4 വർഷം, ആറ് കൊലപാതകങ്ങൾ ? ഞെട്ടിത്തരിച്ച് കേരളം
കോഴിക്കോട് താമരശേരിയ്ക്ക് അടുത്ത് കൂടത്തായിയിൽ ഒരേ കുടുംബത്തിലെ ആറ് പേർ സമാനസാഹചര്യത്തിൽ മരണമടഞ്ഞതിന്റെ ഞെട്ടലിലാണിപ്പോൾ കേരളം.14 വർഷത്തെ ഇടവേളകളിലായി കൃത്യമായി നടത്തിയ ആസൂത്രിത കൊലപാതകമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. സംഭവത്തിന് പിന്നിൽ ജോളിയെന്ന യുവതിയാണ് സംശയത്തിന്റെ നിഴലിലുള്ളത്. ഇവരടക്കം നാലു പേർ സംഭവവുമായി ബന്ധപ്പെട്ടിപ്പോൾ കസ്റ്റഡിയിലാണ്.
ആരാണ് ജോളി...
ഇടുക്കി കട്ടപ്പന സ്വദേശിനിയാണ് നാൽപ്പത്തിയാറുകാരിയായ ജോളി. പൊന്നാമറ്റം ടോം തോമസിന്റെയും അന്നമ്മയുടെയും നാലു മക്കളിൽ മൂത്തയാളായ റോയ് തോമസിന്റെ ഭാര്യയായിരുന്നു ഇവർ. അന്നമ്മയുടെ സഹോദരന്റെ ഭാര്യയുടെ അടുത്ത ബന്ധു. ഇപ്പോൾ ടോം തോമസിന്റെ സഹോദരൻ സക്കറിയയുടെ മകൻ ഷാജുവിന്റെ ഭാര്യ.
കൂടത്തായിയിലെ ആറു പേരുടെ മരണത്തിലും ജോളിയുടെ സാമീപ്യമുണ്ടായിരുന്നു. ടോം തോമസ്, റോയ്, മാത്യു എന്നിവർ കുഴഞ്ഞു വീണത് നാട്ടുകാരെ അറിയിച്ചത് ജോളിയായിരുന്നു. സിലി കുഴഞ്ഞു വീണത് ജോളിയുടെ മടിയിലേക്കായിരുന്നു. മുക്കത്ത് ഒരു ബ്യൂട്ടി പാർലറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയായിരുന്നു ഇവർ.
റോയിയുടെ സഹോദരൻ റോജോ അമെരിക്കയിൽ നിന്നും നാട്ടിലെത്തിയെപ്പോഴേക്കും ടോം തോമസിന്റെ പേരിലുള്ള സ്വത്തുക്കളെല്ലാം ജോളിയുടെ പേരിലായിരുന്നു. ഒസ്യത്ത് എഴുതിവച്ചിരുന്നുവെന്ന് ജോളി പറഞ്ഞുവെങ്കിലും റോജോ വിശ്വസിച്ചില്ല. റവന്യൂ അധികൃതർക്ക് പരാതി നൽകി. അന്വേഷണത്തിൽ ഒസ്യത്ത് വ്യാജമായിരുന്നുവെന്ന് തെളിഞ്ഞു. അതോടെ ഒസ്യത്ത് റദ്ദായി. ആറു മരണങ്ങൾക്കു ശേഷം ജോളിയും സിലിയുടെ മുൻ ഭർത്താവ് ഷാജുവും വിവാഹിതരായി.
കൂട്ടമരണത്തിന്റെ ചുരുളഴിയുന്നു...
കഴിഞ്ഞ മാസമാണ് കൊല്ലപ്പെട്ട റോയിയുടെ സഹോദരൻ റോജോ നാട്ടിലെത്തിയത്. ഇദ്ദേഹം അമെരിക്കയിലായിരുന്നു. താമരശേരി പൊലീസിൽ നിന്ന് വിവരാവകാശ രേഖയെടുത്ത് റോജോ ഈ മരണങ്ങളുടെയെല്ലാം വിശദാംശങ്ങളെടുത്തു. പിന്നീട് ഈ വിവരങ്ങളെല്ലാം ചേർത്ത് റൂറൽ എസ്പിക്ക് റോജോ പരാതി നൽകി.
ആദ്യം ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന സംശയങ്ങളെല്ലാം വെറും സ്വത്ത് തർക്കമാണെന്നാണ് പൊലീസ് കരുതിയിരുന്നത്. എന്നാൽ വടകര എസ്പിയായി കെ.ജി സൈമൺ ചാർജെടുത്ത ശേഷമാണ് അന്വേഷണം വീണ്ടും സജീവമായത്. ഡിവൈഎസ്പി ഹരിദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേസിൽ വിശദമായ അന്വേഷണം നടത്തി. ഓരോ തെളിവും കൂട്ടിച്ചേർത്ത് വച്ചു. ശാസ്ത്രീയമായി കല്ലറകൾ തുറന്ന് മൃതദേഹാവശിഷ്ടങ്ങൾ ഓരോന്നായി പുറത്തെടുത്തു. വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് നൽകി.
കൂടത്തായി മരണപരമ്പരയുടെ നാൾവഴി...
2002 മുതൽ 2016 വരെയുള്ള കാലയളവിലാണ് ഒരു കുടുംബത്തിലെ ആറു പേർ ഒരേസാഹചര്യത്തിൽ മരിച്ചത്. കൂടത്തായിയിലെ റിട്ട.അധ്യാപികയായ അന്നമ്മ തോമസാണ് 2002 ഓഗസ്റ്റ് 22-ന് ആദ്യം മരിച്ചത്. ആട്ടിൻസൂപ്പ് കഴിച്ചതിന് പിന്നാലെ ഇവർ കുഴഞ്ഞുവീഴുകയായിരുന്നു. ആറു വർഷത്തിനു ശേഷം അന്നമ്മയുടെ ഭർത്താവ് ടോം തോമസും ഇതിനു മൂന്നുവർഷത്തിന് ശേഷം ഇവരുടെ മകൻ റോയ് തോമസും മരിച്ചു.
2014 ഏപ്രിൽ 24-ന് അന്നമ്മയുടെ സഹോദരനും അയൽവാസിയുമായ എം.എം. മാത്യുവും സമാനസാഹചര്യത്തിൽ മരിച്ചു. ഇതേവർഷം മെയ് ഒന്നിന് ടോം തോമസിന്റെ സഹോദരന്റെ മകൻ ഷാജുവിന്റെ ഒരു വയസുള്ള മകൾ അൽഫൈനയും ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. 2016 ജനുവരി 11-നാണ് അവസാനമരണം സംഭവിക്കുന്നത്. ഷാജുവിന്റെ ഭാര്യ സിലിയാണ് അന്ന് മരിച്ചത്.