മഞ്ചേശ്വരം പ്രവചനാതീതം
മഞ്ചേശ്വരം: കേരളത്തിലെ ഒന്നാം നമ്പര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പു പ്രചാരണം അവസാനഘട്ടത്തിലെത്തിയപ്പോള്‍ മൂന്നു മുന്നണികളും നന്നേ വിയര്‍ക്കുന്നു. മുന്‍കാലങ്ങളിലേക്കാള്‍ കടുകട്ടിയാണു പ്രചരണമെന്ന് എല്ലാ നേതാക്കളും സമ്മതിക്കുന്നു. പക്ഷേ പാട്ടുംപാടി താന്‍ വിജയിക്കുമെന്ന് ഗായകന് കൂടിയായ യുഡിഎഫ് സ്ഥാനാര്‍ഥി എം.സി. കമറുദ്ദീന് പറയുമ്പോള്‍, തുളുനാട് തന്നെ മാറോടുചേര്ക്കുമെന്ന് യക്ഷഗാന കലാകാരന് കൂടിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. ശങ്കര്‍ റൈ തറപ്പിച്ചുപറയുന്നു. താന്ത്രിക വിധി പ്രകാരം വിജയം തന്റെ പക്ഷത്താണന്നെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി രവീശതന്ത്രി കുണ്ടാർ.
ഇവരുടെ അവകാശവാദങ്ങളെ ആര്‍ക്കും പരിപൂര്‍ണമായി തള്ളിക്കളയാകില്ല. കാരണം, അതുതന്നെയാണ് തുളുനാട് നല്കുന്ന സന്ദേശം. ആരെ തള്ളും കൊള്ളും എന്ന് 24വരെ കാത്തിരുന്നേ മതിയാകൂ. ആദ്യ രണ്ടു ഘട്ടങ്ങളില്‍ ശബരിമലയും വിശ്വാസവും പ്രചരണ ആയുധമാക്കി യുഡിഎഫും എന്‍ഡിഎയും മുന്നോട്ടുപോയപ്പോള്‍ അതിനെ പ്രതിരോധിക്കുന്നതിനൊപ്പം സര്‍ക്കാരിന്റെ വികസനങ്ങള്‍ പറഞ്ഞ് എല്‍ഡിഎഫ് മുന്നേറി. രണ്ടാംഘട്ടം കഴിഞ്ഞതോടെ ശബരിമലയും വിശ്വാസവുമായി മുന്നോട്ട് പോയാല്‍ പണിപാളുമെന്ന് മനസിലാക്കിയതോടെ മുന്നണികള്‍ വികസനമുരടിപ്പും അഴിമതിയുള്‍പ്പടെയുള്ള വിവാദങ്ങളുമായി രംഗത്തെത്തി.
മൂന്നാം റൗണ്ട് പ്രചരണം ഇന്ന് അവസാനിക്കുമ്പോള്‍ മത്സരം കടുകട്ടിയായിട്ടുണ്ട്. മാപ്പിളപ്പാട്ടും യക്ഷഗാനവും താന്ത്രിക മന്ത്രങ്ങളും ഒരു പോലെ അലയടിക്കുകയാണ് മഞ്ചേശ്വരത്തിന്റെ മണ്ണില്‍. കാസര്‍ഗോട്ടെ സാംസ്കാരിക സദസുകളിലും കല്യാണവീടുകളിളും സ്നേഹ നിര്‍ബന്ധത്തിനു വഴങ്ങി പാട്ടുകാരനായി മാറിയ മുസ്ലിം ലീഗ് നേതാവ് കമറുദ്ദീൻ, താനിപ്പോൾ സ്ഥാനാർഥിയാണെന്നതു മറന്നു പല വേദികളിലും ഗായകനാകുന്നു.
പ്രൊഫഷണല്‍ യക്ഷഗാന കലാകാരനാണു സിപിഎം സ്ഥാനാർഥി ശങ്കര്‍ റൈ. തെരഞ്ഞെടുപ്പു വേദികളിലെല്ലാം അതു വീണ്ടും അവതരിപ്പിച്ചു ശ്രദ്ധ നേടിയിരിക്കുകയാണ് അദ്ദേഹം. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 113 ക്ഷേത്രങ്ങളില്‍ താന്ത്രിക കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നയാളാണ് ബിജെപി സ്ഥാനാര്‍ഥി രവീശതന്ത്രി കുണ്ടാര്‍.
ഗായകനാണോ യക്ഷഗാന കലാകാരനാണോ തന്ത്രിയാണോ കൂടുതല്‍ വോട്ട് നേടുന്നതില്‍ വിദ്യകള്‍ പ്രയോഗിക്കുക എന്നറിയാന്‍ 24 വരെ കാത്തിരിക്കണം. അട്ടിമറികള്‍ നടക്കുമെന്നു തന്നെയാണ് കണക്കുകൂട്ടലുകള്‍. മൂന്നു മുന്നണികള്‍ക്കും ഒരേ പോലെ ആത്മവിശ്വാസവും അതേപോലെ ആശങ്കയും നല്‍കിയാണ് മണ്ഡലം നിശബ്ദ പ്രചരണത്തിലേയ്ക്ക് നീങ്ങുന്നത്.
2016 നിയമസഭ
ആകെ വോട്ട് --------------------2,08,165
പോള്‍ ചെയ്ത വോട്ട് ----------------------1,58,884
പോളിങ് ശതമാനം---------------------76.33 %
പി.ബി. അബ്ദുള്‍ റസാഖ് (ലീഗ്) ------ 56,870 (35.70%)
കെ. സുരേന്ദ്രന് (ബിജെപി)---- 56,7781 (35.74%)
സി.എച്ച്. കുഞ്ഞമ്പു (സിപിഎം) ---- 42,565(26.75%)
ഭൂരിപക്ഷം-------89 വോട്ട്
2019 ലോക്സഭ
ആകെ വോട്ട്------------------------ 2,12,086
പോള്‍ ചെയ്ത വോട്ട് ------------------1,60934
പോളിങ് ശതമാനം -------------------75.88%
രാജ് മോഹന്‍ ഉണ്ണിത്താന് (കോണ്‍ഗ്രസ്) -------68,217 (42.39%)
രവീശ തന്ത്രി കുണ്ടാര്‍ (ബിജെപി) ---------57,104 (35.48%)
കെ.പി. സതീശ് ചന്ദ്രന് (സിപിഎം)-----------32796 (20.38%)
ഭൂരിപക്ഷം ---------------------------------------11,113 വോട്ട്
മണ്ഡലം ഒറ്റനോട്ടത്തില്‍
ആകെ വോട്ടര്‍മാര്‍ --------------------- 2,14,779
സ്ത്രീ ------------------------------------------1,06,928
പുരുഷന് --------------------------------------1,07,851
ഭിന്നശേഷിക്കാര്‍ ----------------------------1,240
പുതിയ വോട്ടര്‍മാര്‍ ------------------------- 2,883
ആകെ പോളിങ് ബൂത്ത് --------------------198
വെബ് കാസ്റ്റിങ് ബൂത്തുകള്‍ --------------20