ആറ് മരണത്തിൽ ദുരൂഹത: കല്ലറ തുറന്ന് പരിശോധിക്കും
കോഴിക്കോട്: ഒരു കുടുംബത്തിലെ ആറ് പേരുടെ ദുരൂഹമരണത്തിന്റെ ചുരുളഴിക്കാനായി ഒന്നര പതിറ്റാണ്ടിന് ശേഷം ക്രൈംബ്രാഞ്ച് കല്ലറ തുറന്ന് പരിശോധിക്കുന്നു. വർഷങ്ങളുടെ ഇടവേളകളിലായി ആറു മരണങ്ങളിലും സമാനതകൾ ഉണ്ടെന്ന സംശയത്തെ തുടർന്നാണ് പരിശോധന നടത്തുന്നത്. നാളെയാണ് കൂടത്തായിയിൽ കല്ലറ തുറന്ന് ഫോറന്‍സിക് വിഭാഗം പരിശോധന നടത്തുക.
കോഴിക്കോട് ജില്ലയിലെ ടത്തായിയില് 2002നും 2016നും ഇടയില്‍ നടന്ന ആറു മരണങ്ങളിലാണ് ദുരൂഹതയുള്ളത്. കൂടത്തായി ടോം തോമസ്, ഭാര്യ അന്നമ്മ, മകന് റോയ് തോമസ്, എന്നിവരും ഇവരുടെ ബന്ധുക്കളായ മറ്റ് മൂന്നുപേരുമാണ് സമാനരീതിയില്‍ മരിച്ചുവെന്നതാണ് ദുരൂഹതയുയർത്തുന്നത്.
ആറുപേരും വര്‍ഷങ്ങളുടെ ഇടവേളയില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മരണങ്ങളില്‍ സംശയമുണ്ടെന്നും ഇതിലെ ദുരൂഹത നീക്കണമെന്നും ആവശ്യപ്പെട്ട് ബന്ധു നൽകിയ പരാതിയാണ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങുന്നത്.
2002ല്‍ ടോം തോമസിന്റെ ഭാര്യ അന്നമ്മയാണ് ആദ്യം മരിക്കുന്നത്. 2008ല്‍ ടോം തോമസും 2011 ല്‍ ടോം തോമസിന്റെ മകന് റോയ് തോമസും മരണപ്പെട്ടു. 2014ല്‍ അന്നമ്മയുടെ സഹേദരനായ മാത്യു മഞ്ചാടിയിലും മരിച്ചു. ഇവരുടെ ബന്ധുവായ കോടഞ്ചേരി സ്വദേശിനിയും ഒരു കുഞ്ഞും 2016ല്‍ മരിച്ചു. മരിച്ച ആറുപേരില്‍ നാലുപേരുടെ മൃതദേഹം അടക്കിയ കൂടത്തായി ലൂര്‍ദ്ദ് മാതാ പള്ളിയിലെ കല്ലറകളാണ് ആദ്യം പരിശോധിക്കുന്നത്.
നാളെ രാവിലെ ഒന്‍പതരയ്ക്കാണ് കല്ലറ തുറന്ന് ഫോറന്‍സിക് വിഭാഗം പരിശോധന നടത്തുന്നത്. മണ്ണില്‍ ദ്രവിക്കാതെയുള്ള എല്ലിന് കഷ്ണങ്ങള്‍, പല്ലുകൾ എന്നിവയാണ് പരിശോധിക്കുകയാണ് ലക്ഷ്യം.
ആറുപേരും കുഴഞ്ഞുവീണായിരുന്നു മരിച്ചത്.
ഹൃദയാഘാതമാണ് എല്ലാവരുടെയും മരണത്തിനു കാരണമെന്നായിരുന്നു കുടുംബാംഗങ്ങള്‍ കരുതിയിരുന്നത്. പിന്നീട് മരണങ്ങളില്‍ ദുരൂഹത തോന്നിയതോടെയാണ് ബന്ധു അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തുന്നത്.
നാലുപേരുടെ മൃതദേഹങ്ങൾ സംസ്ക്കരിച്ച കല്ലറകളാണ് ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കുകയാണ് ക്രൈംബ്രാഞ്ച്. പിന്നീട് ആവശ്യമെങ്കില്‍ മറ്റു രണ്ടു പേരുടെ മൃതദേഹവും പരിശോധിക്കും. ഫോറന്‍സിക് പരിശോധനയോടെ മരണങ്ങളിലെ ദുരൂഹത നീക്കാനാകുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്.