ശരിദൂരം സാമൂഹ്യ നീതിക്കുവേണ്ടി; കാനത്തിന് മറുപടിയുമായി എൻഎസ്എസ്
ചങ്ങനാശേരി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എന്‍എസ്എസിന്റെ മറുപടി. ശരിദൂര നിലപാട് സാമൂഹ്യ നീതിക്കു വേണ്ടിയാണ്. എന്തെങ്കിലും സ്ഥാനമാനങ്ങള്‍ക്കോ വഴിവിട്ടുള്ള ആനുകൂല്യങ്ങള്‍ക്കോ വേണ്ടിയല്ല. നേതൃത്വം പറയുന്നത് സമുദായാംഗങ്ങള്‍ പാലിക്കില്ലെന്ന് ചിലര്‍ പറയുന്നു. ഇത് സമുദായാംഗങ്ങള്‍ തന്നെ പുച്ഛിച്ചുതള്ളുമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.
തിരുവനന്തപുരത്ത് ആരെങ്കിലും പറയുന്നതല്ല എന്‍എസ്എസ് നിലപാടെന്ന് കാനം രാജേന്ദ്രന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിശ്വാസവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാത്രമാണ് അഭിപ്രായ വ്യത്യാസമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ വാക്കുകള്‍ക്ക് മാത്രമാണ് വിലനല്‍കുന്നതെന്നും കാനം രാജേന്ദ്രന് തിരുവനന്തപുരത്ത് പറഞ്ഞിരുന്നു.
എൻഎസ്എസിന്റെ പ്രസ്താവനയുടെ പൂർണരൂപം:
എന്‍.എസ്.എസ്. രാഷ്ട്രീയമായി സമദൂരത്തില്‍നിന്നും ശരിദൂരത്തിലേക്ക് പോകാന്‍ കാരണം ശബരിമല യുവതീ പ്രവേശനം സംബന്ധിച്ചുള്ള പ്രശ്നം മാത്രമാണെന്നു വരുത്തിത്തീര്‍ക്കാനുള്ള പ്രചാരണമാണ് ഇപ്പോള്‍ ചിലരുടെ ഭാഗത്തുനിന്നും നടന്നുവരുന്നത്. വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകള് വിശ്വാസികള്‍ക്ക് അനുകൂലമായ നടപടികള്‍ സ്വീകരിച്ചില്ല എന്നുള്ളതു തന്നെയാണ് ശരിദൂരത്തിന്റെ പ്രധാന കാരണം.
ഇടതുപക്ഷ ഗവണ്മെന്റാകട്ടെ, ഈശ്വര വിശ്വാസം ഇല്ലാതാക്കുവാന്‍ വിശ്വാസികള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും എതിരായി നിലകൊള്ളുകമാത്രമല്ല, നവോത്ഥാനത്തിന്റെ പേരില്‍ ജനങ്ങളില്‍ വിഭാഗീയത വളര്‍ത്തിയും, ജാതി-മതചിന്തകള്‍ ഉണര്‍ത്തിയും മുന്നാക്ക-പിന്നാക്ക ചേരിതിരിവുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുന്നതിനെയും എന്‍.എസ്.എസ്. എതിര്‍ക്കുന്നു. ഒരു വിഭാഗത്തെ താലോലിക്കുകയും അവരെ പ്രീതിപ്പെടുത്താന്‍ മുന്നാക്ക വിഭാഗത്തെമാത്രം ബോധപൂര്‍വമായി അവഗണിക്കുകയുമാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്.
മുന്നാക്ക വിഭാഗങ്ങള്‍ക്കും അവരില്‍ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവര്‍ക്കും ലഭിച്ചു വന്നിരുന്ന ആനുകൂല്യങ്ങളെല്ലാം ഈ സര്‍ക്കാര്‍ തടഞ്ഞു വച്ചിരിക്കുന്ന കാര്യം പലതവണ അക്കമിട്ടു നിരത്തിയിട്ടുള്ളതാണ്. അതിനൊന്നും മറുപടി പറയാതെയും പരിഹാരം ഉണ്ടാക്കാതെയും എന്‍.എസ്.എസ്സിന്റെ നിലപാടിനെ നിസ്സാരമാക്കി തള്ളിക്കളഞ്ഞാല്‍ ജനങ്ങള്‍ അതേപടി ഉള്‍ക്കൊള്ളുമെന്ന് ആരും വ്യാമോഹിക്കേണ്ട.
എന്‍.എസ്.എസ്. നേതൃത്വം പറഞ്ഞാല്‍ നായർ സമുദായാംഗങ്ങള്‍ അനുസരിക്കില്ല എന്ന് മുമ്പും പല നേതാക്കളും പറഞ്ഞു കേട്ടിട്ടുണ്ട്. എന്‍.എസ്.എസ്സിനെ സ്നേഹിക്കുന്ന സമുദായാംഗങ്ങള്‍ എക്കാലവും അതിനെ പുച്ഛിച്ചു തള്ളിയിട്ടേയുള്ളു.
സാമൂഹ്യനീതിക്കു വേണ്ടിയാണ് ഈ വരുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എന്‍.എസ്.എസ്. ശരിദൂരം സ്വീകരിച്ചിരിക്കുന്നത്; സംസ്ഥാന സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി എന്തെങ്കിലും സ്ഥാനമാനങ്ങള്‍ക്കോ വഴിവിട്ടുള്ള ആനുകൂല്യങ്ങള്‍ക്കോ വേണ്ടിയല്ല എന്നുള്ള കാര്യം രാഷ്ട്രീയ നേതൃത്വങ്ങള്‍ മനസ്സിലാക്കണം.