അവയവ മാഫിയ പിന്നിലെന്ന്: വന്നേരി ബൈക്കപകടം ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
മലപ്പുറം:പെരുമ്പടപ്പില്‍ മൂന്നുവര്‍ഷം മുമ്പ് നടന്ന ബൈക്ക് അപകടത്തിൽ യുവാക്കൾ മരിച്ച സംഭവത്തിലെ ദുരൂഹതകള്‍ അഴിക്കാന്‍ ക്രൈംബ്രാഞ്ച് അന്വേഷണം.
കുട്ടികളുടെ മരണത്തിന് പിന്നില്‍ അവയവമാഫിയകളാണെന്ന് കുട്ടികളുടെ പിതാവ് ആരോപിച്ച് പരാതി നൽകിയതോടെയാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ഡിവൈഎസ്പി കെ.വി. അബ്ദുള്‍ഖാദറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. ഇന്നലെ സംഘം അപകട സ്ഥലം സന്ദര്‍ശിച്ചു.
2016 നവംബര്‍ 20-നാണ് പെരുമ്പടപ്പില്‍ ബൈക്ക് അപകടത്തില്‍ തൃശൂര്‍ ചാവക്കാട് സ്വദേശികളായ നജീബുദ്ദീന് (16), സുഹൃത്ത് വന്നേരി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്ന വന്നേരി കോരുവളപ്പില്‍ ഹനീഫയുടെ മകന് വാഹിദ് (16) എന്നിവര്‍ മരിച്ചത്.
വന്നേരി സ്കൂള്‍ ഗ്രൗണ്ടില്‍ ഫുട്ബോള്‍ മേള കാണാനെത്തിയ ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ട്. വാഹിദ് ആശുപത്രിയിലേക്കുള്ള വഴിയിലും നജീബുദ്ദീന് മൂന്നാംദിവസവും മരിക്കുകയായിരുന്നു.
നജീബിന്റെ പിതാവ് മൂത്തേടത്ത് ഉസ്മാന് ഇത് അപകടമരണമല്ലെന്നും ഇതിനു പിന്നില്‍ അവയവമാഫിയകളാണെന്നും ആരോപിച്ച് രംഗത്ത് വരുകയും പുനരന്വേഷണം നടത്തണമെന്നും ആവശ്യപ്പെടുകയുമായിരുന്നു. പുനരന്വേഷണം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് തനിക്കെതിരേ വധശ്രമമുണ്ടായെന്നും പിതാവ് ആരോപണം ഉന്നയിച്ചിരുന്നു.
അപകടസമയത്ത് നജീബുദ്ദീന്റെ മുഖത്തുമാത്രമാണ് മുറിവുണ്ടായിരുന്നതെന്നും മരണത്തിനുശേഷമെടുത്ത ചിത്രങ്ങളില്‍ ശരീരത്തില്‍ പലയിടങ്ങളിലും ശസ്ത്രക്രിയ നടത്തിയ പാടുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഇവരെ ആശുപത്രിയിലെത്തിച്ചവരെക്കുറിച്ച് ഒരു വിവരവുമില്ല. ഇതുസംബന്ധിച്ച രേഖകളും മറ്റും ശേഖരിച്ച് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും അദ്ദേഹം പരാതിനല്‍കിയിരുന്നു. അന്വേഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് അന്വേഷണ സംഘം പറയുന്നത്.