യുഡിഎഫ് വോട്ട് അസാധുവായി; തൃക്കാക്കര നഗരസഭാ ഭരണം എല്‍ഡിഎഫിനൊപ്പം
കൊച്ചി:ഒരു കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടര്‍ന്ന് തൃക്കാക്കര നഗരസഭാ ഭരണം എല്‍ഡിഎഫിന് സ്വന്തമായി.
തൃക്കാക്കര നഗരസഭാ ചെയർപേഴ്സണായി എല്‍ഡിഎഫിലെ ഉഷ പ്രവീണ്‍ തെരഞ്ഞെടുക്കപ്പെട്ടു. 43 അംഗ കൗൺസിലിൽ എൽഡിഎഫിനും യുഡിഎഫിനും 21 അംഗങ്ങൾ വീതമാണ് ഉണ്ടായിരുന്നത്.
എല്‍ഡിഎഫിന് 21വോട്ടും യുഡിഎഫിന് 20 വോട്ടും ലഭിച്ചു. യുഡിഎഫിലെ വി.എം. മജീദിന്റെ വോട്ട് അസാധുവായതോടെ ഉഷ പ്രവീണ്‍ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇ.കെ മജീദ് പണം വാങ്ങി ചതിക്കുകയായിരുന്നെന്ന് യുഡിഎഫ് ആരോപിച്ചു.
ചെയർപേഴ്സണായിരുന്ന ഷീല ചാരുവിനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമിഷൻ അയോഗ്യയാക്കിയ സാഹചര്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ഷീല ചാരുവിനു വോട്ടവകാശം ഉണ്ടായിരുന്നില്ല.
ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ അജിത തങ്കപ്പനായിരുന്നു യുഡിഎഫ് സ്ഥാനാർഥി. കഴിഞ്ഞ 9 മാസമായി എൽഡിഎഫ് ആണ് തൃക്കാക്കര നഗരസഭ ഭരിക്കുന്നത്. പട്ടികവിഭാഗ വനിതാ സംവരണമാണ് തൃക്കാക്കര നഗരസഭയിൽ അധ്യക്ഷപദവി.
2015 ൽ തൃക്കാക്കര നഗരസഭയിൽ പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ 43 അംഗങ്ങൾ ഉള്ളതിൽ യുഡിഎഫ് 21, എൽഡിഎഫ് 20, യുഡിഎഫ് വിമതൻ 1, എൽഡിഎഫ് വിമതൻ 1 എന്നിങ്ങനെയായിരുന്നു കക്ഷിനില. രണ്ട് വിമതന്മാരുടെ പിന്തുണയോടെ എൽഡിഎഫിലെ കെ.കെ. നീനു അധ്യക്ഷ പദവിയിൽ എത്തിയത്.
എന്നാൽ യുഡിഎഫ് വിമതൻ, ക്യാപിൽ തിരിച്ചെത്തിയതോടെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന് യുഡിഎഫ് നീനുവിനെ പുറത്താക്കി. കോൺഗ്രസിലെ എം.ടി. ഓമനയായിരുന്നു പിന്നീട് അധ്യക്ഷയായത്. എന്നാൽ യുഡിഎഫിലെ അധ്യക്ഷപദവി വീതം വയ്പ്പിൽ പരിഗണന കിട്ടാതിരുന്ന കോൺഗ്രസ് കൗൺസിലർ ഷീല ചാരു കൂറുമാറിയതോടെ എം.ടി. ഓമനയ്ക്ക് അധ്യക്ഷ പദവി നഷ്ടമായി.
ഷീല ചാരു എല്‍ഡി എഫ് പിന്തുണയോടെ വിജയിച്ചു .. എന്നാൽ രണ്ടാഴ്ച മുൻപ് കൂറുമാറ്റത്തിനെതിരെയുള്ള പരാതി തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചതോടെ ഷീല ചാരു അയോഗ്യയായി. ഇതോടെയാണ് ഇന്ന് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഷീല ചാരുവിനു വോട്ടവകാശം ഇല്ലെങ്കിലും ഉപാധികളോടെ അംഗമായി തുടരുന്നുണ്ട്.