കെ.ടി. ജലീലിനെതിരായ മാർക്ക് ദാന വിവാദത്തിൽ ഗവർണർ റിപ്പോർട്ട് തേടി
തിരുവനന്തപുരം:എംജി സർവകലാശാലയിലെ മാർക്ക് ദാന വിവാദ വിഷയത്തിൽ റിപ്പോർട്ട് തേടി കേരള ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ.
സർവകലാശാല വൈസ് ചാൻസിലറോടാണ് ഗവർണർ റിപ്പോർട്ട് തേടിയിരിക്കുന്നത്. മാർക്ക് ദാന വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മിലുള്ള ആരോപണ പോര് തുടരുന്നതിനിടെയാണിത്.
തനിക്കെതിരെ മന്ത്രി ഉന്നയിച്ച ആരോപണങ്ങൾ പ്രതിപക്ഷ നേതാവ് തള്ളി. ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. 2017ലെ യുപിഎസ്സി സിവിൽ സർവീസ് പരീക്ഷയും റാങ്കും പരിശോധിക്കണമെന്ന് കെ.ടി. ജലീൽ ആവശ്യപ്പെട്ടിരുന്നു.
രമേശ് ചെന്നിത്തലയുടെ മകനെ പരോക്ഷമായി പരിഹസിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രസ്താവന. എന്നാൽ മകനെതിരായ ആരോപണം തന്നെ അപമാനിക്കാനാണെന്നും സിവില്‍ സര്‍വീസ് പരീക്ഷാ നടപടികള്‍ ആരോടെങ്കിലും ചോദിച്ചറിയണമെന്നും ഇത്തരം ആരോപണങ്ങള്‍ കേട്ടാല്‍ പൊതുസമൂഹം ചിരിക്കുമെന്നും ചെന്നിത്തല.
എംജി സർവകലാശാല ഫെബ്രുവരിയിൽ നടത്തിയ അദാലത്തിൽ മന്ത്രി കെ.ടി. ജലീൽ ഇടപെട്ട് മാർക്കുദാനം നൽകിയെന്നാണു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. കോതമംഗലം കോളെജിലെ ബിടെക് വിദ്യാർഥി ആറാം സെമസ്റ്ററിലെ സപ്ലിമെന്ററി പരീക്ഷയിൽ ഒരു മാർക്കിനു പരാജയപ്പെട്ടിരുന്നു.
നാഷണൽ സർവീസ് സ്കീം അനുസരിച്ച് മാർക്ക് കൂട്ടി നൽകണമെന്ന ആവശ്യവുമായി വിദ്യാർഥി അദാലത്തിലെത്തി. എന്നാല്‍ ഒരിക്കൽ എൻഎസ്എസിന്റെ മാർക്ക് നല്കിയതിനാല് ഇത് അനുവദിക്കാനാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാൽ അദാലത്തില്‍ പങ്കെടുത്ത മന്ത്രി കെ.ടി.ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ നിർദേശ പ്രകാരം കുട്ടിക്ക് ഒരു മാര്‍ക്ക് കൂട്ടികൊടുക്കാന്‍ തീരുമാനിച്ചുവെന്നായിരുന്നു ചെന്നിത്തല ആരോപിച്ചത്.
അദാലത്തിലൂടെ മാര്‍ക്ക് കൂട്ടിനല്‍കി തോറ്റവരെ ജയിപ്പിക്കുന്ന മന്ത്രി കെ.ടി.ജലീലിനെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും മന്ത്രിസ്ഥാനത്ത് നിന്ന് രാജിവച്ച് അദ്ദേഹം അന്വേഷണം നേരിടണമെന്നുമായിരുന്നു ചെന്നിത്തലയുടെ ആവശ്യം.