നില്‍പ്പ് സമരവുമായി എന്‍ജിഒ അസോസിയേഷന്; ഓടിക്കോന്ന് ഡിവൈഎസ്പി, ഒടുവിൽ നടന്നത്
കോട്ടയം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോട്ടയം കലക്ട്രേറ്റിൽ എന്‍ജിഒ അസോസിയേഷന് സംഘടിപ്പിച്ച നിൽപ്പ് സമരത്തെ വിരട്ടാൻ ശ്രമിച്ച് പൊലീസ് സംഘം. ഓടാൻ തയ്യാറാകാതെ നിന്നവർക്ക് ഒടുവിൽ നിന്ന് പ്രതിഷേധിക്കാൻ തന്നെ അനുമതി ലഭിച്ചു. സംസ്ഥാന വ്യാപകമായി കലക്ട്രേറ്റുകള്‍ക്ക് മുമ്പില്‍ സംഘടിപ്പിച്ച നില്‍പ്പ് സമരത്തിന് അവസാന നിമിഷം കോട്ടയത്ത് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് അസ്വാരസ്യം തുടങ്ങിയത്. സ്പെഷ്യല്‍ ബ്രാഞ്ചിന്റെയും ജില്ലാ പൊലീസ് മേധാവിയുടെയും അനുകൂല റിപ്പോര്‍ട്ട് ഉണ്ടായിട്ടും അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ നിലനില്‍ക്കുന്ന നിയന്ത്രണങ്ങളുടെ പേരില്‍ കോട്ടയം ജില്ലയില്‍ സമരത്തിന് ഡി.വൈ.എസ്.പി അനുമതി നിഷേധിക്കുകയായിരുന്നു എന്ന് നേതാക്കൾ പറഞ്ഞു.
പ്രതിഷേധം ഉയർന്നപ്പോൾ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ പൊലീസ് അധികാരികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കലക്ട്രേറ്റിനുള്ളില്‍ സമരം നടത്തുവാന്‍ പൊലീസ് അനുവാദം നല്‍കുകയായിരുന്നു. ജനാധിപത്യ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള ശ്രമത്തില്‍ ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് പ്രതിഷേധിച്ചു.
എട്ട് ശതമാനം കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, സര്‍ക്കാര്‍ വിഹിതം ഉറപ്പുവരുത്തി മെഡിസെപ്പ് ഉടന്‍ നടപ്പിലാക്കുക, എന്‍പിഎസ് ജീവനക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുക, ഭവനവായ്പാ പദ്ധതി പുനഃസ്ഥാപിക്കുക, പി.എസ്.സി യുടെ വിശ്വാസ്യത ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ജീവനക്കാര്‍ നില്‍പ്പ് സമരം നടത്തിയത്. ജീവനക്കാരുടെ പ്രശ്നങ്ങള്‍ക്ക് സര്‍ക്കാര്‍ അടിയന്തരമായി പരിഹാരം കണ്ടെത്തണമെന്ന് സമര പരിപാടി ഉദ്ഘാടനം ചെയ്ത് ജോഷി ഫിലിപ്പ് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് രഞ്ജു കെ. മാത്യു അധ്യക്ഷത വഹിച്ചു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ് മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി ഭാരവാഹികളായ ജി. ഗോപകുമാര്‍, ജോണി ജോസഫ്, എം.പി. സന്തോഷ്കുമാര്‍, യൂജിന്‍ തോമസ്, കുഞ്ഞ് ഇല്ലംപള്ളി, ബോബന് തോപ്പില്‍, അസോസിയേഷന് നേതാക്കന്മാരായ ബോബിന് വിപി, സതീഷ് ജോര്‍ജ്, സാബു ജോസഫ്, അഷറഫ് പറപ്പള്ളില്‍, ജയന് ആര്. നായര്‍, സോജോ തോമസ്, പി.വി. അജയന്, സഞ്ജയ് എസ്. നായര്‍ എന്നിവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനം കെ.പി.സി.സി. സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു.