സ്വാശ്രയ പ്രശ്നം: പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു; പ്രതിപക്ഷ എംഎല്‍എമാരുടെ നിരാഹാരസമരം തുടരുന്നു
തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തില്‍ സഭ ഇന്നും സ്തംഭിച്ചു. പ്രതിപക്ഷ എംഎല്‍എമാര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഇതേ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.
അതേസമയം പ്രതിപക്ഷ എംഎല്‍എമാരുടെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. തിങ്കളാഴ്ച വരെ സമരം തുടരാനാണ് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി തീരുമാനം. തിങ്കളാഴ്ച ഭാവി പരിപാടികള്‍ തീരുമാനിക്കും. അതിനിടെ നിരാഹാരമിരിക്കുന്ന എംഎല്‍എമാരെ വി.എസ് അച്യുതാനന്ദന് സന്ദര്‍ശിച്ചു. നിയമസഭയിലേക്ക് കടക്കുന്നതിന് മുമ്പാണ് വി.എസ് എം.എല്‍എമാരുടെ അടുത്തെത്തി ആരോഗ്യവിവരം അന്വേഷിച്ചത്. കോണ്‍ഗ്രസ് എംഎല്‍എമാരായ ഹൈബി ഈഡന്, ഷാഫി പറമ്പില്‍, അനൂപ് ജേക്കബ് എന്നിവര്‍ക്കൊപ്പം അനുഭാവ സത്യാഗ്രം നടത്തുന്ന മുസ്ലീംലീഗ് എംഎല്‍എമാര്‍ സമരം അവസാനിപ്പിച്ചു. എന്‍.ഷംസുദ്ദീനും കെ.എം.ഷാജിക്കും പകരം ആബിദ് ഹുസൈനും എന്‍.എ.നെല്ലിക്കുന്നുമാണ് ഇനി സത്യാഗ്രഹം അനുഷ്ഠിക്കുക.
യു.ഡി.എഫ് എം.എല്‍.എമാര്‍ ഇന്നും കറുത്ത ബാഡ്ജ് ധരിച്ചായിരുന്നു സഭയിലെത്തിയത്. ചോദ്യോത്തരവേള തുടങ്ങിയത് തന്നെ പ്രതിപക്ഷ അംഗങ്ങളുടെ മുദ്രാവാക്യം വിളികളോടെയായിരുന്നു. പ്രതിപക്ഷം ചോദ്യോത്തര വേളയില്‍ പങ്കെടുത്തില്ല. പ്രതിപക്ഷത്തിനു വേണ്ടി വി.ടി ബല്‍റാം എം.എല്‍.എ അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. കോളജുകള്‍ തലവരിപ്പണം വാങ്ങി പ്രവേശനം നടത്തുന്നത് തടയണമെന്നും എം.എല്‍.എമാരുടെ സമരം അവസാനിപ്പിക്കാന്‍ ചര്‍ച്ചനടത്തണമെന്നും പരിയാരം കോളജിലെ ഫീസ് കുറവു വരുത്തുകയും മറ്റു കോളജുകളുടെ ഫീസിന്റെ കാര്യത്തില്‍ പരിഹാരം കാണണമെന്നും ബല്‍റാം നല്കിയ അടിയന്തര പ്രമേയത്തില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സംഭരിക്കുന്നത് പച്ചക്കറിയല്ല പച്ചനോട്ടാണെന്നും ബല്‍റാം നിയമസഭയില്‍ പറഞ്ഞു.
തുടര്‍ച്ചയായി മൂന്നു തവണയില്‍ കൂടുതല്‍ ഒരേ വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നല്‍കുന്നത് ചട്ടവിരുദ്ധമാണെന്ന് സ്പീക്കര്‍ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. ശനിയാഴ്ചയും ഞായറാഴ്ചയും നിയമസഭ കൂടാത്ത സാഹചര്യത്തില്‍ സമരം തിങ്കളാഴ്ച വരെ തുടരാനാണ് യു.ഡി.എഫ് തീരുമാനം. നിയമസഭ കൂടാത്ത ദിവസവും എം.എല്‍.എമാര്‍ നിയമസഭാ കവാടത്തില്‍ സമരം തുടരും. യൂത്ത് കോണ്‍ഗസ്, കെ.എസ്.യു പ്രവര്‍ത്തകരെ അണിനിരത്തി നിയമസഭയ്ക്ക് മുന്നില്‍ സമരം ശക്തമാക്കാനും യു.ഡി.എഫ് യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
അതേസമയം മെഡിക്കല്‍ പ്രവേശനം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സര്‍ക്കാരുമായുള്ള സ്വാശ്രയ കരാറില്‍ ഒപ്പു വെക്കാന്‍ കെ.എം.സി.ടി അടക്കമുള്ള നാലു കോളജുകള്‍ തയ്യാറായില്ല. ഇതോടെ നാലുകോളജുകളിലുമായി 250 മെരിറ്റ് സീറ്റുകള്‍ നഷ്ടമാകും.
നിയന്ത്രിണരേഖ കടന്ന് തീവ്രവാദി ക്യാമ്പുകള്‍ ആക്രമിച്ച് ലക്ഷ്യം കൈവരിച്ച സൈനികര്‍ക്ക് നിയമസഭ അഭിവാദ്യം അര്‍പ്പിച്ചു.