ലാവരോടും ഫട്നാവിസ് നന്ദി അറിയിച്ചു. സത്യപ്രതിജ്ഞ ചെയ്ത് നാലാം ദിവസമാണ് അജിത് പവാറിന്റെ രാജി. അജിത് പവാർ നിയമസഭാംഗത്വവും രാജിവച്ചേക്കും.
കഴിഞ്ഞ ശനിയാഴ്ചയാണ് നാടകീയ നീക്കങ്ങൾക്കൊടുവിൽ ദേവേന്ദ്ര ഫട്നാവിസും അജിത് പവാറും മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായി ചുമതലയേറ്റത്. പുലർച്ചെ രാഷ്ട്രപതി ഭരണം പിൻവലിക്കുകയും രാവിലെ ഏഴരയോടെ സത്യപ്രതിജ്ഞ നടത്തുകയായിരുന്നു. എന്നാൽ അതിന് പിന്നാലെ വിശ്വാസ വോട്ടെടുപ്പ് എത്രയുംവേഗം നടത്തണമെന്ന് ആവശ്യപ്പെട്ട് ശിവസേന-എൻസിപി-കോൺഗ്രസ് ത്രികക്ഷി സഖ്യം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
ഇന്ന് രാവിലെയാണ് സുപ്രീം കോടതിയുടെ നിർണായക വിധി പുറത്തുവന്നത്. നാളെ വൈകുന്നേരം അഞ്ചു മണിക്കുള്ളിൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്ത് ഉടൻ തന്നെ വിശ്വാസവോട്ട് തേടണമെന്ന് ആയിരുന്നു കോടതിയുടെ നിർദ്ദേശം.