സംസ്ഥാന സ്കൂൾ കായികമേള:പാലക്കാട് ജില്ല ചാംപ്യന്മാർ
കണ്ണൂർ: കൗമാര കായികതാരങ്ങളിലെ മികവിന്റെ സംഗമമായ സംസ്ഥാന സ്കൂൾ കായികമേളയിൽ പാലക്കാട് ജില്ല ചാംപ്യന്മാരായി.
201.33 പോയന്റുകളുമായാണ് പാലക്കാട് ജില്ല നിലവിലെ ചാംപ്യന്മാരായ എറണാകുളത്തെ മറികടന്ന് ജേതാക്കളായത്. എറണാകുളം ജില്ല 157.33 പോയന്റുകളുമായി രണ്ടാം സ്ഥാനവും 123.33 പോയന്റുകളുമായി കോഴിക്കോട് ജില്ല മൂന്നാം സ്ഥാനവും സ്വന്തമാക്കി. 104.5 പോയന്റുള്ള തിരുവനന്തപുരമാണ് നാലാം സ്ഥാനത്ത്.
സ്കൂൾ മികവിൽ എറണാകുളം കോതമംഗലം മാർബേസിൽ മുന്നിലെത്തി. 62.33 പോയന്റുകളുമായാണ് കോതമംഗലം മാർബേസിൽ ഒന്നാമതെത്തിയപ്പോൾ കുമരംപത്തൂർ കെഎച്ച്എസ് 58.33 പോയന്റുകളുമായി രണ്ടാം സ്ഥാനത്തും 32.33 പോയന്റുകളുമായി കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്എസ് മൂന്നാം സ്ഥാനത്തുമെത്തി.
സബ് ജൂനിയർ ബോയ്സ് വിഭാഗത്തിൽ തൃശൂർ 26 പോയന്റുകളുമായി ഒന്നാമതെത്തിയപ്പോൾ വയനാട് (23 പോയന്റ്) രണ്ടാം സ്ഥാനവും പാലക്കാട് (17 പോയന്റ്) മൂന്നാം സ്ഥാനവും നേടി. സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ 32 പോയന്റുകളുമായി കോഴിക്കോട് ഒന്നാമെതെത്തി. പാലക്കാട് (20 പോയന്റ്) രണ്ടാമതും എറണാകുളം(19 പോയന്റ്) മൂന്നാമതുമെത്തി.
ജൂനിയർ ബോയ്സ് വിഭാഗത്തിൽ പാലക്കാട് 54 പോയന്റുകളുമായി ഒന്നാമതെത്തി. 35 പോയന്റുള്ള തിരുവനന്തപുരം രണ്ടാം സ്ഥാനവും 20 പോയന്റുകളുള്ള മലപ്പുറം മൂന്നാം സ്ഥാനവും നേടി.
ജൂനിയർ ഗേൾസ് വിഭാഗത്തിൽ 54 പോയന്റുകളുമായി കോഴിക്കോട് ജില്ലയാണ് ചാംപ്യന്മാർ. കോഴിക്കോട് 54 പോയന്റുകൾ നേടിയപ്പോൾ കോട്ടയം 28 പോയന്റും പാലക്കാട്, എറണാകുളം ജില്ലകൾ 27 പോയന്റുകൾ വീതവും നേടി.
സീനിയർ ബോയ്സ് വിഭാഗത്തിൽ 62 പോയന്റുകളുമായി പാലക്കാട് ഒന്നാമതെത്തിയപ്പോൾ 58 പോയന്റുള്ള എറണാകുളമാണ് രണ്ടാം സ്ഥാനത്ത്. 26 പോയന്റുകളുള്ള തിരുവനന്തപുരം ജില്ല മൂന്നാമതെത്തി.
സീനിയർ ബോയ്സ് വിഭാഗത്തിൽ 41 പോയന്റുകളുമായി തൃശൂർ ഒന്നാമതെത്തി. 31.33 പോയന്റുകളുമായി എറണാകുളം ജില്ലാ രണ്ടാമതും 28.33 പോയന്റുകളുമായി കോഴിക്കോട് ജില്ലാ മൂന്നാം സ്ഥാനത്തുമെത്തി.