‘മഹാ’ ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് ശക്തമായ മഴ
തിരുവനന്തപുരം: മഹാ’ ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് ശക്തമായ മഴ. അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിൽ രൂപം കൊണ്ട ‘മഹാ ചുഴലിക്കാറ്റിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വരുംമണിക്കൂറുകളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്.
എറണാകുളം തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ലക്ഷദ്വീപിൽ ആതീവജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്. ബുധനാഴ്ച മുതൽ നിർത്താതെ തുടരുന്ന പെരുമഴയിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിന് അടിയിലായി. എറണാകുളം ജില്ലയിലെ നാല് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കൊച്ചി, പറവൂർ, കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി നൽകിയിരിക്കുന്നത്.
എറണാകുളം എടവനക്കാട് കടൽക്ഷോഭമുണ്ടായി. തീരത്തുനിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. ദുരിതാശ്വാസ ക്യാംപ് തുറന്നിട്ടുണ്ട്. പാറശാല-നെയ്യാറ്റിൻകര പാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ട്രെയ്ൻ ഗതാഗതം തടസപ്പെട്ടു. പരശുറാം എക്സ്പ്രസ് പാറശാലയിൽ കുറച്ച് സമയം നിർത്തിയിട്ടു. പാളത്തിലെ മണ്ണ് നീക്കിയ ശേഷമാണ് ട്രെയ്ൻ ഗതാഗതം പുനസ്ഥാപിച്ചത്. എംജി സർവകലാശാല വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിയിട്ടുണ്ട്. മഹാ ചുഴലിക്കാറ്റ് ഉച്ചയ്ക്കു മുൻപ് ശക്കിപ്രാപിക്കുമെന്നാണ് റിപ്പോർട്ട്.
തീരമേഖലയിലും മലയോര മേഖലയിലും ചില നേരങ്ങളിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. കേരളം മഹാ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലില്ലെങ്കിലും കേരള തീരത്തോട് ചേർന്ന കടൽ പ്രദേശത്ത് രൂപം കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനിടയുണ്ട്. അതിപ്രക്ഷുബ്ദാവസ്ഥയിലുള്ള കടലിൽ മത്സ്യത്തൊഴിലാളികൾ പോകരുതെന്ന് നിർദേശം നൽകിയിരിക്കുകയാണ്. കടൽത്തീരത്തു പോകുന്നതും ഒഴിവാക്കണമെന്നും നിർദേശം
സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം കൂടി ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. ഇതിന്റെ ഭാഗമായാണ് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. മറ്റെല്ലാ ജില്ലകളിലും ഇന്ന് യെലോ അലർട്ടും പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ വെള്ളിയാഴ്ചയും യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.