സാമ്പത്തിക പ്രതിസന്ധി: വാർഷിക പദ്ധതി 30% വെട്ടിക്കുറയ്ക്കേണ്ടി വരുമെന്ന് ധനമന്ത്രി തോമസ് ഐസക്
തിരുവനന്തപുരം:സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്തിന്റെ വാർഷിക പദ്ധതി 30 ശതമാനം വെട്ടിക്കുറയ്ക്കേണ്ടി വരുമെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്.
ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളിൽ മുൻഗണന നൽകേണ്ടവയുടെ പട്ടിക തയാറാക്കാൻ നിർദേശിച്ചതായും മന്ത്രി. ഉപധനാഭ്യർഥന ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
കേരളത്തിനു വാങ്ങാവുന്ന വായ്പയിൽ കേന്ദ്ര സർക്കാർ 6,645 കോടി രൂപ വെട്ടിക്കുറച്ചു. അതിനുപുറമേ കേന്ദ്ര നികുതി വിഹിതത്തിൽ ഈ വർഷം 5,370 കോടി രൂപയുടെ കുറവുണ്ടാകും.
കോർപറേറ്റ് നികുതിയിൽ 1,75,000 കോടി രൂപയുടെ ഇളവു കേന്ദ്രം പ്രഖ്യാപിച്ചതിന്റെ ഫലമായാണിത്. സംസ്ഥാന ജിഎസ്ടി വരുമാനത്തിൽ 5,623 കോടി രൂപയുടെ കുറവ് ഇതിനു പുറമേയുണ്ടാകും.
കേന്ദ്ര സർക്കാർ ഇ വേ ബിൽ നൽകിയാൽ മാത്രമേ വ്യാപാര സ്ഥാപനങ്ങൾ നൽകിയ ജിഎസ്ടി ബിൽ പരിശോധിക്കാനാകൂ. എല്ലാ ഇനങ്ങളിലേയും കുറവ് കൂട്ടിയാൽ ബജറ്റിൽ വകയിരുത്തിയതിനേക്കാൾ 19,463 കോടി രൂപയുടെ കുറവുണ്ടാകും.
ഗൾഫ് നാട്ടിൽ നിന്നുള്ള മടങ്ങിവരവ് കൂടിയതാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി കൂട്ടാനിടയാക്കിയത്. ഒരുവർഷം 16 ശതമാനം വീതം സർക്കാരിന്റെ ചെലവ് വർധിക്കുകയാണ്. എന്നാൽ ക്ഷേമപ്രവർത്തനങ്ങൾക്ക് മുട്ടുവന്നിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.