മരട് കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും
ഡൽഹി: തീരദേശനിയമം ലംഘിച്ച് നിർമിച്ച മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിക്കാത്തതുമായി ബന്ധപ്പെട്ട് സ്വമേധയാ രജിസ്റ്റർചെയ്ത കേസും മേജർ രവിയുടെ കോടതിയലക്ഷ്യഹർജിയും വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കും. ഫ്ളാറ്റുകൾ പൊളിക്കാൻ ഉത്തരവിട്ട ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ചാണ് ഇരു കേസുകളും പരിഗണിക്കുന്നത്.
ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ചവരുത്തിയതിന് ചീഫ് സെക്രട്ടറി ടോം ജോസിനെ സുപ്രീംകോടതി വിളിച്ചുവരുത്തിയിരുന്നു. തുടർന്ന്, ഫ്ളാറ്റുകൾ എപ്പോൾ പൊളിക്കുമെന്ന വിശദമായ പദ്ധതി സംസ്ഥാനസർക്കാർ സമർപ്പിച്ചു.
ഇതിനിടെ, ഒന്നിലേറെ കോടതിയലക്ഷ്യ ഹർജികളും സുപ്രീംകോടതിയിലെത്തി. മരട് ഫ്ളാറ്റുകൾ തീരദേശനിയമം ലംഘിച്ചത് പരിശോധിക്കാൻ നിയോഗിച്ച സമിതിക്കും ചീഫ് സെക്രട്ടറിക്കുമെതിരേയാണ് പരാതികൾ.
ഗോൾഡൻ കായലോരം അപ്പാർട്ട്മെന്റിലെ താമസക്കാർ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ തീരുമാനമെടുത്തിരുന്നില്ല. കോടതിയലക്ഷ്യ ഹർജിക്ക് അറ്റോണി ജനറലിന്റെ പ്രാഥമികാനുമതി ആവശ്യമാണ്.
വേഗത്തിൽ തീരുമാനമെടുക്കാൻ അദ്ദേഹത്തിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഗോൾഡൻ കായലോരത്തിലെ താമസക്കാർ റിട്ട് ഹർജിയും നൽകിയിരുന്നു. ഈ ഹർജി ഇതുവരെ ലിസ്റ്റ് ചെയ്തിട്ടില്ല.
ചീഫ് സെക്രട്ടറി ടോം ജോസിനെതിരേ ക്രിമിനൽ കോടതിയലക്ഷ്യ നടപടി വേണമെന്നാവശ്യപ്പെട്ടുള്ള മറ്റൊരു ഹർജിക്ക് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അനുമതി നിഷേധിച്ചു. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ തുഷാർ മേത്തയോട് അറ്റോണി ജനറൽ ആവശ്യപ്പെടുകയായിരുന്നു.
ഹോളി ഫെയ്ത്ത് ഫ്ളാറ്റ് നിർമാതാവിന്റെ മകളുടെ ഹർജിക്കാണ് സോളിസിറ്റർ ജനറൽ അനുമതി നിഷേധിച്ചത്. പരാതിക്കാരിക്ക് മറ്റു നിയമമാർഗങ്ങൾ സ്വീകരിക്കാമെന്ന് സോളിസിറ്റർ ജനറൽ.