വാളയാർ കേസ്: ശിശുക്ഷേമ സമിതി ചെയർമാനെ പുറത്താക്കി
തിരുവനന്തപുരം: വാളയാറിലെ ദളിത് പെണ്‍കുട്ടികളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾക്കു വേണ്ടി ഹാജരായ ശിശുക്ഷേമ സമിതി ചെയർമാനെ സ്ഥാനത്തുനിന്നു നീക്കി സർക്കാർ.
കേസിൽ കോടതി വെറുതെ വിട്ട മൂന്നാം പ്രതി പ്രദീപ് കുമാറിനുവേണ്ടി ഹാജരായ അഡ്വ എൻ. രാജേഷിനെയാണ് പുറത്താക്കിയത്. പ്രോസിക്യൂഷൻ വാദം മുൻകൂട്ടി അറിഞ്ഞ് പ്രതികളെ രക്ഷിക്കാൻ കൂട്ടുനിന്നെന്നാണ് രാജേഷിനെതിരേ ഉയർന്നിരിക്കുന്ന ആരോപണം.
നിയമസഭയിൽ ഉൾപ്പെടെ പ്രതിപക്ഷം ഈ ആരോപണം ഉയർത്തിയതോടെ സംസ്ഥാന സർക്കാർ പ്രതിരോധത്തിലായിരുന്നു. ഇതിനെ തുടർന്നാണ് രാജേഷിനെ ചെയർമാൻ സ്ഥാനത്തുനിന്നു പുറത്താക്കുന്നത്. ഉടൻ ഉത്തരവിറങ്ങും.
വാളയാറിൽ സഹോദരിമാരുടെ ദുരൂഹ മരണത്തിലും പീഡനത്തിലും പ്രതിയായവരെ കോടതി വിട്ടയച്ചതിനു പിന്നാലെയാണു ശിശുക്ഷേമസമിതി അധ്യക്ഷൻ നിയമനം വീണ്ടും വിവാദമാകുന്നത്. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗമായ രാജേഷ് സിപിഎം അനുഭാവിയാണ്.
അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതോടെയാണ് കേസിൽനിന്നു രാജേഷ് ഒഴിവായത്. അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതോടെ രാജേഷ് തന്റെ ജൂനിയറായ അഭിഭാഷകനാണ് വക്കാലത്ത് കൈമാറിയതെന്ന വിവരവും പുറത്തുവന്നിരുന്നു.
വാളയാറിലെ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ പ്രതി ചേർക്കപ്പെട്ട വി. മധു, ഷിബു, എം. മധു എന്നിവരെയാണു കഴിഞ്ഞ ദിവസം പാലക്കാട് പോക്സോ കോടതി വെറുതെവിട്ടത്.
പെണ്‍കുട്ടികൾ പീഡനത്തിനിരയായെന്ന് കണ്ടെത്തിയെങ്കിലും പ്രതികൾ ഇവർതന്നെയാണെന്ന് തെളിയിക്കുന്നതിൽ അന്വേഷണ സംഘത്തിനു വീഴ്ച പറ്റിയെന്നാണ് കോടതി അഭിപ്രായപ്പെട്ടത്.