2 ജില്ലകളിലും 7 താലൂക്കുകളിലും വെള്ളിയാഴ്ച അവധി; സർവകലാശാല പരീക്ഷകളും മാറ്റി
കൊച്ചി: കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ രണ്ടു ജില്ലകളിലേയും ഏഴ് താലൂക്കുകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച (നവംബർ ഒന്ന്) ജില്ലാ കലക്റ്റർമാർ അവധി പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധിയാണ്.
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളെജുകൾ, സി.ബി.എസ്.ഇ- ഐ.സി.എസ്. സ്കൂളുകൾ, അങ്കണവാടികൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
മലപ്പുറം ജില്ലയിലെ തീരദേശ താലൂക്കുകളിൽ (പൊന്നാനി, തിരൂർ, തിരൂരങ്ങാടി) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്റ്റർ നവംബർ ഒന്നിന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളെജുകൾ, അങ്കണവാടികള്‍ , മദ്രസകള്‍ ഉള്‍പ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം അവധി ബാധകമാണ്.
എറണാകുളം ജില്ലയിലെ കൊച്ചി, കണയന്നൂര്‍ താലൂക്കുകളിലെ പ്രൊഫഷണല്‍ കോളെജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്റ്റര്‍ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. അവധി ആഘോഷിക്കരുതെന്നും സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും കലക്റ്റര്‍ വിദ്യാര്‍ഥികളോട് അഭ്യര്‍ഥിച്ചു.
പരീക്ഷകൾ മാറ്റി
കനത്ത മഴയെ തുടര്‍ന്ന് കണ്ണൂർ, എം.ജി. സര്‍വകലാശാലകൾ നവംബര്‍ ഒന്നിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി അറിയിച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും സർവകലാശാല അധികൃതർ വ്യക്തമാക്കി.