രാജ്യത്തിന് പുതിയ ഭൂപടം..!
ശ്രീനഗര്‍: ജമ്മു കശ്മീർ സംസ്ഥാനം പ്രത്യേക പദവികളൊന്നുമില്ലാതെ രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്കു തുല്യമായി മാറി. രാഷ്ട്രപതി ഭരണം ഇന്നലെയോടെ അവസാനിച്ചു. സംസ്ഥാനം വിഭജിച്ച് ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ നിലവില്‍ വന്നു. സ്വാതന്ത്ര്യത്തിനു പിന്നാലെ 560 നാട്ടുരാജ്യങ്ങളെ ലയിപ്പിച്ച് ഐക്യ ഭാരതം സൃഷ്ടിച്ച സർദാർ വല്ലഭഭായ് പട്ടേലിന്റെ ജന്മദിനമായ ഇന്നലെ രണ്ടിടത്തും ലഫ്റ്റനന്റ് ഗവർണർമാർ സ്ഥാനമേറ്റു.
അതിനു പിന്നാലെ ഇന്ത്യയുടെ പുതുക്കിയ ഭൂപടവും പുറത്തിറക്കി. ഒരു സംസ്ഥാനം കുറയുകയും പകരം രണ്ടു കേന്ദ്രഭരണ പ്രദേശങ്ങള്‍ കൂടുകയും ചെയ്ത ഔദ്യോഗിക ഭൂപടമാണു കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. ജമ്മു കശ്മീർ വിഭജനത്തോടെ സംസ്ഥാനങ്ങളുടെ എണ്ണം 28 ആയി കുറഞ്ഞു. കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം ഏഴായി.
ഇതിനു പുറമെ ജമ്മു കശ്മീർ, ലഡാക്ക്, ലേ എന്നിവിടങ്ങളിലെ ആകാശവാണി റേഡിയോ നിലയങ്ങളുടെ പേരും മാറ്റി. ഇതേവരെ റേഡിയോ കശ്മീർ എന്നറിയപ്പെട്ടിരുന്ന മൂന്നു സ്റ്റേഷനുകളും ഇനി മുതൽ രാജ്യത്തെ മറ്റു സ്റ്റേഷനുകളെ പോലെ ഓൾ ഇന്ത്യ റേഡിയോ എന്നു തന്നെ അറിയപ്പെടും. ഇതേവരെ സംസ്ഥാനത്തിനു ബാധകമാകാതിരുന്ന 100ലേറെ കേന്ദ്ര നിയമങ്ങൾ രണ്ടിടത്തും നിലവിൽ വന്നു.
ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പിലെ ഉപവകുപ്പുകൾ കേന്ദ്ര സർക്കാർ റദ്ദാക്കിയത്. അതിനൊപ്പമാണു രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളും പ്രഖ്യാപിച്ചത്. സ്ഥിതിഗതികൾ മെച്ചപ്പെടുന്നതോടെ ക്രമേണ പുതുച്ചേരിക്കു സമാനമായി ജമ്മു കശ്മീരിൽ നിയമസഭയും മുഖ്യമന്ത്രിയും നിലവിൽ വരും. കാലാവധി അഞ്ചുവർഷം. ഇതേവരെ ജമ്മു കശ്മീർ നിയമസഭയ്ക്ക് ആറുവർഷമായിരുന്നു കാലാവധി. 114 അംഗങ്ങളാണു സഭയിലുണ്ടാവുക. അഞ്ച് ലോക്സഭാ സീറ്റുകൾ. നാല് രാജ്യസഭാ സീറ്റുകൾ. എന്നാൽ, ലഡാക്ക് പൂർണ കേന്ദ്രഭരണ പ്രദേശമായിത്തന്നെ തുടരും. അവിടെ ഒരു പാർലമെന്റ് സീറ്റ്.
പുതിയ ലഫ്റ്റനന്റ് ഗവർണർമാർ
സവേർവാലിലെ രാജ്ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗീത മിത്തലിനു മുന്നിൽ സത്യവാചകം ചൊല്ലി ഗിരീഷ് ചന്ദ്ര മുര്‍മു ജമ്മു കശ്മീരിന്റെയും രാധാകൃഷ്ണ മാഥുർ ലഡാക്കിന്റെയും ഭരണച്ചുമതല ഏറ്റെടുത്തു. സത്യപ്രതിജ്ഞാ ചടങ്ങില്‍ ബിജെപി നേതാവ് ജുഗല്‍ കിഷോര്‍, രാജ്യസഭാ അംഗവും പിഡിപി നേതാവുമായ നസീര്‍ ലാവേ ഉള്‍പ്പെടെ 250ഓളം പേര് പങ്കെടുത്തു. ഇന്നു മുതല്‍ രണ്ടിടത്തും വിവിധ തസ്തികകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ നിയമനം ആരംഭിക്കും.