കിഫ്ബി യില്‍ പ്രതിപക്ഷ പ്രതിഷേധം, സ്പീക്കര്‍ക്കെതിരെയും ആരോപണം
തിരുവനന്തപുരം:കിഫ്ബി വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെതിരെ നിയമസഭാ സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം. സ്പീക്കറുടെ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
അഴിമതി ചൂണ്ടിക്കാണിക്കാനുള്ള അവകാശം സ്പീക്കര്‍ നിഷേധിച്ചെന്നും ചെന്നിത്തല. എന്നാല്‍, പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ എല്ലായ്പ്പോഴും സംരക്ഷിക്കാറുണ്ടെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. വിഷയം അടിയന്തര പ്രാധാന്യം ഉള്ളതല്ല.
സർക്കാർ എങ്ങനെ വിശദീകരിക്കണം എന്നു സ്പീക്കർക്ക് പറയാൻ ആകില്ല. സർക്കാരിന്റെ വാദം താന്‍ ആവർത്തിച്ചിട്ടില്ല. വിമർശനങ്ങളോട് തനിക്ക് അസഹിഷ്ണുത ഇല്ലെന്നും സ്പീക്കര്‍.
കിഫ്ബി വിഷയത്തില്‍ അഴിമതി പുറത്തുവരുമെന്ന ഭയമാണ് സര്‍ക്കാരിനെന്ന് ചെന്നിത്തല. ധനമന്ത്രി ജനങ്ങളെ പറ്റിക്കുകയാണ്. അദ്ദേഹം ഭരണഘടനാപരമായ അവകാശങ്ങളെ വെല്ലുവിളിക്കുകയാണ്.
കിഫ്ബി, കിയാൽ ഓഡിറ്റ് നിഷേധം സമ്പൂർണ അഴിമതിക്കു വേണ്ടിയാണ്. തോമസ് ഐസക്കിന് ഒരു ചുക്കും അറിയില്ല. ജി. സുധാകരൻ പറഞ്ഞ ബകൻ ഐസക് ആണെന്നും ചെന്നിത്തല ആരോപിച്ചു.
കിഫ്ബി സംബന്ധിച്ച് പ്രതിപക്ഷം തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ നിഷേധിച്ച് സ്പീക്കര്‍ രംഗത്തെത്തി. ഇന്നത്തെ ആദ്യ ചോദ്യം തന്നെ കിഫ്ബി ഓഡിറ്റ് സംബന്ധിച്ചത് ആയിരുന്നു. ധനമന്ത്രി അതിന് വിശദമായ മറുപടി നൽകി.
അടിയന്തര പ്രമേയ നോട്ടീസിൽ ഉന്നയിച്ച കാര്യം അടിസ്ഥാന രഹിതമാണെന്ന് ചോദ്യോത്തര വേളയിൽ തന്നെ ധനമന്ത്രി പറഞ്ഞിരുന്നു.