ജോളിയെ സഹായിച്ചെന്ന് ആരോപണം; സി.പി.എം ലോക്കല്‍ സെക്രട്ടറിയെ പുറത്താക്കി
കോഴിക്കോട്: കൂടത്തായിലെ കൂട്ടക്കൊലപാതകങ്ങളിൽ അറസ്റ്റിലായ ജോളിയുമായുള്ള ബന്ധം തെളിഞ്ഞതിനെ തുടർന്ന് സി.പി.എം കട്ടാങ്ങല്‍ ലോക്കല്‍ സെക്രട്ടറി കെ. മനോജിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. ജോളിയും മനോജുമായുള്ള പണമിടപാട് രേഖകള്‍ കണ്ടെടുത്തിരുന്നു. മനോജ് പാര്‍ട്ടിയുടെ സല്‍പേരിന് കളങ്കമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി നടപടിയെടുത്തത്. ഇതിനിടെ ക്രൈംബ്രാഞ്ച് മനോജിന്റെ മൊഴിയെടുത്തു. വിശദമായ ചോദ്യംചെയ്യല്‍ പിന്നീടുണ്ടാകും.
എന്നാല്‍ പാര്‍ട്ടി നടപടിയെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും കേസിനെ കുറിച്ച് കൂടുതല്‍ അറിയില്ലെന്നുമാണ് മനോജ് ഒരു ചാനലിനോട് പ്രതികരിച്ചത്. വ്യാജ ഒസ്യത്തില്‍ ഒരു സാക്ഷിയായി ഒപ്പിട്ടിരിക്കുന്നത് മനോജാണെന്നായിരുന്നു ആരോപണം. ഇതിനായി ഒരു ലക്ഷം രൂപ ജോളി ഇയാള്‍ക്ക് നല്‍കിയെന്നാണ് സൂചന. ഒരുലക്ഷം രൂപ കൈമാറാന്‍ ഉപയോഗിച്ച ചെക്ക് അടക്കമുള്ള രേഖകള്‍ അന്വേഷണസംഘം ഇതിനോടകം ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ താൻ ഒപ്പു വച്ചത് വില്‍പ്പത്രത്തിലല്ല, ഒരു ഭൂമി കൈമാറ്റ രേഖയിലാണെന്നാണ് മനോജ് സുഹൃത്തുക്കൾക്ക് നൽകിയ വിശദീകരണം.
ലീഗ് നേതാവിനെതിരെയും ആരോപണം
ജോളിയുടെ സമീപവാസിയും വീട്ടിലെ നിത്യസന്ദര്‍ശകനുമായ ഒരു ലീഗ് നേതാവാണ് വ്യാജ വില്പത്രം തഹസില്‍ദാരുമായി ബന്ധപ്പെട്ട് സ്വത്തുക്കള്‍ ജോളിയുടെ പേരില്‍ മാറ്റിയെഴുത്താന്‍ സഹായിച്ചതെന്നാണ് സൂചന. ഇയാളും ജോളിയും ബാങ്കില്‍ പോയി പണമിടപാട് നടത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. സ്വത്തുകള്‍ വ്യാജവില്‍പത്രം വച്ച് മാറ്റിയെഴുതിയതായി അറിഞ്ഞ റോയ് മാത്യുവിന്റെ സഹോദരന് റോജോ രേഖകള്‍ ആവശ്യപ്പെട്ട് പലവട്ടം പഞ്ചായത്ത് ഓഫീസില്‍ കയറി ഇറങ്ങിയെങ്കിലും മുസ്ലീം ലീഗ് നേതാവ് വഴി ജോളി നടത്തിയ നീക്കത്തെ തുടര്‍ന്ന് റോജോയ്ക്ക് രേഖകള്‍ ലഭിച്ചില്ലെന്നാണ് ആരോപണം. കോഴിക്കോട് സ്വദേശിയായ ഒരു വനിതാ തഹസില്‍ദാറാണ് വ്യാജവില്‍പത്രം ആധാരപ്പെടുത്തി സ്വത്തുക്കള്‍ ജോളിയുടെ പേരിലാക്കി നല്‍കിയത്. കൂടത്തായി പഞ്ചായത്തിലെ രണ്ട് ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ ഇടപെട്ടു.
ഷാജുവിനെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു
കൂടത്തായി കൂട്ടകൊലപാതക കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു. വടകര റൂറൽ എസ്പി ഓഫീസിലെത്തിച്ച ഷാജുവിനെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് വിട്ടയച്ചത്. കൊലപാതകങ്ങളുമായി ഷാജുവിനെ ബന്ധിപ്പിക്കാനുള്ള ശക്തമായ തെളിവ് ഇപ്പോൾ ഇല്ലാത്തതിനാലാണ് വിട്ടയച്ചതെന്ന് പൊലീസ് പറയുന്നു.
നേരത്തെ ഷാജുവിനെയും ജോളിയേയും ഒന്നിച്ചിരുത്തി പൊലീസ് ചോദ്യം ചെയ്തിരുന്നു. ഈ മൊഴികളിൽ വ്യക്തത വരുത്തുന്നതിനാണ് തിങ്കളാഴ്ച ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. എല്ലാ മൊഴികളും റെക്കോര്‍ഡ് ചെയ്തു. മൊഴികള്‍ വിലയിരുത്തിയശേഷം തുടര്‍നടപടിയെടുക്കും.