ഫ്ലാറ്റിലെ ആത്മഹത്യകൾക്ക് യുവതിയുടെ കൊലപാതകവുമായി ബന്ധമെന്നു സംശയം
കൊച്ചി: ആറു മാസം മുൻപ് ആലുവ പെരിയാർ കടവിൽ യുവതി കൊല്ലപ്പെട്ടതിനും കഴിഞ്ഞ മാസം ആലുവയിലെ ഫ്ലാറ്റിൽ യുവതിയും യുവാവും ജീവനൊടുക്കിയതിനും തമ്മിൽ ബന്ധമുണ്ടെന്നു സൂചന. ഫെബ്രുവരി 12നാണ് ആലുവ യുസി കോളെജിന് സമീപം സെമിനാരി കടവിൽ പുതപ്പിൽ പൊതിഞ്ഞു കല്ലുകൊണ്ടു കെട്ടിത്താഴ്ത്തിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങൾ പഴക്കമുള്ളതിനാൽ മുഖം അഴുകിയ നിലയിലായിരുന്നു. ഏഴു മാസം പിന്നിട്ടിട്ടും യുവതിയെയും കൊലപാതികകളെയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
ഈ കേസിൽ അന്വേഷണം ഏതാണ്ടു നിലച്ച ഘട്ടത്തിലാണു പുതിയ സൂചനകൾ കിട്ടിയത്. കഴിഞ്ഞ 28നാണ് ആലുവ തോട്ടയ്ക്കാട്ടുകര അക്കാട്ട് ലെയ്നിലെ ഫ്ലാറ്റിൽ പാലക്കാട് സ്വദേശി രമേശ് (33), തൃശൂർ സ്വദേശിനി മോനിഷ (25) എന്നിവരുടെ മൂന്നു ദിവസം പഴക്കമുള്ള മൃതദേഹങ്ങൾ കണ്ടത്. കൊലപാതകമാണെന്നു സംശയം ഉയർന്നെങ്കിലും പൊലീസ് സർജൻ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ആത്മഹത്യയാണെന്നു സ്ഥിരീകരിച്ചു.
ആത്മഹത്യയ്ക്കു പിന്നിലെ കാരണം എന്താണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ആലുവ പൊലീസ് നടത്തുന്ന അന്വേഷണത്തിലാണ് സെമിനാരി കടവിലെ കൊലപാതകത്തിനും ഫ്ലാറ്റിൽ മരിച്ചവർക്കും തമ്മിൽ ബന്ധമുണ്ടെന്ന സംശയം ഉയർന്നിരിക്കുത്.
യുവതിയുടെ മരണത്തിനു ശേഷം വീടുമാറി
സെമിനാരി കടവിനു സമീപം പെരിയാറിന്റെ തീരത്താണു മോനിഷയും രമേശും മുൻപു താമസിച്ചതെന്ന സുപ്രധാന കണ്ടെത്തലാണു സംശയങ്ങൾക്കിട നൽകിയത്. ആത്മഹത്യയുമായി ബന്ധപ്പെട്ടു തുടരുന്ന അന്വേഷണത്തിലാണ് ഇവരുടെ ആദ്യ താമസ സ്ഥലം തിരിച്ചറിഞ്ഞത്. കടവിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി ദിവസങ്ങൾക്കകം മോനിഷയും സംഘവും അവിടെ നിന്നും താമസം മാറ്റി.
വീഡിയോ എഡിറ്റിങിന് എന്ന പേരിലാണ് ആലുവ മണപ്പുറത്തിന് സമീപം തോട്ടയ്ക്കാട്ടുകരയിലെ ഫ്ലാറ്റിൽ വാടകയ്ക്ക് മുറി എടുത്തത്. മോനിഷയ്ക്കൊപ്പം സഹായികളെന്ന പേരിലാണ് രമേശും കോട്ടയം സ്വദേശിയായ ഷിബുവും തങ്ങിയത്. മോനിഷയുടെ ഭർത്താവ് സതീഷ് വീട് വാടകയ്ക്ക് എടുക്കാനും വാടകച്ചീട്ടിൽ ഒപ്പിടാനും മാത്രമാണ് ഒരു തവണ വന്നത്. മോനിഷയും രമേശും വാനിലും സ്കൂട്ടറിലും പോകുന്നതും വരുന്നതും പതിവായിരുന്നെങ്കിലും ഇവരുടെ ജോലിയെ കുറിച്ചു ഫ്ലാറ്റുടമയ്ക്കോ, പരിസര വാസികൾക്കോ പിടിയില്ല.
