ഇവിടെ കുഞ്ഞുങ്ങള്‍ക്ക് ജീവിക്കണം: അക്കിത്തം ഉൾപ്പെടെ പ്രമുഖർ
കൊച്ചി: വളയാറില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ ക്രൂരമായ പീഡനത്തിനിരയാകുകയും കൊല ചെയ്യപ്പെടുകയും ചെയ്ത സാഹചര്യവും അതിനോടുള്ള ഭരണകൂട മൃദു സമീപനവും അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് പ്രമുഖ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പ്രതികരിച്ചു. മഹാകവി അക്കിത്തം, മാടമ്പ് കുഞ്ഞുകുട്ടന്, ഡോ. സുവർണ നാലപ്പാട്ട്, പി. നാരായണക്കുറുപ്പ് അടക്കം ഇരുപതോളം എഴുത്തുകാരും സാസ്കാരിക പ്രവര്‍ത്തകരുമാണു രംഗത്തെത്തിയത്.
ഒമ്പതും പതിനൊന്നും വയസുള്ള ദളിത് പെണ്കുരുന്നുകള് ക്രൂരമായി ലൈംഗിക പീഡനത്തിനിരയാവുകയും കൊല ചെയ്യപ്പെട്ട് ഉത്തരത്തില്‍ കെട്ടിത്തൂക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടായിട്ടും സംസ്ഥാന ഭരണകൂടം തികച്ചും നിരുത്തരവാദപരമായും വിവേചന മനോഭാവത്തോടെയുമാണ് അതിനെ സമീപിച്ചത്.
വിനായകന് എന്ന ദളിത് വിഭാഗത്തില്‍പ്പെട്ട ചെറുപ്പക്കാരന് പൊലീസ് ലോക്കപ്പില്‍ മരണപ്പെട്ടതും മധു എന്ന ആദിവാസി യുവാവ് ആള്‍ക്കൂട്ട മര്‍ദനത്തിന് വിധേയമായി കൊലചെയ്യപ്പെട്ടതും പെരുമ്പാവൂരില്‍ ജിഷ എന്ന പെണ്‍കുട്ടി ക്രൂരമായി കൊല ചെയ്യപ്പെട്ടതും കേരളത്തിലാണ്. ഇത്തരം സംഭവങ്ങള്‍ വാര്‍ത്തയേ അല്ലാത്ത അവസ്ഥ സംജാതമായിരിക്കുന്നു. നഗ്നമായ നിയമലംഘനത്തിലൂടെ രാഷ്ട്രീയ തണലില്‍ പ്രതികളെ രക്ഷിച്ചെടുക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ സംവിധാനങ്ങളുള്‍പ്പെടെ ചെയ്തത്.
ഈ അവസരത്തില്‍ സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും മൗനം ഭജിച്ചിരിക്കാന് സാധിക്കില്ല. വടക്കോട്ടുമാത്രം തുറന്നുവച്ചിരിക്കുന്ന കണ്ണുകളും കാതുകളുമായി സാംസ്കാരിക ബുദ്ധിജീവി നാട്യക്കാരുമായി സമരസപ്പെട്ടുപോകാന്‍ സാധിക്കില്ല- എഴുത്തുകാര്‍ പ്രമേയത്തില്‍ പറഞ്ഞു.
ഡോ. പുത്തേഴത്ത് രാമചന്ദ്രന്, ഡോ. എ.എം. ഉണ്ണികൃഷ്ണന്, കല്ലറ അജയന്, ടി.പി. സുധാകരന്, വി.ജി. തമ്പി, അലി അക്ബര്‍, ഡോ. എന്‍.ആര്. മധു, മുരളി പാറപ്പുറം, കാവാലം ശശികുമാര്‍, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്, ശ്രീജിത്ത് മൂത്തേടത്ത്, സി.സി. സുരേഷ്, ടി.എസ്. നീലാംബരന്‍, ഇ. സുമതിക്കുട്ടി, എൻ. സ്മിത, ഷാജു കളപ്പുരക്കൽ, ഉണ്ണികൃഷ്ണൻ കീച്ചേരി, അജിത രാജൻ എന്നിവരാണു പ്രമേയത്തില്‍ ഒപ്പിട്ട മറ്റുള്ളവർ.