അനിശ്ചിതത്വമൊഴിയാതെ മഹാരാഷ്ട്ര
മുംബൈ:രാഷ്ട്രീയ നാടകങ്ങൾയ്ക്കിടയിലും അനിശ്ചിതത്വമൊഴിയാതെ മഹാരാഷ്ട്ര. മഹാരാഷ്ട്ര ആര് ഭരിക്കും എന്നറിയാന്‍ ഒരു ദിവസം കൂടി കാത്തിരിക്കേണ്ടി വരും.
സർക്കാരുണ്ടാക്കാൻ ശിവസേനയ്ക്ക് നൽകിയ സമയം അവസാനിച്ചതിന് പിന്നാലെ എൻസിപിയെ ഗവർണർ ക്ഷണിച്ചതോടെ പുതിയ നീക്കങ്ങള്‍ നടക്കുന്നത്. മൂന്നാമത്തെ വലിയ കക്ഷി എന്ന നിലയിലാണ് എൻസിപിക്ക് ഗവര്‍ണറുടെ ക്ഷണം ലഭിച്ചത്. ഇന്ന് രാത്രി വരെയാണ് എൻസിപിക്ക് ഗവര്‍ണര്‍ സമയമനുവദിച്ചിട്ടുള്ളത്.
കോൺഗ്രസുമായി ചർച്ച നടത്തുന്നുമെന്നും ഇതിന് ശേഷം അന്തിമ തീരുമാനത്തിലേക്ക് എത്തുമെന്നുമാണ് എൻസിപി വക്താവ് നവാബ് മാലിക് മാധ്യമങ്ങളോട് പറഞ്ഞത്. മഹാരാഷ്ട്രയിൽ സുസ്ഥിര ഭരണം കൊണ്ട് വരാൻ ശ്രമിക്കുമെന്ന് എൻസിപി അവകാശപ്പെടുന്നത്. ശരത് പവാർ കോൺഗ്രസ് നേതാക്കളുമായി നേരിട്ട് ചർച്ച നടത്തുമെന്നാണ് അറിയുന്നത്.
അതേസമയം കോൺഗ്രസിനും എൻസിപിക്കും സേനയ്ക്കുമിടയിൽ സമവായമായില്ലെങ്കിൽ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങിയേക്കും. മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി ബിജെപിയുമായി തെറ്റിപിരിഞ്ഞ സേന, എന്‍സിപിയെ സഹായിക്കുമോയെന്ന് കണ്ടറിയേണ്ടതുണ്ട്.
എൻസിപിയും സർക്കാർ രൂപീകരണത്തിൽനിന്നു പിൻമാറുകയാണെങ്കിൽ നാലാമത്തെ കക്ഷിയായ കോണ്‍ഗ്രസിനെ ഗവർണർ ക്ഷണിച്ചേക്കും. അതല്ലെങ്കിൽ എൻസിപിയുടെ മറുപടിക്കുശേഷം മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിന് ഗവർണർ ചൊവ്വാഴ്ച കേന്ദ്രത്തിന് ശുപാർശ ചെയ്യും. അങ്ങനെയെങ്കിൽ ചൊവ്വാഴ്ച വൈകിട്ടോടെ മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം നിലവിൽ വരും.
സർക്കാർ രൂപവത്കരണത്തിനാവശ്യമായ ഭൂരിപക്ഷമില്ലെന്നു കാണിച്ച് ബിജെപി പിൻമാറിയതിനെത്തുടർന്ന് ഞായറാഴ്ചയായിരുന്നു ശിവസേനയെ ഗവർണർ ക്ഷണിച്ചത്. പിന്തുണക്കാര്യത്തിൽ കോണ്‍ഗ്രസ് നിലപാട് പ്രഖ്യാപിക്കാത്തതാണു ശിവസേനയുടെ നേതൃത്വത്തിലുള്ള സർക്കാർ രൂപവത്കരണം അനിശ്ചിതത്വത്തിലാക്കിയത്.
ശിവസേനയുടെ നീക്കത്തെ പിന്തുണയ്ക്കാൻ മഹാരാഷ്ട്രയിൽനിന്നുള്ള 44 എംഎൽഎമാരും ഹൈക്കമാൻഡിനെ സമ്മതമറിയിച്ചിരുന്നു. എംഎൽഎമാരുടെ തീരുമാനം സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മല്ലികാർജുൻ ഖാർഗെ കോർ ഗ്രൂപ്പ് യോഗത്തിൽ വിശദമാക്കി. പുറമേനിന്നുള്ള പിന്തുണ ഒഴിവാക്കി ശിവസേന-എൻസിപി സർക്കാരിന്റെ ഭാഗമാകണമെന്ന നിർദേശമാണ് ഭൂരിപക്ഷം എംഎൽഎമാരും അറിയിച്ചത്.