പ്രധാനമന്ത്രിയുടെ ബന്ധുവിനെ കൊള്ളയടിച്ച പ്രതികളെ പിടികൂടി ഡൽഹി പൊലീസ്
ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബന്ധുവിനെ കൊള്ളയടിച്ച പ്രതികളെ പിടിച്ച് ഡൽഹി പൊലീസ്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് രണ്ടു പ്രതികളെ പൊലീസ് പിടികൂടിയത്.
പൊലീസ് കവർച്ചക്കാരിൽനിന്ന് 56,000 രൂപയും രണ്ട് മൊബൈൽ ഫോണുകളും രേഖകളും കണ്ടെടുത്തു. കവർച്ചയ്ക്കായി ഉപയോഗിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കവർച്ച ചെയ്യപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബന്ധുവാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഡൽഹി പൊലീസ്.
മോദിയുടെ സഹോദരപുത്രി ദമയന്തി ബെൻ പട്ടേൽ നൽകിയ പരാതിയിൽ പ്രധാനമന്ത്രിയുമായുള്ള ബന്ധത്തെ സംബന്ധിച്ച് പരാമർശിച്ചിരുന്നില്ലെന്നും പൊലീസ്. വിഐപി കുടുംബത്തിൽ പെട്ടയാളാണെന്ന് പരാതിയിൽ പറഞ്ഞിരുന്നില്ല. സാധാരണ പരാതിയുമായാണ് അവർ തങ്ങളെ സമീപിച്ചത്. തങ്ങൾ കേസെടുക്കുകയും പ്രാഥമിക അന്വേഷണം ആരംഭിക്കുകയും ചെയ്യുകയുമായിരുന്നെന്ന് ഡൽഹി നോർത്ത് ഡിസിപി മോണിക ഭരദ്വാജ് പറഞ്ഞു.
മോദിയുടെ സഹോദരൻ പ്രഹ്ളാദ് മോദിയുടെ മകളാണ് ദമയന്തി ബെൻ പട്ടേൽ. ഇവരുടെ പരാതിയിൽ പൊലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തത്. അമൃത്സറിൽ നിന്ന് ശനിയാഴ്ച രാവിലെ 7.00 ന് ആണ് ദമയന്തി ഡൽഹിയിൽ എത്തിയത്.
ഡൽഹി സിവിൽ ലൈൻസിലുള്ള ഗുജറാത്തി സമാജ് ഭവനു മുന്നിൽവച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം ദമയന്തിയുടെ ബാഗും പണവും കവർന്നു. ഓട്ടൊറിക്ഷയിൽ ഭവന്റെ ഗേറ്റിലേക്കെത്തിയപ്പോഴായിരുന്നു ബൈക്കി ലെത്തിയ മോഷ്ടാക്കൾ ഇവരുടെ ബാഗ് തട്ടിപ്പറിച്ച് കടന്നു കളഞ്ഞത്.
ബാഗിൽ 56,000 രൂപയും രണ്ടു മൊബൈൽ ഫോണും വിലപ്പെട്ട രേഖകളും ഉണ്ടായിരുന്നു. വൈകുന്നേരം ഡൽഹിയിൽനിന്നു മടങ്ങാനുള്ള വിമാന ടിക്കറ്റിന്റെ രേഖകളും ബാഗിലായിരുന്നു. പ്രതികളിൽനിന്നും പൊലീസ് യാത്രാ രേഖകൾ വീണ്ടെടുത്ത് ദമയന്തിക്ക് നൽകി. വൈകുന്നേരത്തോടെ ഇവർ അഹമ്മദാബാദിന് വിമാനം കയറി.