യുവതിയുടെ മരണം കൊലപാതകം
സെമിനാരി കടവിലേതു കൊലപാതകമാണെന്നു പൊലീസ് സ്ഥിരീകരിച്ചിരുന്നു. സെമിനാരിയിലെ വിദ്യാർഥികൾ വൈകുന്നേരം കടവിൽ കുളിക്കാൻ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. മറ്റെവിടയോ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി പുതപ്പിൽ പൊതിഞ്ഞു പെരിയാറിൽ തട്ടുകയായിരുന്നു. പെൺവാണിഭ സംഘങ്ങളെയും ഐടി മേഖലയും കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം നടത്തിയെങ്കിലും തുമ്പു കിട്ടിയില്ല.
യുവതിയുടെ വസ്ത്രധാരണം പിന്തുടർന്ന് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പച്ച ത്രീഫോർത്ത് ലോവറും നീല ടോപ്പുമായിരുന്നു വസ്ത്രധാരണം. ഇതിനിടെ പുതപ്പു കെട്ടാൻ ഉപയോഗിച്ച പ്ലാസ്റ്റിക് കയർ കളമശേരിയിലെ ഒരു കടയിൽ നിന്നും വാങ്ങിയതാണെന്നു പൊലീസ് കണ്ടെത്തി. കാറിലെത്തിയ ഒരു യുവാവും യുവതിയുമാണ് റോപ്പ് വാങ്ങിയതെന്നു കടയുടമ മൊഴി നൽകിയിരുന്നു. ഈ വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു.
താമസം മാറ്റിയതും ഫെബ്രുവരിയിൽ
യുവതിയേയും കൊലയാളികളെയും തിരിച്ചറിയാൻ ആലുവ പൊലീസ് അന്വേഷണം തുടരുന്ന സമയത്താണ് മോനിഷ ആലുവ മണപ്പുറത്തിന് സമീപമുള്ള ഫ്ലാറ്റുടമ ഇക്ബാലിനെ സമീപിക്കുന്നത്. കുടുംബമായി താമസിക്കുന്നവർക്കു മാത്രമേ വീടു നൽകൂ എന്നു പറഞ്ഞതിനെ തുടർന്ന് ഒരാഴ്ച കഴിഞ്ഞു ഭർത്താവ് സതീശനുമായി തിരിച്ചെത്തി.
വീട് നൽകാമെന്ന് ഇക്ബാൽ സമ്മതിച്ചതോടെ രണ്ടു സഹായികൾ കൂടി ഒപ്പമുണ്ടാകുമെന്ന് അറിയിച്ചു. ഫ്ലാറ്റുടമ വിസമ്മതിച്ചപ്പോൾ അവരുടെ പേരു കൂടി ഉൾപ്പെടുത്തി വാടക ചീട്ട് എഴുതാൻ ധാരണയായി. അതിനു ശേഷം ഒരിക്കൽ പോലും ഭർത്താവ് സതീശ് ഇവിടെ വന്നിട്ടില്ല. ഭാര്യ മരിച്ചതായി പൊലീസ് അറിയിച്ചതിനെ തുടർന്നു കഴിഞ്ഞ 28നാണു വീണ്ടുമെത്തിയത്. മരിച്ചവർക്ക് സെക്സ് റാക്കറ്റുകളുമായി ബന്ധമുണ്ടോ എന്നതുൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്. ഫ്ലാറ്റിൽ നിന്നും ആത്മഹത്യാ കുറിപ്പോ, മരണത്തിലേക്ക് വെളിച്ചം വീശുന്ന മറ്റു സൂചനകളോ പൊലീസിന് ലഭിച്ചിട്ടില്ല.