ഫോണ്‍ ചോര്‍ത്തൽ അധികാരം പത്ത് ഏജന്‍സികള്‍ക്ക് മാത്രമെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡൽഹി:ഫോൺ ചോർത്താൻ രാജ്യത്തെ പത്ത് ഏജൻസികൾക്ക് മാത്രമാണ് അധികാരമുള്ളതെന്ന് വെളിപ്പെടുത്തി കേന്ദ്ര സർക്കാർ. സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ്, ഇന്റലിജൻസ് ബ്യൂറോ എന്നിവ അടക്കമുള്ള ഏജൻസികൾക്കാണ് ഫോൺ ചോർത്താൻ അധികാരമുള്ളത്.
എന്നാൽ, ഏതെങ്കിലും വ്യക്തിയുടെ ഫോൺ നിരീക്ഷണ വിധേയമാക്കുന്നതിന് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ മുൻകൂർ അനുമതി വാങ്ങിയിരിക്കണം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡി ലോക്സഭയെ അറിയിച്ചതാണിത്.
പത്ത് ഏജൻകളെയാണ് ഫോൺ ചോർത്താൻ അധികാരപ്പെടുത്തിയിട്ടുള്ളത്. ഇന്റലിജൻസ് ബ്യൂറോ, സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ്, നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ, സെൻട്രൽ ബോർഡ് ഒഫ് ഡയറക്റ്റ് ടാക്സസ്, ഡയറക്റ്ററേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ്, എൻഐഎ, റോ, ഡയറക്റ്ററേറ്റ് ഒഫ് സിഗ്നൽ ഇന്റിലിജൻസ്, ഡൽഹി പൊലീസ് കമ്മിഷണർ എന്നിവർക്ക് മാത്രമാണ് ഫോൺ ചോർത്താൻ അധികാരമുള്ളതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ട് മാത്രമെ ഈ അധികാരം സർക്കാർ പ്രയോഗിക്കൂ. കേന്ദ്ര സർക്കാരിന് ഫോണുകൾ നിരീക്ഷിക്കണമെങ്കിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറിയുടേയോ സംസ്ഥാനത്തിന് വിവരങ്ങൾ ലഭിക്കാൻ സംസ്ഥാന ആഭ്യന്തര സെക്രട്ടറിയുടെയോ മുൻകൂർ അനുമതി ആവശ്യമാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
2000 ലെ ഐടി ആക്റ്റിന്റെ 69-ാം വകുപ്പ് പ്രകാരം ഇന്റർനെറ്റിലൂടെ കൈമാറുന്നതോ കംപ്യൂട്ടറുകളിൽ സൂക്ഷിച്ചിട്ടുള്ളതോ ആയ ഏതുവിവരവും രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കുന്നതിനുവേണ്ടി നിരീക്ഷണ വിധേയമാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ടെന്നും മന്ത്രി കിഷൻ റെഡി. വാട്സാപ്പ് വിവര ചോർച്ച സംബന്ധിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങൾ ലോക്സഭയെ അറിയിച്ചത്.