പ്രിയങ്ക ഗാന്ധിയുടെ വാട്സ്ആപ്പും ചോർത്തി; ആരോപണവുമായി കോണ്ഗ്രസ്
ന്യൂഡൽഹി:എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഫോണ് ചോർത്തിയതായി കോൺഗ്രസ്. പാർട്ടി വക്താവ് രണ്ദീപ് സുർജേവാലയാണ് വാർത്താ സമ്മേളനത്തിൽ ഈ ആരോപണമുന്നയിച്ചത്.
മോദി സർക്കാർ ചാരപ്പണി നടത്തുന്ന സർക്കാരാണെന്നും സുർജേവാല.
വിവരങ്ങൾ ചോർത്തുന്നതു സംബന്ധിച്ച അറിയിപ്പ് പ്രിയങ്കയ്ക്കും വാട്സ്ആപ്പിൽ നിന്ന് ലഭിച്ചിരുന്നു. മറ്റുപലർക്കും ഇത്തരത്തിലുള്ള മുന്നറിയിപ്പ് ലഭിച്ച സമയത്ത് തന്നെയായിരുന്നു സന്ദേശം ലഭിച്ചതെന്നും സുർജേവാല.
ഫോണ് ചോർത്തൽ മുന്നറിയിപ്പുണ്ടായിട്ടും കേന്ദ്ര സർക്കാർ നടപടി എടുത്തില്ല. വിവരം ചോർത്തലിൽ മോദി സർക്കാർ കളവു പറയുകയാണ്. ഇക്കാര്യത്തിൽ സർക്കാരിന് അറിവുണ്ടോ എന്നും സുർജേവാല.
ഇസ്രയേൽ കമ്പനിയായ എൻഎസ്ഒ ഗ്രൂപ്പ് നിർമിച്ച പെഗാസസ് എന്ന ചാര സോഫ്റ്റ് വെയറിന്റെ സഹായത്തോടെ 1400 പേരുടെ വിവരങ്ങൾ ചോർത്തിയെന്നും ഇതിൽ ഇന്ത്യക്കാരുമുണ്ടെന്നും വാട്സ്ആപ് അധികൃതർ അമെരിക്കൻ ഫെഡറൽ കോടതിയെയാണ് അറിയിച്ചത്.
എൻഎസ്ഒ ഗ്രൂപ്പ്, ക്യുസൈബർ ടെക്നോളജീസ് എന്നീ കമ്പനികൾക്കെതിരേ യുഎസ് ഫെഡറൽ കോടതിയിൽ കേസ് ഫയൽ ചെയ്തതോടെയാണ് ഈ വിവരം പുറത്തായത്. ഫോണ് ചോർത്തിയവരിൽ ഇന്ത്യയിൽനിന്നുള്ള മനുഷ്യാവകാശ പ്രവർത്തകർ, മാധ്യമപ്രവർത്തകർ എന്നിവരും ഉൾപ്പെട്ടിരുന്നു.
പെഗാസസ് ഉപയോഗിച്ച് 121 ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തിയെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ കേന്ദ്ര സർക്കാർ ഏജൻസികളെ വിവരം അറിയിച്ചിരുന്നു എന്നാണ് വാട്സ് ആപ്പിന്റെ വിശദീകരണം.