എകെ 47 ഉൾപ്പെടെ ആയുധങ്ങൾ കണ്ടെടുത്തു; അവർ കീഴടങ്ങാൻ വന്നതല്ലെന്ന് എസ്പി
പാലക്കാട്: അട്ടപ്പാടിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിനെ തുടർന്നാണെന്ന് പാലക്കാട് എസ്പി ശിവവിക്രം ഐപിഎസ്. എകെ47 തോക്കുകള്‍ ഉപയോഗിച്ച് മാവോയിസ്റ്റുകള്‍ ആക്രമിച്ചു. പൊലീസ് ആക്രമിക്കാനല്ല. പെട്രോളിങ്ങിനാണ് പോയത്. വ്യാജ ഏറ്റുമുട്ടലാണോ അല്ലയോ എന്ന് സാക്ഷികളോട് ചോദിക്കാമെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ച രാവിലെ തുടങ്ങിയ ഓപ്പറേഷനാണ്. തണ്ടർബോൾട്ട് സംഘം പെട്രോളിങ് നടത്തവേ മഞ്ചക്കണ്ടിയിൽ നിന്ന് 4 കിലോമീറ്റർ അകലെ വനമേഖലയിൽ വെച്ച് മാവോവാദികളുടെ സങ്കേതം കാണുകയായിരുന്നു.
അതിന് സമീപത്തേക്ക് തണ്ടർബോൾട്ട് സംഘം നീങ്ങിയപ്പോൾ മാവോവാദികൾ വെടിയുതിർത്തു. അപ്പോൾ തണ്ടർബോൾട്ട് സംഘം തിരിച്ചടിച്ചു. ഇതിൽ മൂന്ന് മാവോവാദികൾ കൊല്ലപ്പെടുകയായിരുന്നു. പിറ്റേന്ന് രാവിലെയാണ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചത്. തഹസിൽദാർ, സബ്കലക്റ്റർ, ഡോക്ടർ, ഫൊറൻസിക് വിദഗ്ധർ, ആയുധ വിദഗ്ധർ, ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ്, പഞ്ചായത്ത് അംഗങ്ങൾ, ഡിഎഫ്ഒ എന്നിവരും സ്ഥലത്തുണ്ടായിരുന്നു. പിടിച്ചെടുത്ത ആയുധങ്ങൾ പരിശോധിക്കവെയാണ് വീണ്ടും വെടിവെപ്പുണ്ടായത്.
വെടിയേൽക്കാതിരിക്കാൻ എല്ലാവരും നിലത്ത് കിടന്നു. ഉടൻ തണ്ടർബോൾട്ട് സംഘം തിരിച്ച് വെടിയുതിർത്തു. 2 മണിക്കൂറോളം സമയം ആ വെടിവെപ്പ് നീണ്ടുനിന്നു. ആ വെടിവെപ്പിലാണ് ഒരാൾ കൊല്ലപ്പെടുന്നത്. ഇയാളുടെ കൈവശം എകെ 47 തോക്കുണ്ടായിരുന്നു. ഇയാളുടെ കൂടെ രണ്ട് മാവോവാദികൾ കൂടി ഉണ്ടായിരുന്നു. ഇവരുടെ കൈവശവും ആയുധങ്ങളുണ്ടായിരുന്നു. ഇവർക്കായി തണ്ടർബോൾട്ട് ഏറെ നേരം തെരച്ചിൽ നടത്തിയതായും എസ്പി വ്യക്തമാക്കി.
ഒരു എകെ 47 തോക്കും, ഒരു 303 തോക്കും, നാടൻ തോക്കുകളുമുൾപ്പെടെ ഏഴ് ആയുധങ്ങൾ അവിടെ നിന്നും കണ്ടെടുത്തു. നൂറ് റൗണ്ട് വെടിയുണ്ടകളും കണ്ടെടുത്തു. മൊബൈൽ ഫോണും ലാപ്ടോപ്പും ഉൾപ്പെടെ ഇലക്ട്രോണിക് ഉപകരണങ്ങളും സ്ഥലത്തുണ്ടായിരുന്നു. പാചകം ചെയ്തതിന്റെ തെളിവുകളുണ്ടായിരുന്നതായും എസ്പി പറഞ്ഞു. കീഴടങ്ങാൻ എത്തിയവരായിരുന്നു മാവോവാദികളെങ്കിൽ അവർ എന്തിന് വലിയ ആയുധങ്ങളുമായി വന്നു എന്നും എസ്പി ചോദിച്ചു.